
'മധുരമായൊരു കോകില നാദം വേനൽ വന്നു കവരുന്നുവോ'... ഈയിടെ പുറത്തിറങ്ങിയ ഈ പാട്ടിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഒരു പുതിയ സ്വരത്തിന്റെ വരവായി.
മനസ്സിനെ ഏതോ മായികഭാവത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന ഹൃദ്യമായ ആലാപനം. നേരറിയും നേരത്ത് എന്ന ചിത്രത്തിലെ സന്തോഷ് വർമ്മ എഴുതി ടി.എസ്. വിഷ്ണു ഈണമിട്ട ആ പാട്ട്, ജെ.ആർ. ദിവ്യനായർ എന്ന ഗായികയുടെ സ്ഥാനം ഉറപ്പിക്കുന്നതായി.
വളരി എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പിൽ ഒരു യുഗ്മഗാനം പാടിക്കൊണ്ടാണ് ദിവ്യചലച്ചിത്രഗാനരംഗത്തേയ്ക്ക് കടന്നത്. അതിലെ ഏറെ ശ്രദ്ധേയമായ പശ്ചാത്തല സംഗീതത്തിലെ സ്വരങ്ങൾ പാടുകയും ചെയ്തു.

ആറുവയസ്സിൽ കർണ്ണാടക സംഗീതപ്രതിഭകളായ കെ. ഓമനക്കുട്ടി, ആലപ്പുഴ ശ്രീകുമാർ എന്നിവരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചുതുടങ്ങി. പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റം നടത്തി. സ്‌ക്കൂൾ, കോളേജ് പഠനകാലത്തുതന്നെ സംഗീതമത്സരങ്ങളിൽ വിജയിയായി. എന്നും പാട്ടിനോട് ഭ്രമമാണ്. ദിവ്യ പാടിയ കവർസോങ്ങുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ആൽബങ്ങളും ഭക്തിഗാനങ്ങളും അതിനുപുറമെ ഡി.ജെ.ആർ ലൈവ് എന്ന പേരിൽ സ്വന്തം ബാൻഡ് ഉള്ള പാട്ടുകാരിയാണ്. ഓർക്കസ്ട്രായുടെ പൂർണ്ണ സംഘം ഒപ്പമുണ്ട്. അതുകൊണ്ടുതന്നെ ലൈവ് ഷോ ധാരാളമായി ചെയ്യുന്നു.
കെഎസ്. ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങി പ്രശസ്തരായ മിക്ക ഗായകരുമൊത്ത് സ്റ്റേജ് ഷോകളിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, കുവൈറ്റ്, ബെഹറേൻ, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലും വേദികളിൽ പാടിയിട്ടുണ്ട്. ബോസ്റ്റനിൽ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന പാട്ട് പാടുമ്പോൾ കൃഷ്ണാ എന്ന ഹൃദയത്തിൽ നിന്നുള്ള ആലാപനത്തിൽ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നത് മറക്കാനാവില്ല. തെക്കൻ പ്രണയകഥ എന്ന ജാസിഗിഫ്റ്റിനൊപ്പം പാടിയ ആൽബം വൈറലായി.
സ്വന്തമായി എഴുതി, സംഗീതം നൽകി പാടിയ ഓണപ്പാട്ടും വിഷുപ്പാട്ടും ഒരു പ്രണയഗീതവും സംഗീതലോകത്തിന്റെ പ്രശംസ നേടി. സ്വന്തം യുട്യൂബ് ചാനലിലും ടി സീരിസിലും മ്യൂസിക് 24/7 ലും പരിപാടികൾ ചെയ്യുന്നുണ്ട്. ബിടെക്കും തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എം.ബി.എയും നേടിയ ദിവ്യ ഇപ്പോൾ ഓൺലൈൻ സംഗീത ടീച്ചർ കൂടിയാണ്.
പകിട്ടുള്ള, സാംസ്‌ക്കാരിക പ്രാധാന്യമുള്ള വേദികളിൽ അവതാരകയാവാറുണ്ട്. ഏഷ്യാനെറ്റ്, കൗമുദി, ദൂരദർശൻ, ജയ്ഹിന്ദ് ടി.വി ചാനലുകളൽ പരിപാടികൾ അവതരിപ്പിക്കുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആഴത്തിൽ പഠിച്ചു അഭിമുഖം നടത്തിയ 'ചായക്കൂട്ട്' എടുത്തുപറയേണ്ടതാണ്. ആകാശവാണിയിലെയും ദൂരദർശനിലെയും ബി ഹൈ ഗ്രേഡ് ഉള്ള ഗായികയാണ്.
സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ചു. ഈയിടെ റിലീസ് ചെയ്ത 'ഉത്രാടപ്പുലരി' എന്ന റൊമാന്റിക് വീഡിയോ ആൽബത്തിലെ ആലാപനവും അഭിനയവും ലൈക്കുകൾ വാരിക്കൂട്ടി. കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയിൽ ബാൻഡ് അവതരിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ ക്ഷണം കിട്ടിയ കലാകാരിയാണ്. ലോകവിപണി ലക്ഷ്യമാക്കി പ്രിയദർശനും സന്തോഷ് ശിവനും സംവിധാനം ചെയ്ത പരസ്യചിത്രങ്ങൾക്കായി ദിവ്യ പാടിയിട്ടുണ്ട്. വസ്ത്രവ്യാപാര പരസ്യങ്ങളിൽ പാടുന്ന മോഡൽ ആയിട്ടുമുണ്ട്. ദിവ്യയുടെ ദാമ്പത്യവും സംഗീതം പകരുന്നതാണ്. കോളേജിലെ ടെക്ക് ഫെസ്റ്റിൽ പാടാൻ വന്ന എഞ്ചിനീയർ സാരംഗ് അശോക് സുഹൃത്തായി. പിന്നെ ഭർത്താവായി. ദൂരദർശൻ ന്യൂസ് റീഡറും റേഡിയോ അവതാരകയും അഭിനേത്രിയും നർത്തകിയുമായ രാജേശ്വരിയുടെയും ബാങ്ക് ഉദ്യോഗസ്ഥനായി വിരമിച്ച ജയകുമാറിന്റെയും മകളാണ് ദിവ്യ. തിരുവനന്തപുരത്ത് മാനവ നഗറിൽ താമസം.










