
വിദ്യാർത്ഥി രാഷ്ട്രീയം ഇന്ന് മൺമറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലമാണ്. തിരഞ്ഞെടുപ്പും പ്രകടനങ്ങളും ചില കലാലായങ്ങളിൽ വർഷത്തിൽ ഒരിക്കൽ അരങ്ങേറുന്നുണ്ടെങ്കിലും കാര്യമായ രാഷ്ട്രീയ ചർച്ചകളോ സംവാദങ്ങളോ നടക്കുന്നില്ലാ. സ്ഥിരമായ രാഷ്ട്രീയ ഇടപെടലുകളും ചർച്ചകളും നിലപാടുകളുടെ സംവാദവും പ്രചരണവുമൊന്നും പണ്ടത്തെ അപേക്ഷിച്ച് നടക്കുന്നില്ല. ഇത് രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിൽക്കുന്ന കോളേജുകളിലെ കാര്യമാണ്. അപ്പോൾപിന്നെ രാഷ്ട്രീയ നിരോധനം നിലനിൽക്കുന്ന കാംപസുകളിലെ വിദ്യാർത്ഥികളുടെ സാമൂഹിക-രാഷ്ട്രീയ ബോധ്യത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ രാഷ്ട്രമാണെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ അവർക്ക് ഇന്ന് ധാരാളം നിർവഹിക്കാനുള്ള കാര്യങ്ങൾ ഉണ്ടെന്ന് ആരും പറയുന്നില്ലാ. രാജ്യത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവണതകൾ, വെറുപ്പിന്റെ രാഷ്ട്രീയം, ഭരണഘടനാ വെല്ലുവിളികൾ, ആൾക്കൂട്ടക്കൊലകൾ, ബുൾഡോസർ രാജ്, മനുഷ്യാവകാശ ധ്വംസനങ്ങൾ, എന്ന് തുടങ്ങിയ അനവധി വിഷയങ്ങൾ വിദ്യാർത്ഥികൾ ചർച്ച ചെയ്യേണ്ടതായുണ്ട്. പക്ഷേ, വിദ്യാർത്ഥി സമൂഹം ഈ വിഷയങ്ങളോട് കണ്ണടക്കുന്ന പ്രവണതയാണ് കാണുന്നത്. എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയം കാര്യമായി അരങ്ങേറുന്ന ഒരിടമാണ് എറണാകുളം മഹാരാജാസ് കോളേജ്. പോയ വാരം കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് ആയിരുന്നു. അവിടത്തെ രാഷ്ട്രീയ സ്ഥിതി വിശേഷത്തെക്കുറിച്ചാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
എറണാകുളം മഹാരാജാസ് കോളേജിലെ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു സംഭവമാണ് എന്ന് വേണമെങ്കിൽ പറയാം. അതിന് കാരണം, കോളേജിന്റെ പൈതൃകവും പാരമ്പര്യവുമാണ്. ഒട്ടനവധി പ്രമുഖർ പഠിച്ചിറങ്ങിയ, പണ്ട് മുതൽ നിരുപാധിക രാഷ്ട്രീയ സ്വാതന്ത്ര്യമുള്ള, ഒന്നര നൂറ്റാണ്ട് കാലം പഴക്കമുള്ള, പഴമയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന, പ്രകൃതി ഭംഗികൊണ്ട് സമ്പന്നമായ, കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കലാലയം എന്ന നിലക്ക് കൊണ്ടായിരിക്കണം മഹാരാജാസ് കോളേജ് സവിശേഷപ്പെടുന്നത്. വിദ്യാർത്ഥി രാഷ്ട്രീയം മൺമറഞ്ഞുക്കൊണ്ടിരിക്കുന്ന ഈ കെട്ടകാലത്ത് സജീവ രാഷ്ട്രീയം കൊണ്ട് കേരളത്തിൽ ശക്തമായ സാന്നിധ്യമാണ് മഹാരാജാസ് കോളേജ്. ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായിരുന്ന ദാക്ഷായണി വേലായുധൻ, കേന്ദ്ര നിയമമന്ത്രിയായിരുന്ന ഡോ. വിഎ സെയ്ദു മുഹമ്മദ്, കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന എകെ ആന്റണി, മുഖ്യമന്ത്രിയായിരുന്ന സി കേശവൻ, കേന്ദ്ര ഏവിയേഷൻ മന്ത്രിയായിരുന്ന വയലാർ രവി അടക്കമുള്ളവർ പഠിച്ചിറങ്ങിയ കലാലയമാണ് മഹാരാജാസ് കോളേജ്.
