12:45pm 26 May 2026
NEWS
നിയമനങ്ങൾ വിവാദത്തിൽ; മിന്നൽ മാജിക് ബ്രാൻഡി ഉടൻ എത്തില്ല
26/05/2026  10:35 AM IST
nila
 നിയമനങ്ങൾ വിവാദത്തിൽ; മിന്നൽ മാജിക് ബ്രാൻഡി ഉടൻ എത്തില്ല

പാലക്കാട്: മേനോൻപാറയിലെ പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന പുതിയ ബ്രാൻഡിയായ മിന്നൽ മാജിക് ബ്രാൻഡിയുടെ ഉത്പാദനം താൽക്കാലികമായി നിർത്തിവെച്ചു. ബെവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്.

മേയ് അവസാനത്തോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ ബ്രാൻഡി വിപണിയിലെത്തുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. ഇതിനാവശ്യമായ ട്രയൽ റൺ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നുവെങ്കിലും, പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പദ്ധതിക്ക് തിരിച്ചടിയുണ്ടായി.

എൽ.ഡി.എഫ്. സർക്കാരിന്റെ അവസാന ഘട്ടത്തിൽ നിയമിച്ച 90 താത്കാലിക വനിതാ തൊഴിലാളികളുടെ പട്ടികയെ ചൊല്ലിയുണ്ടായ വിവാദമാണ് ഉത്പാദനം നിർത്തിവെക്കാൻ കാരണമായതെന്ന സൂചനകളുണ്ട്. സി.പി.എം. ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ്. മുഖേന തയ്യാറാക്കിയ പട്ടികയിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകളുടെ ആരോപണം. വിഷയത്തിൽ കമ്പനി അധികൃതർക്കും എക്‌സൈസ് മന്ത്രിക്കും പരാതികൾ ലഭിച്ചിരുന്നു.

അതേസമയം, തൊഴിലാളി പട്ടിക തയ്യാറാക്കിയത് പൂർണമായും കുടുംബശ്രീ സംവിധാനമാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നൽകിയ മാർഗനിർദേശമനുസരിച്ച് സ്ഥാപനമുള്ള ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായിരിക്കണം നിയമനം നടത്തേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെ പരിഗണിച്ചുവെന്നാണ് വിശദീകരണം.

55 യൂണിറ്റുകളിൽ 45 എണ്ണം ഒരേ നിരക്കിൽ ദർഘാസ് സമർപ്പിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് നല്ലേപ്പിള്ളി എ.ഡി.എസിനെ തിരഞ്ഞെടുത്തതെന്നും, തുടർന്ന് തൊഴിലാളികളുടെ പട്ടിക അവർ തയ്യാറാക്കിയതാണെന്നും അധികൃതർ അറിയിച്ചു. നിയമന നടപടികളിൽ പൂർണ സുതാര്യത ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img