ഇനി ഇവിടെ മദ്യം ഒഴുകും, അല്ല ഒഴുക്കും...

കുറഞ്ഞചിലവിൽ ഗുണമേൻമയുള്ള ജവാൻ മദ്യം ഉത്പാദിപ്പിക്കാൻ മലബാര്‍ ഡിസ്റ്റലറീസ് നവീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് നാളേറെയായി.
പാലക്കാട് : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിര്‍ദ്ദിഷ്ട ബ്രൂവറിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച് കഴിഞ്ഞു. പാലക്കാട്ടെ ജനങ്ങളുടെ കുടിവെള്ളം മുട്ടിയാലും നെൽകര്‍ഷകര്‍ കടംകയറി വഴിയാധാരം ആയാലും 650 പേര്‍ക്ക് തൊഴിൽ ലഭിക്കുന്ന ‘ഭീമൻ’പദ്ധതിയിൽ നിന്നും പിന്നോട്ടുപോകേണ്ട കാര്യമില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഘടകകക്ഷി നേതാക്കളുടെ എതിര്‍പ്പുപോലും അവഗണിച്ച് മുഖ്യമന്ത്രി മുന്നോട്ടുപോകുമ്പോൾ ഒരു കാര്യം ഉറപ്പാണ്. കാര്യങ്ങളൊക്കെ നേരത്തേ തീര്‍പ്പാക്കിയിട്ടുണ്ട്.
എന്നാൽ സര്‍ക്കാര്‍ ഉടമസ്ഥതയിൽ ഒരു മലബാര്‍ ഡിസ്റ്റലറീസ് ഉണ്ടെന്നും അവിടെ നടപ്പാക്കുമെന്ന് മുമ്പ് ഗീര്‍വാണം മുഴക്കിയ പദ്ധതികളെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. കുറഞ്ഞചിലവിൽ ഗുണമേൻമയുള്ള ജവാൻ മദ്യം ഉത്പാദിപ്പിക്കാൻ മലബാര്‍ ഡിസ്റ്റലറീസ് നവീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് നാളേറെയായി. ഇക്കാര്യം കമ്പനിയുടെ വെബ്സൈറ്റിൽ മിഷൻ ആയി ഉൾപ്പെടുത്തിയിരുന്നെങ്കിലും സംഗതി വിവാദമായതോടെ മുക്കി. എന്നിട്ട് പൊതുമേഖലയ്ക്കായി നിലകൊള്ളാത്ത സര്‍ക്കാര്‍ ഡെൽഹി അഴിമതി കേസിൽ കുരുക്കിലായ കമ്പനിക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ്.
പാലക്കാട് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വേണ്ടി ഫണ്ട് ഒഴുക്കിയത് വിവാദ കമ്പനി ആയിരുന്നു എന്നതാണ് പ്രതിപക്ഷ ആരോപണം. പ്രസ്തുത കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ ഡെൽഹി മദ്യനയകേസിലും അകത്തായിരുന്നു. അവിടെ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് ഫണ്ട് ഒഴുക്കിയത് അവരായിരുന്നു എന്നതാണ് മുഖ്യആക്ഷേപം. ഈ സാഹചര്യത്തിൽ കേരളത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപത്തിന് ബലം ഏറുകയാണ്.
Photo Courtesy - Google