വിദ്യാർത്ഥികൾ ഈ വർഷത്തെ യൂണിയൻ തിരഞ്ഞെടുപ്പിൽ ഊർജസ്വലമായി പങ്കെടുക്കുകയും സമ്മതിദാനം വിനിയോഗിക്കുകയും ചെയ്തു. സാമ്പ്രദായികമായി ഒരു പാർട്ടി തന്നെ മേൽക്കോയ്മ അനുഭവിക്കുന്ന സ്ഥിതിയാണ് മഹാരാജാസിൽ ഇപ്പോഴും തുടരുന്നതെങ്കിലും എല്ലാ വിദ്യാർത്ഥി സംഘടനകളും ശക്തമായ സാന്നിധ്യം അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ മാസമായിരുന്നുവെങ്കിൽ ഇത്തവണ കുറച്ചുകൂടി നേരത്തെയായിരുന്നു തിരഞ്ഞെടുപ്പ്. ആഗസ്റ്റ് മാസം 21ന് തിരഞ്ഞെടുപ്പ് നടന്നു. ആഗസ്റ്റ് 4ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവശ്യത്തിന് സമയം ലഭിച്ചില്ലായെന്ന പരിഭവവും വിദ്യാർത്ഥികൾക്കുണ്ട്. എന്നിരുന്നാൽ തന്നെയും ഉള്ള സമയം കൊണ്ട് പരമാവധി വോട്ട് വർധിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു വിദ്യാർത്ഥികൾ. ഏതായാലും ആഗസ്റ്റ് 21ന് നടന്ന തിരഞ്ഞെടുപ്പിൽ ഫലം പുറത്ത് വന്നപ്പോൾ പതിനാലിൽ പതിനാല് സീറ്റും നേടി എസ്എഫ്‌ഐ ആധിപത്യം നിലനിർത്തി. കെഎസ്‌യുവിന്റെ ചെയർപേഴ്‌സൺ സാരഥി 518 വോട്ടുമായി കഴിഞ്ഞ തവണത്തേതിനേക്കാൾ മികച്ച പ്രകടനം കാഴ്ച്ച വെക്കാനായി എന്നത് ശ്രദ്ധേയമാണ്. കേവലം 240 വോട്ടായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. എസ്എഫ്‌ഐ ചെയർപേഴ്‌സൺ സാരഥി ഇത്തവണ 1206 വോട്ടാണ് നേടിയത്. എംഎസ്എഫ്, ഫ്രറ്റേണിറ്റി ചെയർപേഴ്‌സൺ സാരഥികൾ യഥാക്രമം 98, 40 വോട്ടുകളും നേടി.
