
മുംബൈ: മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന രൂപാലി ചക്കങ്കർ രാജിവച്ചു. ബലാത്സംഗക്കേസിലെ പ്രതിയായ ജ്യോത്സ്യൻ അശോക് ഖരാട്ടുമായി അടുത്ത ബന്ധമുണ്ടെന്ന വിവാദം ശക്തമായതിനെ തുടർന്നാണ് രാജി. ഉപമുഖ്യമന്ത്രിയും എൻസിപി പ്രസിഡന്റുമായ സുനേത്ര പവാർക്കാണ് രൂപാലി രാജിക്കത്ത് സമർപ്പിച്ചത്. വിവാദം ഉയർന്ന പശ്ചാത്തലത്തിൽ രൂപാലി ദേവേന്ദ്ര ഫഡ്നാവിസ്നെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ രാജി ആവശ്യപ്പെട്ടതായുള്ള സൂചനകൾ പുറത്തുവന്നിരുന്നു. തുടർന്ന് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനമൊഴിയുന്നതായി അവർ ഔദ്യോഗികമായി അറിയിച്ചു.
നാസിക്കിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അശോക് ഖരാട്ടുമായി രൂപാലിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന ആരോപണമാണ് വിവാദത്തിന് കാരണമായത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അശോകിന് പാദപൂജ ചെയ്യുന്നതും കുടപിടിച്ചു കൊടുക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. കൂടാതെ, ഖരാട്ടിന്റേതായ ഇഷാനേശ്വർ മഹാദേവ ക്ഷേത്ര ട്രസ്റ്റുമായി രൂപാലിക്ക് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. അശോക് ഖരാട്ടിനൊപ്പം ദുർമന്ത്രവാദത്തിൽ രൂപാലി ഏർപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രൂപാലിയെ ഉടൻ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. ബലാത്സംഗത്തിനിരയായ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണങ്ങളും ഉയർന്നിരുന്നു.











