
തിരുവനന്തപുരം: 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വെച്ച് രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷനുമായി രശ്മി കൂടിക്കാഴ്ച നടത്തുകയും ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും വാർത്താസമ്മേളനത്തിലും പങ്കെടുത്തു.
സി.പി.എം നേതാവും മുൻ എംഎൽഎയുമായ ആയിഷ പോറ്റി കോൺഗ്രസിൽ എത്തിയതോടെയാണ് രശ്മി കോൺഗ്രസുമായി അകലുന്നത്. അയിഷ പോറ്റിയെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ ഒരു വിഭാഗം നേതാക്കൾ തീരുമാനിച്ചതോടെ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായ രശ്മി കോൺഗ്രസ് നേതൃത്വവുമായി അകലുകയായിരുന്നു.
കോൺഗ്രസിന് മുന്നിൽ രശ്മി മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്തതും പാർട്ടി വിടാനുള്ള തീരുമാനത്തിന് കാരണമായെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത തീർക്കുക, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ബോർഡ് അല്ലെങ്കിൽ കോർപ്പറേഷൻ പദവികളിലൊന്ന് നൽകുക എന്നീ ആവശ്യങ്ങളാണ് കോൺഗ്രസിന് മുന്നിൽ വെച്ചിരുന്നതെന്നാണ് വിവരം.
എൻ.ഡി.എ സഖ്യത്തിലേക്ക് ചേർന്ന ട്വൻറി 20 പാർട്ടിയിൽ ബിഗ് ബോസ് താരം അഖിൽ മാരാർ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് രശ്മിയുടെ ബിജെപി പ്രവേശനവും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വൻറി 20യുടെ സ്ഥാനാർത്ഥിയായി അഖിൽ മാരാർ മത്സരിക്കുമെന്ന് പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് അറിയിച്ചു. എൻ.ഡി.എയുമായി ചർച്ച ചെയ്തതിന് ശേഷം മണ്ഡലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊട്ടാരക്കര സ്വദേശിയും സെലിബ്രിറ്റി മത്സരാർത്ഥിയുമായ അഖിൽ മാരാർ ഇതേ മണ്ഡലത്തിൽ നിന്നും മത്സരിക്കുമോ എന്ന കാര്യത്തിൽ നിലവിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. രശ്മിയുടെ ബിജെപി പ്രവേശനത്തോടെ കൊട്ടാരക്കരയിലെ രാഷ്ട്രീയ ചിത്രം കൂടുതൽ സങ്കീർണ്ണമാകുകയാണ്.