മഹാരാജാസ് കോളേജിൽ പ്രധാനമായും 5 വിദ്യാർത്ഥി സംഘടനകളാണ് പ്രവർത്തിക്കുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി, എഐഎസ്എഫ് എന്നീ സംഘടനകളാണ് യൂണിയൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുത്തത്. അഞ്ച് പാർട്ടികൾക്കും പക്ഷേ, വ്യത്യസ്ത തോതിലുള്ള സ്വാധീനവും ശേഷിയുമാണ് കോളേജിൽ നിലനിൽക്കുന്നത്. അതിന്റെ പല വിധകാരണങ്ങളാണ് ഈ ലേഖനത്തിൽ പങ്ക് വയ്ക്കുന്നത്. പതിവ് പോലെ തന്നെ എസ്എഫ്‌ഐ വളരെ ശക്തമായ സംഘടനാ അടിത്തറയോട് കൂടി പ്രവർത്തിച്ചു. പതിറ്റാണ്ടുകളായുള്ള പാർട്ടിയുടെ മേൽക്കൈ ഇക്കുറിയും നിലനിർത്താനായി. മറ്റു പാർട്ടികളുടെ സംഘടനാ സംവിധാനത്തേക്കാൾ വളരെ മുന്നിലാണ് എസ്എഫ്‌ഐ അനുഭവിക്കുന്ന മേൽക്കൈ. എല്ലാ ഡിപ്പാർട്ട്‌മെന്റിലും ഓരോ ക്ലാസ് തലത്തിൽ സംഘടനാ സംവിധാനം എസ്എഫ്‌ഐയ്ക്ക് ഉണ്ട്. അതുപോലെ തന്നെ കൃത്യമായി ഡിപ്പാർമെന്റ് തല കൺവൻഷനുകൾ നടക്കുകയും നേതൃത്വം കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മറ്റൊരു സംഘടനയ്ക്കും ഇല്ലാത്ത സംഘാടന മികവ് അവർക്ക് പ്രകടിപ്പിക്കാൻ സാധിക്കും. ഏരിയാ, ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ സജീവമായ ഇടപെടൽ കാംപസിൽ സ്ഥിരമായി നിലനിൽക്കുന്നുണ്ട്. ഓരോ വർഷം കഴിഞ്ഞാലും ഊർജം ചോരാതെ സംഘടനാ സംവിധാനത്തിലേ നേതൃകൈമാറ്റം വിജയകരമായി പൂർത്തീകരിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് വേണ്ടി ചുമതലപ്പെട്ടവരുണ്ട്. വ്യത്യസ്ത രീതിയിൽ സംഘടന ചലിപ്പിക്കാൻ ശേഷിയുള്ളവരാണ് അവർ. സന്മാർഗികവും അസാന്മാർഗികവുമായ രീതികൾ അതിൽ ഉൾക്കൊണ്ടിരിക്കും. ഈ മിടുക്ക് കൈമോശം വരാതിരിക്കാൻ കൃത്യമായ ഓറിയന്റേഷൻ അടുത്ത തലമുറയിൽ പങ്ക് വച്ചിട്ടായിരിക്കും അവിടെ നിന്നും പഴയ നേതൃത്വം മടങ്ങുക. അതിന് അനുകൂലമായി മാതൃസംഘടനകളുടെ പിന്തുണയും അനുസ്യൂതം എസ്എഫ്‌ഐയ്ക്ക് ലഭിക്കുന്നുണ്ട്. ഈ സംഘടനാ മേൽക്കോയ്മ അനന്തമായി തുടരുന്നത് കാരണം യൂണിയൻ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുവാൻ എസ്എഫ്‌ഐയ്ക്ക് സാധിക്കുന്നു. അതുപോലെ തന്നെ മഹാരാജാസ് കോളേജിലെ അധ്യാപക-അനധ്യാപക സംഘാടനത്തിലെ ഇടതുപക്ഷത്തിനുള്ള മേൽക്കോയ്മ പരോക്ഷമായി എസ്എഫ്‌ഐയ്ക്ക് അനുകൂലമായ സ്ഥിതി ഒരുക്കുന്നുണ്ട്.
