05:48pm 03 May 2026
NEWS
ദർഗയിലെ രാഘവ ചൈതന്യ ശിവലിംഗത്തിൽ മഹാശിവരാത്രി പൂജ നടത്തി; ഭക്തർ ​ദർ​ഗയിൽ പ്രവേശിച്ചത് കനത്ത പൊലീസ് സുരക്ഷയോടെ
16/02/2026  06:49 PM IST
nila
 ദർഗയിലെ രാഘവ ചൈതന്യ ശിവലിംഗത്തിൽ മഹാശിവരാത്രി പൂജ നടത്തി; ഭക്തർ ​ദർ​ഗയിൽ പ്രവേശിച്ചത് കനത്ത പൊലീസ് സുരക്ഷയോടെ

ബെം​ഗളുരു: കലബുരഗി ജില്ലയിലെ ആലൻഡ് പട്ടണത്തിലെ ലാഡ്ലെ മഷാഖ് ദർഗയിൽ സ്ഥിതിചെയ്യുന്ന രാഘവ ചൈതന്യ ശിവലിംഗത്തിൽ മഹാശിവരാത്രി പൂജ നടത്തി ഭക്തർ. കർണാടക ഹൈക്കോടതി അനുമതിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു മഹാശിവരാത്രി പൂജ. കർശന നിയന്ത്രണങ്ങളോടെയാണ് ഹൈക്കോടതി 13 പേർക്ക് ദർ​ഗയിൽ പ്രവേശിച്ച് പൂജ നടത്താൻ അനുമതി നൽകിയത്.ഉച്ചക്ക് രണ്ടു മണിമുതൽ രാത്രി എട്ടുമണി വരെ മന്ത്രധ്വനികളും രുധ്രാഭിഷേകവുമായി ഭക്തർ ദർ​ഗയിൽ തങ്ങി. 

ദർഗ കമ്മിറ്റിയുടെ ഹർജി പരിഗണിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി സ്വീകരിക്കാൻ തയ്യാറായില്ല. ഇതോടെ ഹൈക്കോടതി ഉത്തരവ് നിലനിൽക്കുകയും നിശ്ചയിച്ച പ്രകാരം മഹാശിവരാത്രി പൂജ നടക്കുകയും ചെയ്തു.

തർക്കത്തിന്റെ പശ്ചാത്തലം

 14-ാം നൂറ്റാണ്ടിലെ സൂഫി സന്യാസിയായ ഹസ്രത്ത് ഷെയ്ഖ് അലാവുദ്ദീൻ അൻസാരി (ലാഡ്ലെ മഷാഖ്) യുമായും 15-ാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയായ രാഘവ ചൈതന്യയുമായും ബന്ധപ്പെട്ടാണ് ഈ പ്രദേശത്ത് തർക്കം നിലനിൽക്കുന്നത്. സാന്നിധ്യം ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്നു. ഹസ്രത്ത് ഷെയ്ഖ് അലാവുദ്ദീൻ അൻസാരിയുടെ പേരിലുള്ള ദർഗ സമുച്ചയത്തിനുള്ളിൽ രാഘവ ചൈതന്യ ശിവലിംഗം നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.

പണ്ടുകാലങ്ങളിൽ ഇരു മതവിശ്വാസികളും ഇവിടെ പ്രാർത്ഥനയ്ക്കായി എത്താറുണ്ടായിരുന്നുവെങ്കിലും, 2022-ൽ ആരാധനാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉയർന്നതോടെയാണ് സംഘർഷം രൂക്ഷമായത്. ശിവലിംഗം അശുദ്ധമാക്കിയ സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. 2025 ഫെബ്രുവരിയിൽ, കർശന പൊലീസ് സുരക്ഷയിൽ 15 ഹിന്ദു ഭക്തർക്ക് ശിവരാത്രി പൂജ നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ആ ചടങ്ങുകൾ സമാധാനപരമായി പൂർത്തിയായതിനെ തുടർന്ന്, സമാന നിബന്ധനകളോടെയാണ് 2026-ലും അനുമതി നൽകിയത്.

കർശന സുരക്ഷയിൽ പൂജ

ഹൈക്കോടതിയുടെ കലബുരഗി ബെഞ്ചിന്റെ രണ്ട് ഉത്തരവുകൾ പ്രകാരം 14 ഭക്തർക്കാണ് ഇത്തവണ പൂജ നടത്താൻ അനുമതി ലഭിച്ചത്. ഉച്ചകഴിഞ്ഞ് 2.25ഓടെ ദർഗ പരിസരത്തെത്തിയ ഭക്തരെ പൊലീസ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. അഡീഷണൽ എസ്.പി. മഹേഷ് മേഘണ്ണവർ നേതൃത്വം നൽകിയ സുരക്ഷാസംഘം ഭക്തരെ അകത്തേക്ക് അനുഗമിച്ചു.

രുദ്രാഭിഷേകം, സഹസ്ര ബിൽവാർച്ചന, ഭജനങ്ങൾ, കർപ്പൂര ആരതി എന്നിവ ഉൾപ്പെടെയുള്ള ചടങ്ങുകൾ ഏകദേശം ഒന്നര മണിക്കൂർ നീണ്ടു. വൈകിട്ട് 4 മണിയോടെ ഭക്തർ ദർഗ പരിസരം വിട്ടു. രണ്ട് ദിവസത്തേക്ക് പ്രദേശത്ത് കർശന സുരക്ഷയും നിരോധനാജ്ഞയും ഏർപ്പെടുത്തിയതോടെ പൊതുഗതാഗതവും ജനസാന്നിധ്യവും പരിമിതമായിരുന്നു.

വിശ്വാസവും നിയമപരമായ പോരാട്ടവും

വർഷത്തിൽ ഒരിക്കൽ മാത്രമെങ്കിലും കർശന നിയന്ത്രണങ്ങളോടെ പൂജ നടത്താൻ ലഭിച്ച അനുമതി, ഹിന്ദു ഭക്തർക്ക് പ്രതീകാത്മകമായ വിജയം തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്ത് നിലനിൽക്കുന്ന മറ്റ് ആരാധനാലയ തർക്കങ്ങൾ ഉൾപ്പെടെ, മതവിശ്വാസവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങൾ ഇനിയും തുടരേണ്ടതുണ്ടെന്ന യാഥാർത്ഥ്യവും ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയാകുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img