
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ചിമ്പു തന്റെ 43-ാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് താരം തന്റെ അടുത്തടുത്ത ചിത്രങ്ങളുടെ പ്രഖ്യാപനവും നടത്തി കൊണ്ടിരിക്കുകയാണ്. അർദ്ധരാത്രിയിലാണ് ചിമ്പു തന്റെ 49-ാം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർഹിറ്റായ ‘പാർക്കിങ്ങ്’ എന്ന ചിത്രം സംവിധാനം ചെയ്ത രാംകുമാർ ബാലകൃഷ്ണനാണ് സിമ്പുവിന്റെ 49-ാം ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ചിമ്പു തന്റെ 50-ാമത്തെ ചിത്രവും ഔദ്യോകികമായി പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ സ്വന്തം ഫിലിം പ്രൊഡക്ഷൻ കമ്പനിയായ 'അഡ്‌മാൻ സിനി ആർട്‌സി'ൻ്റെ കീഴിലാണ് ചിമ്പു ഈ ചിത്രം നിർമ്മിക്കുന്നത്. 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന സിനിമ സംവിധാനം ചെയ്ത ദേസിംഗു പെരിയസാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഈ ചിത്രം ആദ്യം കമൽഹാസൻ നിർമ്മിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്ന് കമൽഹാസൻ പിൻവാങ്ങി. ഇതിനെ തുടർന്ന് വേറെ ചില നിർമ്മാതാക്കളും ഈ ചിത്രം നിർമ്മിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അതും നടക്കാതെ പോയതിനാൽ ഇപ്പോൾ ചിമ്പു തന്നെ നിർമ്മാണ ചുമതല ഏറ്റിരിക്കുകയാണ്. വലിയ ബഡ്ജറ്റിൽ ഒരു ചരിത്ര സിനിമയായി ഒരുങ്ങുന്ന ചിത്രമാണ് ഇത്. ഈ രണ്ടു ചിത്രങ്ങൾ കൂടാതെ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവും ഇന്ന് നടക്കും എന്നും പറയപ്പെടുന്നുണ്ട്. ചിമ്പു അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം കമൽഹാസൻ, മണിരത്നം കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'തഗ് ലൈഫ്' ആണ്. ഇതിൽ ഒരു പ്രധാന കഥാപാത്രമാണ് ചിമ്പു അവതരിപ്പിച്ചിരിക്കുന്നത്.
Photo Courtesy - Google