സംഘടനാ ബലം കൊണ്ട് മഹാരാജാസ് കോളേജിലെ രണ്ടാമത്തെ വലിയശക്തി എംഎസ്എഫ് ആണ്. കുറച്ചുനാള് മുൻപ് കെഎസ്‌യുവിന് ഉണ്ടായിരുന്ന സ്ഥാനമാണ് ഇന്ന് എംഎസ്എഫ് അനുഭവിക്കുന്നത്. പ്രത്യേകിച്ച് മലബാറിലെ സീറ്റ് കുറവും പുതിയ ട്രെൻഡിന്റെയും ഭാഗമായി വിദ്യാർത്ഥികൾ കാര്യമായി മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പഠിക്കാൻ വരുന്നത് കാരണം എംഎസ്എഫിന് എല്ലാ കോളേജിലും യൂണിറ്റ് ഇടാൻ കഴിഞ്ഞു എന്ന പരിഹാസം നിലനിൽക്കുന്നുണ്ട്. എന്നിരുന്നാൽ തന്നെയും എംഎസ്എഫിന് കാര്യമായി തന്നെ സംഘടനാ സംവിധാനം മഹാരാജാസ് കോളേജിൽ ഉള്ളത് കൊണ്ട് ശക്തമായ പ്രവർത്തനം കാഴ്ച്ച വയ്ക്കാൻ അവർക്കും കഴിയുന്നുണ്ട്. എംഎസ്എഫിനുള്ള സംഘടനാ ബലം കെഎസ്‌യുവിന് ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ, മറ്റൊരു ചിത്രം തെളിഞ്ഞേനെ. എംഎസ്എഫ് അഥവാ മുസ്ലിം സ്റ്റുഡൻസ് ഫെഡറേഷൻ എന്ന പേര് പൂർണ്ണമായും ഉച്ചരിക്കാൻ അതിന്റെ പ്രവർത്തകർ പോലും തയ്യാറല്ലാ എന്ന സ്ഥിതി നിലവിലുണ്ട്. ആ പേര് പൂർണ്ണമായും ഉച്ഛരിക്കുന്നത് പ്രചരണ കാംപയിനിൽ എസ്എഫ്‌ഐയാണ് എന്നതാണ് കാണാൻ സാധിക്കുന്നത്.
എംഎസ്എഫിലെ 'മുസ്ലിം' വർഗ്ഗീയതയുടെ അടയാളമായി എസ്എഫ്‌ഐ കാംപയിനുകളിൽ പ്രചരിപ്പിക്കുന്നുണ്ട്. എസ്എഫ്‌ഐ യുടെ സംസ്ഥാന നേതാക്കൾ തന്നെ അങ്ങനെയൊരു നിലപാട് സ്വീകരിച്ചതായി കാണാം. 'മുസ്ലിം രാജ്യം സ്ഥാപിക്കലാണ് എംഎസ്എഫിന്റെ ലക്ഷ്യം' എന്നൊക്കെയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ എസ്എഫ്‌ഐ ഉയർത്തിവിടുന്നത്! 'എംഎസ്എഫ് എന്നാണ് പേര് എങ്കിലും തങ്ങൾ ഒരു മതേതര പാർട്ടിയാണെന്നും എല്ലാ വിഭാഗം ആളുകൾക്കും എംഎസ്എഫിന്റെ ഭാഗമാവാമെന്നാണ്' യൂണിറ്റിലെ ഒരു നേതാവ് അഭിപ്രായപ്പെട്ടത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയാണ് എംഎസ്എഫ്. മുസ്ലിം താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് പാർട്ടിയുടെ മൗലിക ലക്ഷ്യം എന്ന കാര്യം എംഎസ്എഫുകാർക്ക് വിശദമാക്കാൻ കഴിയാത്ത സ്ഥിതിയാണ് കാണുന്നത്. കാംപസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുസ്ലിം സ്വത്തവാദത്തിന് കാര്യമായ സ്‌കോപ്പ് ഇല്ലാ എന്ന തോന്നലായിരിക്കണം എംഎസ്എഫിന് 'മുസ്ലിം' പറയാൻ സാധിക്കാത്തതെന്നാണ് മനസ്സിലാവുന്നത്.
