01:02am 31 October 2026
NEWS
മാജിക് പ്ലാനറ്റിന്റെ 12-ാം വാര്‍ഷികാഘോഷം നാളെ.
30/10/2026  11:31 AM IST
Nasar
മാജിക് പ്ലാനറ്റിന്റെ 12-ാം വാര്‍ഷികാഘോഷം നാളെ


തിരുവനന്തപുരം: വിസ്മയ മാന്ത്രികന്‍ ഹാരി ഹൗഡിനിയുടെ 100-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലെ മാജിക് പ്ലാനറ്റില്‍ നാളെ പ്രത്യേക അനുസ്മരണ പരിപാടിയും മാജിക് പ്ലാനറ്റിന്റെ 12-ാം വാര്‍ഷികാഘോഷവും നടക്കും. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന പരിപാടി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ഡോ. ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിക്കും. ഹാരി ഹൗഡിനിയുടെ മാന്ത്രിക ജീവിതത്തെക്കുറിച്ച് ഗോപിനാഥ് മുതുകാട് എഴുതിയ ഹാരി ഹൗഡിനി-വിസ്മയ ജീവിതം എന്ന പുസ്തകം ചലച്ചിത്ര സംവിധായകനും ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരിയുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും ഡയറക്ടര്‍ ഷൈല തോമസ് നന്ദിയും പറയും.  ഹൗഡിനി അവതരിപ്പിച്ച് ലോകപ്രശസ്തി നേടിയ മില്‍ക് കാന്‍ എസ്‌കേപ്പ്, സ്‌പൈക്ക് എസ്‌കേപ്പ് ആക്ടുകള്‍ എന്നിവ കര്‍ണാടകയില്‍ നിന്നുള്ള മാന്ത്രികന്‍ പ്രകാശ് ഹെമ്മാഡി, മാന്ത്രികന്‍  എം.എന്‍ പ്രിയദര്‍ശന്‍ എന്നിവര്‍ പുനരവതരിപ്പിക്കും.  ആയോധനകലാ വിദഗ്ദ്ധനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ അഭീഷ് ഡൊമിനിക് സാഹസിക ആക്ടുകളും അവതരിപ്പിക്കും.
1926-ല്‍ ഹാലോവീന്‍ ദിനത്തില്‍ ലോകത്തോട് വിടപറഞ്ഞ ഹംഗേറിയന്‍ വംശജനായ അമേരിക്കന്‍ ഇതിഹാസ മാന്ത്രികനാണ് ഹാരി ഹൗഡിനി. ചങ്ങലകളില്‍ നിന്നും പൂട്ടിയ അറകളില്‍ നിന്നും രക്ഷപ്പെടുന്ന എസ്‌കേപ്പ് കലയെ ലോകപ്രശസ്തമാക്കിയ ഹൗഡിനി ഇന്നും ലോകമെമ്പാടുമുള്ള മാന്ത്രികര്‍ക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ നൂറാം ചരമവാര്‍ഷികം ലോകമെമ്പാടും ആചരിക്കുമ്പോഴാണ് മാജിക് പ്ലാനറ്റും ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകുന്നത്.  ഇന്ദ്രജാലത്തിന്റെ എല്ലാ വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന മാജിക് പ്ലാനറ്റ്, ഹാരിഹൗഡിനിയോടുള്ള ആദരസൂചകമായി 2026 മാര്‍ച്ച് മുതല്‍ അദ്ദേഹത്തിന്റെ ചരമദിനമായ ഒക്‌ടോബര്‍ 31 വരെ ഹൗഡിനീസ് മാജിക് പ്ലാനറ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുവാന്‍ തീരുമാനിക്കുകയും ഇതിന്റെ ഭാഗമായി രക്ഷപ്പെടല്‍ ജാലവിദ്യകള്‍ അവതരിപ്പിച്ചുവരികയുമായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img