
ന്യൂഡൽഹി: കുംഭമേളയ്ക്കിടെ 30 പേർ മരിച്ചത് അത്രവലിയ സംഭവമല്ലെന്ന പരാമർശവുമായി ഹേമമാലിനി എംപി. ജനുവരി 29-ാം തീയതി മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേർ മരിക്കുകയും അറുപതുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് ഹേമമാലിനിനിയുടെ പ്രതികരണം. സംഭവത്തെ പർവതീകരിക്കുകയാണെന്നും ലോക്സഭയിൽ പ്രസംഗിക്കവെ ബിജെപി എംപി ആരോപിച്ചു.
ലോക്‌സഭയിൽ കുംഭമേളയിലെ ദുരന്തം ചൂണ്ടിക്കാട്ടി യു.പി. സർക്കാരിനെ വിമർശിച്ച സമാജ്‌വാദി പാർട്ടി എം.പി അഖിലേഷ് യാദവിനെ രൂക്ഷമായി വിമർശിച്ചായിരുന്നു ഹേമമാലിനിയുടെ പ്രസംഗം. തെറ്റായി സംസാരിക്കുക എന്നതു മാത്രമാണ് അഖിലേഷിന്റെ ജോലിയെന്നായിരുന്നു ഹേമമാലിനിയുടെ പരിഹാസം. ഞങ്ങളും കുംഭമേള സന്ദർശിച്ചിരുന്നു. അങ്ങനെ സംഭവിച്ചു. പക്ഷേ, അത് അത്ര വലുതായിരുന്നില്ല. സംഭവത്തെ പർവതീകരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മഹാകുംഭമേള പോലൊരു വലിയ പരിപാടി വളരെ നല്ലരീതിയിലാണ് ഉത്തർ പ്രദേശ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും പിന്നീട് മാധ്യമങ്ങളോട് ഹേമമാലിനി പറഞ്ഞു.
മഹാകുംഭമേളയ്ക്കിടെ മരിച്ചവരുടെ യഥാർഥത്തിലുള്ള എണ്ണം യോഗി ആദിത്യനാഥ് സർക്കാർ മറച്ചുവെക്കുകയായിരുന്നു എന്നായിരുന്നു നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവേ അഖിലേഷിന്റെ വിമർശനം. മഹാകുംഭമേളയുടെ നടത്തിപ്പിനേക്കുറിച്ച് വ്യക്തത നൽകാൻ സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.