കെഎസ്‌യു വലിയ മുന്നേറ്റം നടത്താൻ പരിശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാത്ത പരിതാപകരമായ അവസ്ഥയാണ് മഹാരാജാസിലുള്ളത്. എസ്എഫ്‌ഐയുടെ വലിയ സംഘടനാ ശേഷി കെഎസ്‌യുവിന് വലിയ വെല്ലുവിളിയാണ്. എംഎസ്എഫിനെ രാഷ്ട്രീയപരമായാണ് എസ്എഫ്‌ഐ നേരിടുന്നത് എങ്കിൽ കെഎസ്‌യുവിനെ മറ്റൊരു രീതിയിലാണ് നേരിടുന്നത്. കെഎസ്‌യു നേതൃത്വത്തിന് ഉള്ളിലെ ഏതെങ്കിലും ഒരുവൻ മിടക്കനാണെങ്കിൽ അവനെ ആസൂത്രിതമായി ഇല്ലാതാക്കാനും തേജോവധം നടത്താനും എസ്എഫ്‌ഐയ്ക്ക് സാധിക്കുമെന്നിടത്താണ് മറ്റൊരു കാര്യം കിടക്കുന്നത്. മഹാരാജാസ് കാംപസിൽ വ്യവസ്ഥാപിതമായി സംഘടനാ ചലിപ്പിക്കാൻ കെഎസ്‌യുവിന് സാധിക്കുന്നില്ലായെന്നതാണ് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാവുന്നത്.
മഹാരാജാസിലെ മറ്റൊരു പ്രബല കക്ഷിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. വർഷങ്ങളായി കാംപസിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യമായി മുന്നേറ്റം നടത്താൻ സാധിക്കുന്നില്ലാ. എസ്എഫ്‌ഐയുടെ സംഘടനാ മേധാവിത്വം സൃഷ്ടിക്കുന്ന 'വർഗ്ഗീയ ചാപ്പ' ആരോപണങ്ങൾ ചില്ലറ തടസ്സമൊന്നുമല്ല ഫ്രറ്റേണിറ്റിയ്ക്ക് അടിച്ചേൽപ്പിക്കുന്നത്. കാംപസിൽ സജീവമായി വിഷയങ്ങളിൽ ഇടപെടുകയും പരിപാടികൾ സംഘടിപ്പിക്കുന്നതിലും ഫ്രറ്റേണിറ്റി മുന്നിൽ തന്നെയുണ്ട്. പക്ഷേ, വോട്ടായിട്ട് അതൊന്നും വരുന്നില്ലായെന്ന സങ്കടമാണ് ഒരു പ്രവർത്തക അഭിപ്രായപ്പെട്ടത്.
ചുരുക്കത്തിൽ എല്ലാ വിദ്യാർത്ഥി സംഘടനകളും മഹാരാജാസ് കോളേജിൽ അവരുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുന്നുണ്ട്. എല്ലാവരും സംഘടനാ ഭേദമന്യേ 'നമ്മൾ മഹാരാജാസ്' എന്ന കലാലയ ദേശീയ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും തന്നെയാണ് പ്രവർത്തിക്കുന്നത്. പണ്ടത്തെ മഹാരാജാസിനെ അപേക്ഷിച്ച് 'അടിപിടി' ഒഴിച്ച് നിർത്തിയുള്ള ഒരു ഇലക്ഷൻ കാലമാണ് കലാലയത്തിൽ കാണുന്നത്. അതാണ് ഇന്നത്തെ മഹാരാജാസിനെ സവിശേഷമാക്കുന്നത്.
അദീബ് ഹൈദർ,
ഗവേഷക വിദ്യാർത്ഥി,
ഡിപ്പാർട്ട്‌മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ്,
മഹാരാജാസ് കോളേജ്, എറണാകുളം.