11:01am 13 September 2026
NEWS
ആ ക്വട്ടേഷൻ മോഹൻലാലിന്റേതോ അതോ വിസ്മയയുടേതോ? ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്ന മേജർ രവിമാർ
24/07/2026  01:08 PM IST
nila
ആ ക്വട്ടേഷൻ മോഹൻലാലിന്റേതോ അതോ വിസ്മയയുടേതോ? ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്ന മേജർ രവിമാർ

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ രംഗത്തെത്തിയതിന് പിന്നാലെ വിസ്മയ്ക്ക് കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. 'സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നത്?' എന്നായിരുന്നു വിസ്മയ തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇതിനു പിന്നാലെ സംഘപരിവാർ അനുകൂലികളിൽ നിന്നും കടുത്ത സൈബർ ആക്രമണമാണ് വിസ്മയ നേരിട്ടത്. ലാലേട്ടന്റെ പേര് കളഞ്ഞല്ലോ എന്ന പരിവേദനം മുതൽ പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ എവിടെയായിരുന്നു എന്ന ചോദ്യവും എമ്പുരാൻ സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ മതിയെന്ന ഭീഷണിയുമെല്ലാം നിറഞ്ഞാടി ആക്രമണത്തിനിടെ വിസ്മയയെ സംരക്ഷിക്കാനെത്തിയത് സംവിധായകൻ മേജർ രവിയാണ്. കേരളത്തിലെ നമ്പർ വൺ രാജ്യസ്നേഹിയെന്ന് സ്വയം നടിക്കുന്ന മേജർ രവി, തന്റെ അടുത്ത് സുഹൃത്ത് മോ​ഹൻലാലിന്റെ മകളെ സംഘപരിവാർ സൈബർ ആക്രമണത്തിൽ നിന്നും സംരക്ഷിച്ചത് രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്ത പാവം പെൺകുട്ടി എന്ന ഇമേജ് നൽകിയാണ്. ആരാണ് വിസ്മയയെ ന്യായീകരിച്ച് സംഘപരിവാർ പക്ഷത്തോട് ചേർത്തു നിർത്തുവാൻ മേജർ രവിയെ ചുമതലപ്പെടുത്തിയത്? 

മേജർ രവിയുടെ സംഘപരിവാർ കൂറും ചൂരും മലയാളികൾക്ക് മനസിലാകാത്തതല്ല. ഡൽഹിയിലെ ജന്തർ മന്ദിറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് മലയാളികളായ ഒട്ടനവധി സെലിബ്രിറ്റികൾ രം​ഗത്തെത്തുകയും ചെയ്തിരുന്നു. അവരിൽ ഒരാൾ മാത്രമാണ് വിസ്മയ മേഹൻലാൽ. എന്നാൽ, മറ്റ് സെലിബ്രിറ്റികൾക്ക് നേരേ ഉയരുന്ന സംഘപരിവാർ അനുകൂലികളുടെ വിദ്വേഷ കമന്റുകളെ കണ്ടില്ലെന്ന് നടിച്ച് മോഹൻലാലിന്റെ മകൾക്ക് മാത്രം ന്യായീകരണ സംരക്ഷണമൊരുക്കാൻ മേജർ രവിയെ ആരാണ് ചുമതലപ്പെടുത്തിയത്? മലയാളികളുടെ സ്വന്തം ലാലേട്ടനോ അതോ ലാലേട്ടന്റെ മകൾ വിസ്മയ തന്നെയോ? രാഷ്ട്രീയം അറിയാത്ത ഒരു പാവം പെൺകുട്ടി, മറ്റുള്ള കുട്ടികളെ പൊലീസ് മർദ്ദിക്കുന്നത് കണ്ട് കരളലിഞ്ഞ് നടത്തിയ പ്രതികരണം എന്ന നിലയിലേ വിസ്മയയുടെ നിലപാടിനെ കാണാവൂ എന്നാണ് മേജർ രവിയുടെ പക്ഷം.

ബിജെപി നേതാവ് കൃഷ്ണകുമാറും അദ്ദേഹത്തിന്റെ മകൾ അഹാനയും കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിൽ രണ്ട് തട്ടിലാണ്. കൃഷ്ണകുമാർ പ്രക്ഷോഭകർ രാജ്യദ്രോഹികളാണെന്ന് മുദ്രകുത്തുകയും അവരെയെല്ലാം അടിച്ചമർത്തുക തന്നെ ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത ബിജെപി നേതാവാണ്.  ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ... പിന്നെയാ ഡൽഹി...’ എന്നായിരുന്നു നരേന്ദ്രമോദിയുടെ ചിത്രം ഉൾപ്പെടെ പങ്കുവെച്ച് കൃഷ്ണകുമാർ കുറിച്ചത്. എന്നാൽ, പിതാവിന്റെ നിലപാടിനെ പരസ്യമായി തള്ളി അഹാന രം​ഗത്തെത്തിയിരുന്നു. ഓരോ കുടുംബത്തിന്റെയും പ്രതീക്ഷകളാണ് ഇവിടെ നഷ്ടപ്പെടുന്നത് എന്നായിരുന്നു അഹാന കുറിച്ചത്.  സുതാര്യവും നീതിയുക്തവും തങ്ങളുടെ വിശ്വാസത്തിന് അർഹവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികൾ അർഹിക്കുന്നുണ്ടെന്നും അഹാന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ, ബിജെപി നേതാവായ ഒരാളുടെ മകളുടെ നിലപാടിനെ ബാലിശമെന്നോ ചാപല്യമെന്നോ അറിവില്ലായ്മയെന്നോ പറഞ്ഞ് നിസ്സാരവത്ക്കരിക്കാൻ മേജർ രവി എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തിലാണ് ആരാണ് വിസ്മയയെ ന്യായീകരിച്ച് സംഘപരിവാർ പക്ഷത്തോട് ചേർത്തു നിർത്തുവാൻ മേജർ രവിയെ ചുമതലപ്പെടുത്തിയത് എന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നത്. 


വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നാണ് മേജർ രവിയുടെ അഭിപ്രായം. പ്രതിഷേധിക്കുന്ന വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും മേജർ രവി പറയുന്നു. ജനിച്ച കാലം തൊട്ട് കാണുന്ന പെൺകുട്ടിയാണ് മായ. ആ കുട്ടിയുടെ സ്വഭാവം എന്താണെന്ന് എനിക്കറിയാം. ആ കുട്ടിക്ക് രാഷ്ട്രീയപരമായ ഒരു അറിവും ഇല്ല. മനുഷ്യത്വമുള്ള, ഒരു തെരുവ് പട്ടിയെ കണ്ടാൽ അതിനെ രക്ഷിക്കൂ, എടുത്തുകൊണ്ട് വരൂ എന്നുപറഞ്ഞ് പിന്നാലെ കരഞ്ഞുകൊണ്ട് നടക്കുന്ന മായയെ ഞാൻ കണ്ടിട്ടുണ്ടെന്നുമാണ് മേജർ രവിയുടെ വിശദീകരണം. 

വിസ്മയയുടെ പോസ്റ്റിനെ കോക്രോച്ച് പാർട്ടിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കുന്നുവെന്നും മായയ്ക്ക് ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ലെന്നും വരെ മേജർ രവി പറഞ്ഞുവെക്കുന്നു. ജന്തർ മന്തറിലെ പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും മേജർ രവി ആരോപിച്ചു. ചുരുക്കത്തിൽ, രാജ്യം നടുങ്ങിയ നീറ്റ് പരീക്ഷാ ക്രമക്കേടിനെ നിസ്സാതവത്ക്കരിക്കുകയും അതിനെതിരെ നടക്കുന്ന വിദ്യാർത്ഥി - യുവജന പ്രക്ഷോഭത്തെ വിദേശ ഫണ്ടിം​ഗിൽ നടക്കുന്ന അതിക്രമമെന്ന് മുദ്രകുത്തുകയുമാണ് മേജർ രവി ചെയ്യുന്നത്. 

താൻ ഒരു സൈനികനാണെന്ന് നിമിഷം തോറും മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്ന ആളാണ് മേജർ രവി. സൈനികന്റെ ജോലി ഭരണകൂടത്തെ സംരക്ഷിക്കുകയല്ല, മറിച്ച് ജനതയേയും രാജ്യത്തെയും സംരക്ഷിക്കുകയാണ്. ഭരണകൂടത്തിനെതിരെ വിരൽചൂണ്ടുന്നവരെയെല്ലാം രാജ്യദ്രോഹികളെന്ന് മുദ്രചാർത്തി തല്ലിക്കൊല്ലുന്നത് ഇന്ത്യൻ ഫാസിസത്തിന്റെ സ്വഭാവമാണ്. ഭരണകൂടം തെറ്റ് ചെയ്താലും തെറ്റിന് കൂട്ടുനിന്നാലും പ്രതികരിക്കാനും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ജനതക്ക് അവകാശമുണ്ട്. ജനാധിപത്യം ആ അവകാശം ഉറപ്പുനൽകുന്നുമുണ്ട്. ലക്ഷക്കണക്കിനായ ചെറുപ്പക്കാർ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ജന്തർ മന്തിറിലേക്ക് ഒഴുകിയെത്തുന്നുണ്ടെങ്കിൽ നിലവിലെ സംവിധാനത്തോടും വ്യവസ്ഥിതിയോടും അവർ എത്രമാത്രം അസംതൃപ്തരാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. 

സമരവീഥികളിൽ രക്തം ചീന്തുന്ന പോരാളികൾ പോലെ തന്നെ പ്രധാനമാണ് മണിമേടകളിലിരുന്ന് പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന സെലിബ്രിറ്റികളും. അത്തരം പിന്തുണകളാണ് സമരപോരാളികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നത്. എന്നാൽ, ആ കനലുകളെ വെറും കരിന്തിരികളെന്ന് വിശേഷിപ്പിക്കുന്ന മേജർ രവിമാർ വാസ്തവത്തിൽ ജനാധിപത്യത്തിന്റെ ശോഭ കെടുത്തുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img