12:26am 01 October 2026
NEWS
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായി മഹേഷ് മുരളീധർ പൈ 2026 ഒക്ടോബർ 1ന് ചുമതലയേൽക്കും
30/09/2026  06:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായി മഹേഷ് മുരളീധർ പൈ 2026 ഒക്ടോബർ 1ന് ചുമതലയേൽക്കും

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി മഹേഷ് മുരളീധർ പൈ 2026 ഒക്ടോബർ 1ന് ചുമതലയേൽക്കും. ബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളമുള്ള പ്രവർത്തനപരിചയവുമായാണ് കൊച്ചി സ്വദേശിയായ അദ്ദേഹം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അമരത്തെത്തുന്നത്.

സ്ട്രാറ്റജി, ഗവേണൻസ്, ട്രഷറി, ഫോറെക്സ്, റീട്ടെയ്ൽ ബാങ്കിംഗ്, അഗ്രികൾച്ചർ, എം.എസ്.എം.ഇ. (MSME) വായ്പ തുടങ്ങി ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ പ്രഗത്ഭനായ മഹേഷ് പൈ, കാനറ ബാങ്കിന്റെ സ്വർണ്ണവായ്പാ വിഭാഗം ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള തന്ത്രപ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്. കൂടാതെ, ബാങ്കിന്റെ ന്യൂയോർക്കിലെ പ്രവർത്തനങ്ങളുടെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കാനറ ബാങ്കിന്റെ ഏറ്റവും വലിയ സോണുകളിലൊന്നിന്റെ തലവനായി പ്രവർത്തിച്ച അദ്ദേഹം ചീഫ് ജനറൽ മാനേജർ (CGM) ആയിരിക്കെ ഡിജിറ്റൽ ബാങ്കിംഗ് വിഭാഗത്തിനും നേതൃത്വം നൽകിയിട്ടുണ്ട്.

ഫിക്സഡ് ഇൻകം മണി മാർക്കറ്റ് ആൻഡ് ഡെറിവേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (FIMMDA), സ്വിഫ്റ്റ് ഇന്ത്യ ഡൊമസ്റ്റിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, കർണാടക സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ ബോർഡുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളമുള്ള പ്രവർത്തനപരിചയവും ബിസിനസ് നേതൃപാടവവും തന്ത്രപ്രധാനമായ പദ്ധതികൾ നടപ്പാക്കിയുള്ള അനുഭവസമ്പത്തും സമന്വയിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്ന് മഹേഷ് പൈയുടെ നിയമനത്തെപ്പറ്റി സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ പറഞ്ഞു. സമീപകാലത്ത് കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുന്നോട്ട് പോകുമ്പോൾ, പദ്ധതികളുടെ നടത്തിപ്പ് ശക്തിപ്പെടുത്തുന്നതിലും ഉപഭോക്തൃബന്ധം കൂടുതൽ ദൃഢമാക്കുന്നതിലും ബാങ്കിന്റെ ഡിജിറ്റൽ, ബിസിനസ് പരിവർത്തനം വേഗത്തിലാക്കുന്നതിലും മഹേഷ് പൈയുടെ നേതൃത്വം നിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗത്ത് ഇന്ത്യൻ ബാങ്കിന് ശക്തമായ ബിസിനസ് ശൃംഖലയും മികച്ച ബാലൻസ് ഷീറ്റുമാണുള്ളതെന്നും, ഭാവിയിൽ കാര്യമായ വളർച്ചാസാധ്യതകൾ ബാങ്കിന് മുന്നിലുണ്ടെന്നും മഹേഷ് മുരളീധർ പൈ പറഞ്ഞു. ഞങ്ങളുടെ ബിസിനസുകളെ മുന്നോട്ട് നയിക്കുന്നതിലും, അച്ചടക്കത്തോടെ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്ക് അനുസൃതമായി ഞങ്ങളുടെ ശേഷി ശക്തിപ്പെടുത്തുന്നതിലുമായിരിക്കും എന്റെ ശ്രദ്ധ. ബാങ്കിന്റെ സുസ്ഥിരമായ വളർച്ചയും ഓഹരി ഉടമകൾക്കുള്ള മൂല്യവർധനയും ഉറപ്പാക്കുന്നതിനൊപ്പം പ്രവർത്തനമികവ്, സാങ്കേതികവിദ്യയിലൂന്നിയ പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img