05:12am 28 October 2026
NEWS
എത്യോപ്യയിലെ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് മലങ്കരസഭാധ്യക്ഷൻ
27/10/2026  06:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എത്യോപ്യയിലെ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് മലങ്കരസഭാധ്യക്ഷൻ

കോട്ടയം : എത്യോപ്യയിലെ ഒറോമിയ അർസി മേഖലയിൽ എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭാം​ഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സംഭവത്തിൽ അ​ഗാധമായ ​​ദു:ഖം രേഖപ്പെടുത്തുന്നതായി ബാവാ പ്രതികരിച്ചു. മലങ്കര ഓർത്തോഡ്ക്സ് സുറിയാനി സഭയുടെയും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെയും മലങ്കരയിലെ വിശ്വാസിസമൂഹത്തിന്റെയും പ്രാർത്ഥനയും ഐക്യദാർഢ്യവും അറിയിച്ച് എത്യോപ്യൻ സഭാതലവൻ ആബൂനാ മത്ഥ്യാസ് പാത്രിയർക്കീസ് ബാവായ്ക്ക്  സഭാധ്യക്ഷൻ കത്തയച്ചു.

നിരപരാധികളുടെ ജീവൻ അപഹരിക്കുന്നത് മനുഷിക മൂല്യങ്ങൾക്കും, മതസ്വാതന്ത്ര്യത്തിനും, സമാധാനപരമായ സഹവർത്തിത്വത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ അം​​ഗമായ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ വേദന മുഴുവൻ ക്രൈസ്തവ കുടുംബത്തിന്റെയും വേദനയാണ്. എത്യോപ്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന തുടർച്ചയായ ദുരിതങ്ങളിലും അരക്ഷിതാവസ്ഥയിലും ആശങ്കയുണ്ട്. നിരപരാധികളായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മതസമൂഹങ്ങളുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മലങ്കരസഭാധ്യക്ഷൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img