07:21am 26 September 2026
NEWS
പാചകവാതക കണക്ഷനിൽ വൻ മാറ്റം; 14.2 കിലോ സിലിണ്ടറിന് പകരം 10 കിലോ; ചെലവും കുത്തനെ ഉയരും
26/09/2026  06:35 AM IST
nila
പാചകവാതക കണക്ഷനിൽ വൻ മാറ്റം; 14.2 കിലോ സിലിണ്ടറിന് പകരം 10 കിലോ; ചെലവും കുത്തനെ ഉയരും

പാചകവാതകത്തിന്റെ പുതിയ കണക്ഷൻ സംവിധാനത്തിൽ നിർണായക മാറ്റവുമായി എണ്ണക്കമ്പനികൾ. സബ്‌സിഡിയുള്ള 14.2 കിലോയുടെ ഗാർഹിക സിലിണ്ടറുകളുടെ പുതിയ കണക്ഷൻ നൽകുന്നത് അവസാനിപ്പിച്ചു. പകരം 10 കിലോയുടെ കോമ്പോസിറ്റ് സിലിണ്ടറുകളാണ് പുതിയ ഉപഭോക്താക്കൾക്ക് നൽകുന്നത്. കഴിഞ്ഞ ആറുമാസമായി ഈ രീതിയാണ് തുടരുന്നത്.

ഗാർഹിക സിലിണ്ടറിന് പകരം വ്യക്തിഗത സിലിണ്ടർ എന്ന ആശയത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. നിലവിലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് പഴയ വ്യവസ്ഥകൾ പ്രകാരം റീഫിൽ ലഭിക്കും. എന്നാൽ പുതിയ സംവിധാനത്തിലേക്ക് മാറുന്നവർക്ക് ചെലവ് ഗണ്യമായി ഉയരും.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ‘എച്ച്.പി. നവ്യ’ പദ്ധതിയിലാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ഫോട്ടോയും ഉപയോഗിച്ച് വേഗത്തിൽ കണക്ഷൻ എടുക്കാനോ നിലവിലുള്ള കണക്ഷൻ മാറ്റാനോ കഴിയും. ഒരു മേൽവിലാസത്തിൽ പരമാവധി രണ്ട് സിലിണ്ടർ എന്ന പഴയ നിയന്ത്രണവും ഇതിൽ ബാധകമല്ല.

പുതിയ കണക്ഷൻ എടുക്കുന്നതിനും ഓരോ റീഫില്ലിനും ഇടയിൽ നിർബന്ധമായിരുന്ന നിശ്ചിത ഇടവേളയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് പകരമായി കണക്ഷൻ നിരക്കിലും റീഫിൽ നിരക്കിലും വലിയ വർധനയുണ്ട്. നിലവിലുള്ള സബ്‌സിഡി ആനുകൂല്യങ്ങൾ പുതിയ കണക്ഷന് ബാധകമല്ലെന്നതാണ് പ്രധാന തിരിച്ചടി.

10 കിലോ സിലിണ്ടറിന് ചെലവ് ഇങ്ങനെ

പുതിയ സംവിധാനത്തിൽ 10 കിലോയുടെ ഒരു സിലിണ്ടറിന്റെ കണക്ഷന് 4,840 രൂപയാണ് ചെലവ്. ഓരോ തവണ സിലിണ്ടർ നിറയ്ക്കാനും 1,650 രൂപ നൽകണം.

നിലവിലെ ഗാർഹിക സിലിണ്ടർ കണക്ഷന് 4,000 രൂപയ്ക്കുള്ളിലാണ് ചെലവ്. 14.2 കിലോ സിലിണ്ടർ ഒരുതവണ റീഫിൽ ചെയ്യാൻ നിലവിൽ ഏകദേശം 930 രൂപയാണ് നിരക്ക്. രണ്ട് സിലിണ്ടർ കണക്ഷന് നേരത്തെ 8,000 രൂപയിൽ താഴെയായിരുന്നു ചെലവ്. പുതിയ സംവിധാനത്തിൽ ഇത്തരം ഇളവുകൾ ലഭിക്കില്ല.

