02:20am 24 May 2026
NEWS
മോഡലിങ്ങിന്റെ മറവിൽ യുവതികളെ ​ഗൾഫിലെത്തിച്ച് പെൺവാണിഭം; പ്രതികളിലൊരാൾ മാപ്പുസാക്ഷിയാകുമെന്ന് സൂചന
23/05/2026  12:24 PM IST
nila
മോഡലിങ്ങിന്റെ മറവിൽ യുവതികളെ ​ഗൾഫിലെത്തിച്ച് പെൺവാണിഭം; പ്രതികളിലൊരാൾ മാപ്പുസാക്ഷിയാകുമെന്ന് സൂചന

കൊച്ചി: മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ വിദേശ പെൺവാണിഭ സംഘങ്ങൾക്ക് കൈമാറിയ കേസിൽ മുഖ്യപ്രതി ആലപ്പുഴ ചാരുംമൂട് സ്വദേശി എസ്. ശ്രീകുമാർ (ബിലാൽ–42) ഇരകളെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ ലൈംഗികശേഷി പരിശോധനയും അന്വേഷണ സംഘം പൂർത്തിയാക്കി. കേസിൽ പ്രതിയായ ഒരു യുവതിയെയും ശ്രീകുമാർ പീഡിപ്പിച്ചതിന്റെ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് വിവരം. ഇതിനിടെ പ്രതിപ്പട്ടികയിലുള്ള ചിലർ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായിട്ടുണ്ടെന്നും റാക്കറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും അറിയുന്നു.

ഒന്നാം പ്രതിയായ സ്റ്റോയ്സി എന്ന സിന്ധു (56) കേസിലെ പങ്കാളിത്തം സമ്മതിച്ചതായും സൂചനയുണ്ട്. ആവശ്യമെങ്കിൽ സിന്ധുവിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രണ്ടാം പ്രതി ഷംലയും അഞ്ചാം പ്രതി റഹ്മത്തും നിലവിൽ ദുബായിലാണുള്ളത്. അറസ്റ്റ് അനിവാര്യമാണെന്ന സൂചനകൾക്കിടെ പ്രതികളിൽ ഒരാൾ അമിതമായി ഉറക്കഗുളിക കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുകളുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, കേസിലെ പ്രതിപ്പട്ടികയിലുള്ള ഒരാൾ മാപ്പുസാക്ഷിയാകാൻ സാധ്യതയുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

മലയാളി യുവതികളെ മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരെയും അയൽരാജ്യങ്ങളിലെ പെൺകുട്ടികളെയും യുവതികളെയും ഈ സംഘം ദുബായിലേക്ക് കടത്തിക്കൊണ്ടുപോയി പെൺവാണിഭ ശൃംഖലയ്ക്ക് കൈമാറിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ അന്വേഷണം വിവിധ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img