06:13pm 30 May 2026
NEWS
ദൈവത്തിന് മുന്നിൽ രാഷ്ട്രപതി പോലും ഒരു സാധാരണ ഭക്തനാണ്; ക്ഷേത്രങ്ങളിലെ വിഐപി ദർശനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി
30/05/2026  10:35 AM IST
nila
ദൈവത്തിന് മുന്നിൽ രാഷ്ട്രപതി പോലും ഒരു സാധാരണ ഭക്തനാണ്; ക്ഷേത്രങ്ങളിലെ വിഐപി ദർശനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രങ്ങളിൽ നടപ്പിലാക്കുന്ന വിഐപി ദർശനവും പണം നൽകി ലഭിക്കുന്ന പ്രത്യേക ദർശന സംവിധാനവും സംബന്ധിച്ച് നിർണായക ചോദ്യങ്ങൾ ഉയർത്തി മദ്രാസ് ഹൈക്കോടതി. ദൈവസന്നിധിയിൽ എല്ലാവരും തുല്യരാണെന്നിരിക്കെ ചിലർക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ ആവശ്യകത എന്താണെന്ന് കോടതി ചോദിച്ചു.

വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പി. ചൊക്കലിംഗം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥനും വി. ലക്ഷ്മിനാരായണനും ഉൾപ്പെട്ട ബെഞ്ച്, വിഐപി ദർശനം സാധാരണ ഭക്തർക്ക് കൂടുതൽ കാത്തിരിപ്പിനും അസൗകര്യങ്ങൾക്കും കാരണമാകുന്നുവെന്ന ആശങ്കയും രേഖപ്പെടുത്തി.

“ദൈവത്തിന് മുന്നിൽ രാഷ്ട്രപതി പോലും ഒരു സാധാരണ ഭക്തനാണ്. എല്ലാവരും തുല്യരാണെങ്കിൽ വിഐപി ദർശനത്തിന്റെ പ്രസക്തി എന്താണ്?” എന്ന് കോടതി ചോദിച്ചു. കൂടുതൽ പണം നൽകുന്നവർക്ക് പ്രത്യേക പ്രവേശനം നൽകുന്ന രീതിയെയും കോടതി വിമർശിച്ചു.

പണം വാങ്ങിയുള്ള പ്രത്യേക ദർശനവും വിഐപി ദർശനവും അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, നവദമ്പതികൾ തുടങ്ങിയവർക്ക് നൽകുന്ന പ്രത്യേക സൗകര്യങ്ങൾ തുടരണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ പ്രത്യേക ദർശന സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും സാധാരണ ഭക്തരുടെ കാത്തിരിപ്പ് സമയം കുറയുന്നില്ലെന്നാണ് ഹർജിയിലെ വാദം. കൂടാതെ എല്ലാ സർക്കാർ നിയന്ത്രിത ക്ഷേത്രങ്ങളിലും വീൽചെയർ സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, പ്രത്യേക ദർശനത്തിനുള്ള ഫീസ് നിർബന്ധമല്ലെന്നും തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മാർഗമായാണ് ഈ സംവിധാനം നിലനിൽക്കുന്നതെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img