
ന്യൂഡൽഹി: ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പൂർണമായും ഒഴിവാക്കാനും നികുതി നിയമനടപടികൾ കൂടുതൽ ലളിതവും സുതാര്യവുമാക്കാനും നിർണായക നീക്കം. ഡൽഹിയിൽ ചേർന്ന 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നികുതി എൻഫോഴ്സ്മെന്റ് നടപടികളിൽ വലിയ മാറ്റങ്ങൾക്ക് ശുപാർശ നൽകിയത്. ജിഎസ്ടി നിയമപ്രകാരമുള്ള അറസ്റ്റ് അധികാരം എടുത്തുകളയാനും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള കുറഞ്ഞ പരിധി 1 കോടിയിൽ നിന്ന് 5 കോടി രൂപയായി ഉയർത്താനും കൗൺസിൽ ശുപാർശ ചെയ്തതായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.
ജിഎസ്ടി നിയമത്തിലെ കുറഞ്ഞ ശിക്ഷ സംബന്ധിച്ച വ്യവസ്ഥ ഒഴിവാക്കാനും തീരുമാനമായി. പിഴ, തടവ്, അല്ലെങ്കിൽ രണ്ടും ഏർപ്പെടുത്തണമോ എന്നത് ഇനി കേസിന്റെ സ്വഭാവവും സാഹചര്യങ്ങളും പരിഗണിച്ച് കോടതിക്ക് തീരുമാനിക്കാനാകും. പ്രത്യേക പിഴ വ്യവസ്ഥയില്ലാത്ത ജിഎസ്ടി ലംഘനങ്ങൾക്കുള്ള പിഴയും 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറയ്ക്കും. റിട്ടേൺ സമർപ്പിക്കുന്നതിലെ കാലതാമസം, പിഴവുകൾ, നികുതി കുടിശ്ശിക തുടങ്ങിയ സാധാരണ വീഴ്ചകളിൽ നികുതിദായകരിൽ നിന്ന് കുടിശ്ശിക തുകയും പലിശയും ആനുപാതികമായ പിഴയും മാത്രമാകും ഈടാക്കുക. വിൽപ്പനക്കാരന്റെയും വാങ്ങുന്നയാളുടെയും ഇൻവോയ്സുകൾ പരിശോധിച്ച് വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കണ്ടെത്താനുള്ള ജിഎസ്ടി സംവിധാനത്തിന്റെ സാങ്കേതിക ശേഷി വർധിച്ചതാണ് ഇത്തരം ഇളവുകൾക്ക് വഴിയൊരുക്കിയതെന്ന് കൗൺസിൽ വിലയിരുത്തി.
കൗൺസിൽ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:
10,000 രൂപയിൽ താഴെയുള്ള തുകകൾക്കായി ഇനി നോട്ടീസ് അയയ്ക്കില്ല. റിട്ടേൺ വ്യത്യാസങ്ങളെ തുടർന്ന് നൽകുന്ന നോട്ടീസുകളിൽ വലിയൊരു പങ്കും ഡാറ്റാ എൻട്രി പിഴവുകൾ മാത്രമാണെന്നും ഇതിലൂടെ ലഭിക്കുന്ന തുക മൊത്തം നികുതി വരുമാനത്തിന്റെ 0.08 ശതമാനം മാത്രമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
സാധുവായ ഇൻവോയ്സും സാധനങ്ങളുടെ ലഭ്യതയും പൂർണമായ പണമടയ്ക്കലും തെളിയിക്കാൻ കഴിയുന്ന വാങ്ങുന്നവരെ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥ സമിതി പഠനം നടത്തും. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
റീഫണ്ട് അപേക്ഷകൾക്ക് അക്നോളഡ്ജ്മെന്റ് നൽകാനുള്ള സമയപരിധി 15 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറയ്ക്കും.
അപകടസാധ്യത കുറഞ്ഞ 90 ശതമാനം റീഫണ്ട് അപേക്ഷകൾക്കും ഉദ്യോഗസ്ഥ ഇടപെടലില്ലാതെ സിസ്റ്റം വഴി മൂന്ന് പ്രവൃത്തിദിവസത്തിനകം അനുമതി നൽകും.
കാഷ് ലെഡ്ജറിലെ അധിക തുകയുടെ റീഫണ്ട് പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കും.
അന്തർസംസ്ഥാന ചരക്കുവാഹനങ്ങൾ വ്യക്തമായ വിവരങ്ങളുടെയും സംശയങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ തടഞ്ഞ് പരിശോധിക്കൂ. ഇതിനായി ജോയിന്റ് കമ്മീഷണറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി നിർബന്ധമാക്കും.
ചരക്ക് പുറപ്പെടുന്ന സംസ്ഥാനത്തും എത്തുന്ന സംസ്ഥാനത്തും മാത്രമേ പരിശോധന നടത്താനാകൂ. യാത്രാമധ്യേ കടന്നുപോകുന്ന സംസ്ഥാനങ്ങൾക്ക് വാഹനം തടയാനുള്ള അധികാരം ഉണ്ടായിരിക്കില്ല. സ്ഥാപനത്തിന്റെ പേര്, ഡയറക്ടർമാരുടെ വിവരങ്ങൾ, വിലാസം തുടങ്ങിയ സാധാരണ തിരുത്തലുകൾക്ക് ഇനി ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യമില്ല. സിസ്റ്റം വഴി ഇത്തരം മാറ്റങ്ങൾക്ക് ഓട്ടോമാറ്റിക് അംഗീകാരം ലഭിക്കും.
നികുതിദായകർ നേരിടുന്ന അനാവശ്യ നടപടിക്രമങ്ങളും ഉദ്യോഗസ്ഥ ഇടപെടലുകളും കുറച്ച് ജിഎസ്ടി സംവിധാനത്തെ കൂടുതൽ സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവുമാക്കുകയാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യം.










