
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. മടിക്കൈ ആലയിൽ സ്വദേശിയായ ശ്രീജിത്ത് (42) ആണ് പിടിയിലായത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 39-കാരിയായ യുവതി നൽകിയ പരാതിയിലാണ് നടപടി. വിവാഹബന്ധം വേർപെടുത്തി ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയുമായി ശ്രീജിത്ത് അടുപ്പം സ്ഥാപിച്ചതായി പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
യുവതിയുടെ പേരിലുള്ള മലയോര മേഖലയിലെ വീടും സ്ഥലവും വിൽക്കാൻ നിർബന്ധിച്ച ശേഷം ലഭിച്ച തുകയിൽ ഭൂരിഭാഗവും ശ്രീജിത്ത് കൈക്കലാക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് മറ്റൊരു സ്ഥലത്ത് ചെറിയ വീടും സ്ഥലവും വാങ്ങിയെങ്കിലും ശേഷിച്ച പണം ഇയാൾ സ്വന്തമാക്കിയതായി പരാതിയിൽ പറയുന്നു. പുതുതായി വാങ്ങിയ വീടും സ്ഥലവും പണയംവച്ച് വീണ്ടും പണം കൈപ്പറ്റിയ ശേഷമാണ് ശ്രീജിത്ത് യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയതെന്നും പൊലീസ് വ്യക്തമാക്കി. ആകെ 10 ലക്ഷം രൂപയിലധികം നഷ്ടപ്പെട്ടതായി യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, വിവാഹബന്ധം വേർപെടുത്തി കഴിയുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് സമാന രീതിയിൽ പണം തട്ടിയെടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. പരപ്പ സ്വദേശിനിയായ മറ്റൊരു സ്ത്രീയുടെ വീട്ടിലും വിവാഹാഭ്യർഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.









