
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ചിട്ടുള്ള പിരിയഡുകൾ മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ ഉപയോഗിക്കരുതെന്ന് സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചു. അധ്യാപക ക്ഷാമം തുടരുന്നുണ്ടെങ്കിലും പാഠ്യപദ്ധതി ലംഘനം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷൻ അംഗം ഡോ. എഫ്. വിത്സൺ കലാ-കായിക-പ്രവൃത്തിപരിചയ പിരിയഡുകൾ മാറ്റി ഉപയോഗിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഉത്തരവ് അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
വിവിധ ക്ലാസുകളിൽ കലാ- കായിക പഠനത്തിനായി പീരിയഡുകൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, പലപ്പോഴും ഈ സമയം മറ്റു വിഷയങ്ങൾ പഠിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ട് എന്ന പരാതി വ്യാപകമാണ്. അധ്യാപകരുടെ അനാവശ്യ ഇടപെടലും ടൈംടേബിൾ കൃത്രിമങ്ങളും പതിവായതിനെ തുടർന്ന് ഇടപെടലിന്റെ ആവശ്യം ഉയർന്നിരുന്നു.
പക്ഷേ, കലാ-കായിക വിദ്യാഭ്യാസത്തിന്റെ നിർബന്ധിത പിരിയഡുകൾ നടപ്പാക്കുന്നതിന് ആവശ്യമായ അധ്യാപക ശക്തി ഇപ്പോഴും അപര്യാപ്തമാണ്. സംസ്ഥാനത്തെ 7100 സ്കൂളുകൾക്ക് എല്ലാ ആഴ്ചയും കലയും കായികവും പഠിപ്പിക്കുക നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും രണ്ടായിരത്തോളം കായിക അധ്യാപകരും ആയിരത്തിന് താഴെ കല-പ്രവൃത്തിപരിചയ അധ്യാപകരുമാണ് നിലവിലുള്ളത്. അതിനാൽ, പിരിയഡുകളും പാഠപുസ്തകവും ഉണ്ടായിട്ടും പഠിപ്പിക്കാൻ ആളില്ലാത്ത സ്ഥിതി തുടരുന്നത് വിദ്യാഭ്യാസ വകുപ്പിന് വലിയ വെല്ലുവിളിയാവുകയാണ്.











