08:14am 09 November 2026
NEWS
സെക്രട്ടേറിയറ്റിൽ 'ഫയൽ പൂട്ട്' അഴിയുന്നു: ഭരണം സുതാര്യമാക്കാൻ വൻ പരിഷ്കാരം; ബി. അശോക് സെൽ തലവൻ
30/07/2026  09:06 AM IST
സുരേഷ് വണ്ടന്നൂർ
സെക്രട്ടേറിയറ്റിൽ ഫയൽ പൂട്ട് അഴിയുന്നു: ഭരണം സുതാര്യമാക്കാൻ വൻ പരിഷ്കാരം; ബി. അശോക് സെൽ തലവൻ

​തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയും അനാവശ്യ നിയമക്കുരുക്കുകളും അറുത്തുമാറ്റി ഭരണം കൂടുതൽ ജനകീയവും വേഗത്തിലുമാക്കാൻ കടുത്ത നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അനാവശ്യ ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും തീരുമാനങ്ങൾ വേഗത്തിലാക്കുന്നതിനുമായി പൊതുഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ച ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെല്ലിന്റെ തലവനായി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിനെ നിയമിച്ചു.
​സെല്ലിന്റെ പ്രവർത്തനങ്ങൾക്കായി 3.09 കോടി രൂപ സർക്കാർ അനുവദിച്ചു. ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിയ്ക്കും മന്ത്രിസഭയ്ക്കുമാണ് പരിഷ്കരണ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത്. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കും.
​പ്രധാന പരിഷ്കാരങ്ങൾ ഒറ്റനോട്ടത്തിൽ:
​ഫയൽ നീക്കം വേഗത്തിലാക്കും: സെക്രട്ടേറിയറ്റിലെ ഫയലുകൾ അനന്തമായി വൈകുന്നത് ഒഴിവാക്കാൻ പരിശോധനാ ഘട്ടങ്ങളുടെയും ആവർത്തിച്ചുള്ള നോട്ടിംഗുകളുടെയും എണ്ണം വെട്ടിച്ചുരുക്കും. ഓഫീസ് മാന്വലും റൂൾസ് ഒഫ് ബിസിനസും ഇ-ഓഫീസ് വർക്ക്‌ഫ്ലോയും പരിഷ്കരിക്കും.
​സിവിൽ സർവീസിൽ മാറ്റങ്ങൾ: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) ഘടന പുനഃപരിശോധിക്കും. ഉദ്യോഗസ്ഥർക്ക് ഒരിടത്ത് കുറഞ്ഞത് 2 വർഷത്തെ സേവനകാലാവധി ഉറപ്പാക്കും. അകാല സ്ഥലംമാറ്റങ്ങൾക്ക് കൃത്യമായ കാരണം രേഖപ്പെടുത്തും.
​പദ്ധതികൾക്ക് സമയപരിധി: വികസന പദ്ധതികളുടെ സാമ്പത്തിക-സാങ്കേതിക അനുമതികൾക്ക് ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തും. പദ്ധതി നടത്തിപ്പിൽ ഉദ്യോഗസ്ഥർക്ക് വ്യക്തമായ ഉത്തരവാദിത്തവും സമയപരിധിയും നിശ്ചയിക്കും.
​നിസ്സാര കേസുകൾ ഒത്തുതീർപ്പാക്കും: കോടതികളിലെ കേസുകളുടെ ബാക്കിപത്രം കുറയ്ക്കുന്നതിനായി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം നിസ്സാര ക്രിമിനൽ കുറ്റങ്ങൾ ഒത്തുതീർപ്പാക്കും. നിലവിൽ ജില്ലാ-സബ് കോടതികളിലായി മൂന്നര ലക്ഷത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img