
ഇസ്ലാമാബാദ്: ബലൂച് മനുഷ്യാവകാശ പ്രവർത്തകയും ‘ബലൂചിസ്ഥാന്റെ സിംഹിണി’ എന്നറിയപ്പെടുന്ന മഹ്റംഗ് ബലൂചയ്ക്കും സിബ്ഗത്തുള്ള ഷായ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി. ബലൂച് യക്‌ജെഹ്തി കമ്മിറ്റി നേതാക്കളായ ഇരുവരും 2024-ൽ ഗ്വാദറിൽ നടന്ന പ്രതിഷേധ റാലിക്കിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷിക്കപ്പെട്ടത്.
ക്വറ്റയിലെ ഭീകരവിരുദ്ധ കോടതി–1 ലെ ജഡ്ജിയായ മുഹമ്മദ് അലി മൊബീൻ ആണ് വിധി പ്രഖ്യാപിച്ചത്. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് മഹ്റംഗ് ബലൂചും മറ്റ് തടവിലായ ബലൂച് യക്‌ജെഹ്തി കമ്മിറ്റി നേതാക്കളും അവരുടെ അഭിഭാഷകരും കോടതി നടപടികൾ ബഹിഷ്‌കരിച്ചിരുന്നു. ജൂൺ 12 മുതൽ ക്വറ്റയിലെ ഹദ്ദ ജില്ലാ ജയിലിൽ ഇവർ പ്രതിഷേധ സമരം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.
വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബലൂച് യക്‌ജെഹ്തി കമ്മിറ്റിയും രംഗത്തെത്തി. മഹ്റംഗിനും സിബ്ഗത്തുള്ള ഷായ്ക്കും ലഭിച്ച ശിക്ഷ ബലൂച് ജനതയ്ക്കെതിരായ അടിച്ചമർത്തലിന്റെ ഭാഗമാണെന്നാണ് സംഘടനയുടെ ആരോപണം. കേസിന് വ്യക്തമായ നിയമപരമായ അടിത്തറയില്ലെന്നും, പരസ്പരവിരുദ്ധമായ എഫ്ഐആറുകളും സംശയാസ്പദമായ തെളിവുകളുമാണ് കോടതിയിൽ അവതരിപ്പിച്ചതെന്നും ബലൂച് യക്‌ജെഹ്തി കമ്മിറ്റി ആരോപിച്ചു. ഈ വിധി ബലൂച് പ്രതിരോധ പ്രസ്ഥാനത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന നിലപാടും സംഘടന സ്വീകരിച്ചു.
2024 ജൂലൈയിൽ ഗ്വാദറിൽ ബലൂച് യക്‌ജെഹ്തി കമ്മിറ്റി സംഘടിപ്പിച്ച ‘ബലൂച് രാജി മാച്ചി’ എന്ന വൻ ജനകീയ സംഗമവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ ശിക്ഷ. ബലൂചിസ്ഥാനിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്കൊപ്പം അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലെ ബലൂച് വംശജരും പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിഷേധത്തിനിടെ സുരക്ഷാസേനയും പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബലൂചിസ്ഥാനിൽ ആളുകളെ കാണാതാകുന്ന സംഭവങ്ങൾ, നിയമവിരുദ്ധ കൊലപാതകങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് മഹ്റംഗ് ബലൂച് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. 2023-ൽ തുർബത്തിൽ നിന്ന് ഇസ്‌ലാമാബാദിലേക്ക് ഏകദേശം 1,600 കിലോമീറ്റർ നീളുന്ന പ്രതിഷേധ മാർച്ചിന് അവർ നേതൃത്വം നൽകിയിരുന്നു.
സ്വകാര്യ ജീവിതത്തിലെ ദുരനുഭവങ്ങളും മഹ്റംഗിന്റെ പോരാട്ടത്തിന് ശക്തി പകർന്നു. 2009-ൽ അവരുടെ പിതാവിനെ സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിലെടുത്ത ശേഷം മർദനമേറ്റ നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയിരുന്നു. 2017-ൽ സഹോദരനെയും കാണാതായി. ഡോക്ടറെന്ന നിലയിൽ കരിയർ ആരംഭിച്ച മഹ്റംഗ് പിന്നീട് മനുഷ്യാവകാശ പ്രവർത്തനങ്ങളിലേക്ക് പൂർണമായി തിരിഞ്ഞ് ബലൂച് ജനതയുടെ പ്രധാന ശബ്ദങ്ങളിലൊരാളായി മാറുകയായിരുന്നു.










