
കോട്ടയം: ‘ജവാന്’ പിന്നാലെ സർക്കാർ നേരിട്ട് വിപണിയിലെത്തിക്കുന്ന പുതിയ മദ്യബ്രാൻഡിന് പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് കേരളത്തിന്റെ സ്വന്തം മദ്യത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ മാസം 21ന് ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് ബ്രാൻഡ് നാമം ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പുതിയ ബ്രാൻഡിന്റെ പേര് കണ്ടെത്തുന്നതിനായി ബവ്‌കോ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചിരുന്നു. ഏകദേശം 40,000 പേരുകളാണ് ലഭിച്ചത്. അവയിൽ ‘മലബാർ മിസ്റ്റ്’ എന്ന പേരാണ് അധികൃതർ തെരഞ്ഞെടുത്തത്. എന്നാൽ സാങ്കേതിക തടസ്സങ്ങൾ മൂലം ജനങ്ങൾ നിർദേശിച്ച പേരിൽ ഒന്നും അന്തിമമായി സ്വീകരിക്കാനായില്ല. ഇതോടെയാണ് വകുപ്പ് തന്നെ ‘മലബാർ മിസ്റ്ററി’ എന്ന പേരിൽ തീരുമാനമെടുത്തത്.
75,000 ചതുരശ്ര അടിവിസ്തീർണമുള്ള പ്ലാന്റിൽ മൂന്ന് ലൈൻ സ്വയംനിയന്ത്രിത ബോട്ടിലിങ് സംവിധാനമാണ് ഒരുക്കുന്നത്. ഇതോടെ പ്രതിദിനം 13,500 കെയ്‌സ് (1,08,000 ലീറ്റർ) മദ്യം വിപണിയിലെത്തിക്കാനാകും. അര ലീറ്റർ ബോട്ടിലുകളായിരിക്കും വിൽപ്പന. ജവാന്റെ വിലയുമായി വലിയ വ്യത്യാസം പുതിയ ബ്രാൻഡിന് ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്.
മദ്യോൽപാദനത്തിനുള്ള ജീവനക്കാരെ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സും ബവ്‌കോ സംഭരണകേന്ദ്രങ്ങളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. ഉൽപാദനത്തിനാവശ്യമായ വെള്ളം തുടക്കത്തിൽ മലമ്പുഴ ഡാമിൽ നിന്നും നേരിട്ട് എത്തിക്കാനാണ് ശ്രമം. പ്രതിദിനം ഒരു ലക്ഷം ലീറ്ററിലധികം വെള്ളം ആവശ്യമായി വരും. തുടർന്ന് മഴവെള്ള സംഭരണി സംവിധാനത്തിലൂടെ ജലലഭ്യത ഉറപ്പാക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.