പുതിയ പദ്ധതി വരുന്നതിന് മുൻപ് ലഭിച്ചിരുന്ന സബ്‌സിഡി നിലവിലുള്ള ഉപഭോക്താക്കൾക്ക് തുടരാം. എന്നാൽ കണക്ഷൻ പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഈ ആനുകൂല്യങ്ങൾ നഷ്ടപ്പെടും.

10 കിലോയിലേക്ക് കുറയുമ്പോൾ ഉപയോഗച്ചെലവും കൂടും

സിലിണ്ടറിലെ പാചകവാതകത്തിന്റെ അളവ് 14.2 കിലോയിൽനിന്ന് 10 കിലോയായി കുറയുന്നതോടെ കുടുംബങ്ങളുടെ വാർഷിക ഉപയോഗത്തിലും മാറ്റമുണ്ടാകും. ഒരു സിലിണ്ടർ ശരാശരി 25 ദിവസം ഉപയോഗിക്കുന്ന കുടുംബത്തിന് ഒരു വർഷം 13 സിലിണ്ടറുകൾ വരെ ആവശ്യമായി വരാം. അളവ് കുറയുന്നതോടെ ഇതിലും കൂടുതൽ തവണ റീഫിൽ ചെയ്യേണ്ട സാഹചര്യമുണ്ടാകും.

അതോടെ സിലിണ്ടറിന്റെ വില മാത്രമല്ല, ഒരു വർഷത്തെ ആകെ പാചകവാതക ചെലവും ഉയരാൻ സാധ്യതയുണ്ട്.

ഉജ്ജ്വല ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടമാകും

പുതിയ കണക്ഷനിലേക്ക് മാറുന്നവർക്ക് പ്രധാൻമന്ത്രി ഉജ്ജ്വല യോജന ഉൾപ്പെടെയുള്ള നിലവിലെ ആനുകൂല്യങ്ങൾ ലഭിക്കില്ല. നിർധന കുടുംബങ്ങളിലെ വനിതകൾക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റും റെഗുലേറ്റർ ചാർജുകളും ഒഴിവാക്കി, 1,600 രൂപയുടെ സാമ്പത്തിക സഹായത്തോടെ സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നതാണ് ഉജ്ജ്വല പദ്ധതി.

ഗ്യാസടുപ്പും ആദ്യ റീഫില്ലും ഒരുമിച്ച് വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് എണ്ണക്കമ്പനികൾ വഴി പലിശരഹിത വായ്പാ സൗകര്യവും നേരത്തെ ലഭിച്ചിരുന്നു. റീഫിൽ ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്ന സബ്‌സിഡി ആനുകൂല്യവും പദ്ധതിയുടെ ഭാഗമാണ്. പുതിയ കണക്ഷനിലേക്ക് മാറുന്നതോടെ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കില്ല.

സിലിണ്ടർ ഇനി വീട്ടിലെത്തില്ല

പുതിയ കണക്ഷന്റെ മറ്റൊരു പ്രധാന മാറ്റം സിലിണ്ടർ വിതരണ രീതിയിലാണ്. പുതിയ സംവിധാനത്തിലെ സിലിണ്ടർ വീട്ടിലെത്തിച്ച് നൽകില്ല. ഉപഭോക്താക്കൾ കമ്പനിയുടെ ഔട്ട്ലെറ്റിലോ പെട്രോൾ പമ്പുകളിലോ എത്തിയാണ് സിലിണ്ടർ റീഫിൽ ചെയ്യേണ്ടത്.

രാജ്യത്തെ ഏത് സ്ഥലത്തുനിന്നും സിലിണ്ടർ നിറയ്ക്കാനുള്ള സൗകര്യമാണ് പദ്ധതിയുടെ പ്രത്യേകത. എന്നാൽ സബ്‌സിഡി നഷ്ടപ്പെടുന്നതിനൊപ്പം റീഫിൽ നിരക്ക് ഉയരുകയും സിലിണ്ടറിന്റെ അളവ് കുറയുകയും ചെയ്യുന്നത് ഉപഭോക്താക്കളുടെ ആകെ ചെലവ് വർധിപ്പിക്കുന്ന സാഹചര്യമാണുണ്ടാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img