
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയും അനാവശ്യ നിയമക്കുരുക്കുകളും അറുത്തുമാറ്റി ഭരണം കൂടുതൽ ജനകീയവും വേഗത്തിലുമാക്കാൻ കടുത്ത നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അനാവശ്യ ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും തീരുമാനങ്ങൾ വേഗത്തിലാക്കുന്നതിനുമായി പൊതുഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ച ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെല്ലിന്റെ തലവനായി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെ നിയമിച്ചു.
സെല്ലിന്റെ പ്രവർത്തനങ്ങൾക്കായി 3.09 കോടി രൂപ സർക്കാർ അനുവദിച്ചു. ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭയ്ക്കുമാണ് പരിഷ്കരണ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത്. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കും.
പ്രധാന പരിഷ്കാരങ്ങൾ ഒറ്റനോട്ടത്തിൽ:
ഫയൽ നീക്കം വേഗത്തിലാക്കും: സെക്രട്ടേറിയറ്റിലെ ഫയലുകൾ അനന്തമായി വൈകുന്നത് ഒഴിവാക്കാൻ പരിശോധനാ ഘട്ടങ്ങളുടെയും ആവർത്തിച്ചുള്ള നോട്ടിംഗുകളുടെയും എണ്ണം വെട്ടിച്ചുരുക്കും. ഓഫീസ് മാന്വലും റൂൾസ് ഒഫ് ബിസിനസും ഇ-ഓഫീസ് വർക്ക്ഫ്ലോയും പരിഷ്കരിക്കും.
സിവിൽ സർവീസിൽ മാറ്റങ്ങൾ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ഘടന പുനഃപരിശോധിക്കും. ഉദ്യോഗസ്ഥർക്ക് ഒരിടത്ത് കുറഞ്ഞത് 2 വർഷത്തെ സേവനകാലാവധി ഉറപ്പാക്കും. അകാല സ്ഥലംമാറ്റങ്ങൾക്ക് കൃത്യമായ കാരണം രേഖപ്പെടുത്തും.
പദ്ധതികൾക്ക് സമയപരിധി: വികസന പദ്ധതികളുടെ സാമ്പത്തിക-സാങ്കേതിക അനുമതികൾക്ക് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തും. പദ്ധതി നടത്തിപ്പിൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ ഉത്തരവാദിത്തവും സമയപരിധിയും നിശ്ചയിക്കും.
നിസ്സാര കേസുകൾ ഒത്തുതീർപ്പാക്കും: കോടതികളിലെ കേസുകളുടെ ബാക്കിപത്രം കുറയ്ക്കുന്നതിനായി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം നിസ്സാര ക്രിമിനൽ കുറ്റങ്ങൾ ഒത്തുതീർപ്പാക്കും. നിലവിൽ ജില്ലാ-സബ് കോടതികളിലായി മൂന്നര ലക്ഷത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്.











