
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ തുറന്നടിച്ച് ബിജെപി നേതാവും സംവിധായകനുമായ മേജർ രവി. സുകുമാരൻ നായരുടെ ധാർഷ്ട്യവും അഹങ്കാരവും അംഗീകരിക്കാനാകില്ലെന്ന് വിമർശിച്ച മേജർ രവി, പെരുന്നയിൽ പോയി ഓച്ഛാനിച്ച് നിൽക്കുന്ന സ്വഭാവം തനിക്കില്ലെന്നും വ്യക്തമാക്കി.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവി എൻഎസ്എസ് നേതൃത്വത്തിനെതിരായ നിലപാട് വ്യക്തമാക്കിയത്. തന്റെ മക്കളെ എൻഎസ്എസ് കോളേജിൽ പഠിപ്പിക്കാനോ ഭാര്യയ്ക്ക് അവിടെ ജോലി നേടിക്കൊടുക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലബാർ നായന്മാർ ആരുടെയും മുന്നിൽ തലകുനിച്ച് നിൽക്കുന്നവരല്ലെന്നും മേജർ രവി പറഞ്ഞു. സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന പാരമ്പര്യമാണ് തന്റെ കുടുംബത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങൾ മലബാർ നായന്മാരാണ്. ആരുടെയും മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്ന രീതിയില്ല. സമൂഹത്തിനുവേണ്ടി പോരാടുന്നവരാണ് ഞങ്ങളുടെ കുടുംബത്തിലുള്ളത്. ആരെങ്കിലും പ്രശ്നവുമായി വന്നാൽ അച്ഛൻ മുന്നിട്ടിറങ്ങുമായിരുന്നു. പല ജാതിക്കാരും അതിൽ ഉൾപ്പെടുമായിരുന്നു. എല്ലാവർക്കും വേണ്ടി പോരാടുന്ന കൂട്ടായ്മയാണ് ഞങ്ങളുടേത്,” മേജർ രവി പറഞ്ഞു.
സമുദായ സംഘടനകളുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും മേജർ രവി പ്രതികരിച്ചു. ഒരു സമുദായ നേതാവ് വിളിച്ചുപറഞ്ഞാൽ അതനുസരിച്ച് ആളുകൾ വോട്ട് ചെയ്യുമെന്ന ധാരണ ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. താൻ ഒരു രാഷ്ട്രീയക്കാരനാണെന്നും സ്വന്തം ജീവിതച്ചെലവിനായി രാഷ്ട്രീയ പാർട്ടിയെയോ സമുദായ സംഘടനയെയോ ആശ്രയിക്കുന്നില്ലെന്നും മേജർ രവി വ്യക്തമാക്കി.
ധാർഷ്ട്യവും അഹങ്കാരവും തനിക്ക് ഇഷ്ടമല്ലെന്നും ഇത്തരം സമീപനമാണ് ചില രാഷ്ട്രീയ നേതാക്കളോട് അകൽച്ച തോന്നാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാവ് ശശി തരൂരിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് മേജർ രവി പങ്കുവച്ചത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ വ്യക്തിയാണ് തരൂരെന്നും അദ്ദേഹത്തെപ്പോലുള്ളവരോട് ബഹുമാനത്തോടെ പെരുമാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും ലോകപരിചയവുമുള്ളവർ അഹങ്കാരം മാറ്റിവച്ച് മറ്റുള്ളവരെ ബഹുമാനിക്കണമെന്നും മേജർ രവി പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊതുസമീപനത്തെക്കുറിച്ചും മേജർ രവി തന്റെ അഭിപ്രായം വ്യക്തമാക്കി. സൈനിക സേവനത്തിലൂടെ ലഭിക്കുന്ന പെൻഷൻ തനിക്ക് ജീവിതച്ചെലവിന് മതിയെന്നും മറ്റാരെയും ആശ്രയിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










