
സംസ്ഥാനത്തെ പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. തിരുവനന്തപുരം കമ്മിഷണർ സ്പർജൻ കുമാറിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജിയുടെ ചുമതലയും ഇദ്ദേഹത്തിനാണ്. ഉത്തരമേഖലാ ഐജിയായി രാജ്പാൽ മീണയെ നിയമിച്ചു. നിലവിൽ ഈ പദവി വഹിച്ചിരുന്ന കെ.സേതുരാമനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.
ജെ.ജയനാഥാണു മനുഷ്യാവകാശ കമ്മിഷൻ ഐജി. കാളിരാജ് മഹേഷ് കുമാറിനെ ഗതാഗത സുരക്ഷാ ഐജിയായി നിയമിച്ചു. എസ്.സതീഷ് ബിനോയാണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. തൃശൂർ റേഞ്ച് ഡിഐജി ആയിരുന്ന തോംസൺ ജോസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമനം നൽകി.
യതീഷ് ചന്ദ്രയാണു പുതിയ കണ്ണൂർ റേഞ്ച് ഡിഐജി. ഹരിശങ്കറിനെ തൃശൂർ റേഞ്ച് ഡിഐജി ആയും സ്ഥാനക്കയറ്റം നൽകി. കെ.കാർത്തിക്കിനാണു വിജിലൻസ് ഹെഡ് ക്വാർട്ടേഴ്സ് ഐജിയുടെ ചുമതല. ടി.നാരായണനു ഡിഐജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായും സ്ഥാനക്കയറ്റം നൽകി. ജനുവരി ഒന്ന് മുതൽ ഉത്തരവ് നിലവിൽ വരും.











