ബക്രീദ് അടക്കമുള്ള ദിവസങ്ങളിൽ പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യാൻ അനുവദിക്കരുത്; തമിഴ്‌നാട്ടിൽ ഗോവധ നിരോധനം കർശനമായി നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധ നിരോധനം കർശനമായി നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. ബക്രീദ് അടക്കമുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ എവിടെയും പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യാൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നും അവധിക്കാല ബെഞ്ച് നിർദേശിച്ചു. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാനും രജിസ്ട്രിക്ക് കോടതി നിർദേശം നൽകി.
ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് വി. ലക്ഷ്മിനാരായണനും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ അഥവാ സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് നടപടി. ബക്രീദ് ദിനത്തിൽ അധികൃതർ അനുവദിച്ച സ്ഥലങ്ങൾ ഒഴികെ പൊതു ഇടങ്ങളിൽ മൃഗക്കശാപ്പ് അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.
വിധിപ്രസ്താവനയിൽ പശുവിന് ഇന്ത്യയിലെ സാമൂഹിക-ആത്മീയ ജീവിതത്തിൽ വലിയ സ്ഥാനമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചരിത്രപരമായി നിരവധി ഭരണാധികാരികളും ഗോസംരക്ഷണത്തിന് പ്രാധാന്യം നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ ഗോസംരക്ഷണ നിലപാടും പരാമർശിച്ചു. സ്വാതന്ത്ര്യാനന്തര കാലത്ത് പല സംസ്ഥാനങ്ങളും ഗോവധ നിരോധന നിയമങ്ങൾ കൊണ്ടുവന്നതും കോടതികൾ ശരിവെച്ചതുമാണെന്ന് ബെഞ്ച് വ്യക്തമാക്കി.
ബക്രീദ് ദിനത്തിൽ എല്ലാ മുസ്‌ലിംകളും പശുവിനെ ബലിയർപ്പിക്കാറില്ലെന്ന സുപ്രീംകോടതി നിരീക്ഷണവും ഹൈക്കോടതി ഉദ്ധരിച്ചു. ഇസ്‌ലാം മതവിശ്വാസം പ്രകടിപ്പിക്കുന്നതിന് പശുവിനെ ബലിയർപ്പിക്കൽ നിർബന്ധ ഘടകമല്ലെന്ന നിലപാടും കോടതി രേഖപ്പെടുത്തി.










