കോട്ടയം : എത്യോപ്യയിലെ ഒറോമിയ അർസി മേഖലയിൽ എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സംഭവത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി ബാവാ പ്രതികരിച്ചു. മലങ്കര ഓർത്തോഡ്ക്സ് സുറിയാനി സഭയുടെയും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെയും മലങ്കരയിലെ വിശ്വാസിസമൂഹത്തിന്റെയും പ്രാർത്ഥനയും ഐക്യദാർഢ്യവും അറിയിച്ച് എത്യോപ്യൻ സഭാതലവൻ ആബൂനാ മത്ഥ്യാസ് പാത്രിയർക്കീസ് ബാവായ്ക്ക് സഭാധ്യക്ഷൻ കത്തയച്ചു.
നിരപരാധികളുടെ ജീവൻ അപഹരിക്കുന്നത് മനുഷിക മൂല്യങ്ങൾക്കും, മതസ്വാതന്ത്ര്യത്തിനും, സമാധാനപരമായ സഹവർത്തിത്വത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ അംഗമായ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ വേദന മുഴുവൻ ക്രൈസ്തവ കുടുംബത്തിന്റെയും വേദനയാണ്. എത്യോപ്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾ നേരിടുന്ന തുടർച്ചയായ ദുരിതങ്ങളിലും അരക്ഷിതാവസ്ഥയിലും ആശങ്കയുണ്ട്. നിരപരാധികളായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മതസമൂഹങ്ങളുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മലങ്കരസഭാധ്യക്ഷൻ ആവശ്യപ്പെട്ടു.







