
താമരശ്ശേരി: കൊടുവള്ളി–പൂനൂർ–നരിക്കുനി മേഖലകളിൽ ലഹരി വിൽപന നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ‘കുഞ്ഞാവ’ എന്ന പേരിൽ അറിയപ്പെടുന്ന പൂനൂർ സ്വദേശി ജ്യോതിഷ് (32) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്നും 9.935 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ശക്തമാക്കിയ പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ ജിമ്മി ജോസഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും താമരശ്ശേരി സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് ആറും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.
ജ്യോതിഷ് മുമ്പും നിരവധി ലഹരി കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. ഇയാളുമായി ബന്ധമുള്ള ലഹരി വ്യാപാര ശൃംഖലകളെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ലഹരി മാഫിയയെ പൂർണമായി ചെറുക്കാൻ പൊതുജനങ്ങളുടെ സഹകരണം നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഷിഞ്ചുകുമാർ, ഡ്രൈവർ പ്രജീഷ് എന്നിവരോടൊപ്പം സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഷാജു, അജിത്ത്, അശിൽദ്, ജിത്തു എന്നിവരും പങ്കെടുത്തു.









