05:57am 15 November 2026
NEWS
പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ദേവലോകത്തേക്ക് സ്വാ​ഗതം മലങ്കരസഭ.പ്രശ്നബാധിത പള്ളികളിലേക്ക് പോകുന്നതിന് പകരം സമാധാനത്തിന്റെ പാത സ്വീകരിക്കണം
14/11/2026  06:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് ദേവലോകത്തേക്ക് സ്വാ​ഗതം മലങ്കരസഭ.പ്രശ്നബാധിത പള്ളികളിലേക്ക് പോകുന്നതിന് പകരം സമാധാനത്തിന്റെ പാത സ്വീകരിക്കണം

കോട്ടയം : പരിശുദ്ധ പാത്രിയർക്കീസ് ബാവായെ സഭാ ആസ്ഥാനമായ ദേവലോകത്തേക്ക് ക്ഷണിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. പാത്രിയർക്കീസ് ബാവായ്ക്കായി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിടുന്നു. പാത്രിയർക്കീസ് ബാവായും പൗരസ്ത്യ കാതോലിക്കാ ബാവായും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്താൽ പ്രശ്നങ്ങൾ തീരുമെങ്കിൽ അതിനെ സന്തോഷത്തോടെ കാണുന്നുവെന്ന് സഭാ മാധ്യമവിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ​ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിന് പകരം പ്രശ്നബാധിത പള്ളികളിലേക്ക് പോകാനൊരുങ്ങുന്നത് വീണ്ടും സംഘർഷങ്ങൾക്ക് കാരണമാകും. ഇരു കൂട്ടർക്കിടയിലും മുറിവുകളും വേദനകളും ഉണ്ടായിട്ടുണ്ട്. മുറിവുകളുണക്കി ശാശ്വാതസമാധാനം പുലരണമെന്നതാണ് സഭയുടെ സ്വപ്നം. മാർത്തോമ്മാ ശ്ലീഹാ സ്ഥാപിച്ച മലങ്കരസഭയിൽ യോജിപ്പുണ്ടാകണമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രസ്താവനയെ ജനം കൈയ്യടിയോടെയാണ് സ്വീകരിച്ചത്. എന്നാൽ വേദിയിലിരുന്ന സഭാനേതാക്കൾ അതിനോട് ക്രിയാത്മകമായി പ്രതികരിച്ചില്ല. മലങ്കരസഭയുടെ എക്കാലത്തെയും നിലപാട് പ്രസം​ഗത്തിൽ ആവർത്തിച്ച മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും, നടൻ മമ്മൂട്ടിയും സ്വീകരിച്ച നിലപാടും പ്രശംസനീയമാണെന്ന് മെത്രാപ്പോലീത്താ പ്രതികരിച്ചു.

സിറിയയുടെ സുസ്ഥിരശാന്തിക്ക് ആ രാജ്യത്തിന് ഭരണഘടനയുണ്ടാകണമെന്നാണ് പരിശുദ്ധ പാത്രിയർക്കീസ് ബാവാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ആ വ്യക്തിക്ക് ഇന്ത്യാ രാജ്യത്തിന്റെ നിയമവും പാലിക്കുവാനുള്ള ഉത്തരവാദിത്വമുണ്ട്. പാത്രിയർക്കീസ് ബാവാ രാജ്യത്തിന്റെ നിയമം ലംഘിച്ചാൽ അക്കാര്യം സർക്കാരും സംസ്ഥാന പോലീസ് മേധാവിയുമാണ് നോക്കേണ്ടത്. ഹൈക്കോടതി ഉത്തരവിൽ ഇക്കാര്യം വ്യക്തമാണ്. സംസ്ഥാന സർക്കാരിന്റെ അതിഥിയായി പോലീസ് സുരക്ഷയിൽ നിൽക്കുന്ന വ്യക്തി നിയമം ലംഘിക്കുന്നുണ്ടോയെന്ന് നോക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ പോലീസ്. നിയമം ലംഘിച്ചാൽ അത് സർക്കാർ സ്പോൺസേർഡ് നിയമ ലംഘനമായി വിലയിരുത്തേണ്ടി വരും. സുപ്രീംകോടതി അം​ഗീകരിച്ച മലങ്കരസഭയുടെ ഭരണഘടയെ അം​ഗീകരിക്കാൻ തയാറാകാത്തവർ സിറിയയുടെ സമാധാനത്തിന് ഭരണഘടന വേണമെന്ന് പറയുന്നത് വിരോധാഭാസമാണ്. പരിശുദ്ധ പാത്രിയർക്കീസ് ബാവായോട് ആദരവും സ്നേഹവുമുണ്ട്. എന്നാൽ രാജ്യനിയമങ്ങളുടെ നിയമലംഘനങ്ങൾ മാത്രമാണ് മലങ്കരസഭ ചൂണ്ടിക്കാട്ടുന്നത്.

ഒരുവശത്ത് മുഖ്യമന്ത്രി സമാധാനത്തിനായി ശ്രമിക്കുമ്പോൾ സർക്കാർ അഭിഭാഷകർ കോടതിയിൽ സ്വീകരിക്കുന്ന നിലപാടിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും സഭ ചൂണ്ടിക്കാട്ടി. സമാധാനശ്രമങ്ങൾ അന്തിമഘട്ടത്തിലെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഈ വാദം തെറ്റാണ്. ചർച്ചകൾ നടക്കാതെ എങ്ങനെ അന്തിമഘട്ടത്തിലേക്ക് എത്തുമെന്നും സഭാനേതൃത്വം ചോദിച്ചു. കോടതിയുടെ നോട്ടീസ് നൽകാൻ പോയ ഉദ്യോ​ഗസ്ഥനെ പുത്തൻകുരിശിൽ നിന്ന് ഭീഷണിപ്പെടുത്തിയതായി ഹൈക്കോടതി തന്നെ പറയേണ്ട സാഹചര്യമുണ്ടായതായും മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img