06:09pm 29 September 2026
NEWS
സോഷ്യൽ മീഡിയ താരമായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
28/09/2026  03:26 PM IST
nila
സോഷ്യൽ മീഡിയ താരമായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

ഭോപ്പാൽ: മധ്യപ്രദേശിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

ഫേസ്ബുക്കിൽ ഒമ്പത് ലക്ഷത്തിലേറെ പേരും ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷത്തോളം പേരും പിന്തുടരുന്ന നിധി തിവാരി വിന്ധ്യ മേഖലയിൽ ഏറെ ജനപ്രീതിയുള്ള സോഷ്യൽ മീഡിയ താരമായിരുന്നു. 2024-ൽ ‘മിസ് പ്രറ്റി’ കിരീടവും നേടിയിരുന്നു. അഭിനയരംഗത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിത മരണം.

ശനിയാഴ്ച രാത്രി ഫോണിൽ സംസാരിക്കുന്നതിനിടെ നിധി ഒരാളുമായി തർക്കത്തിലേർപ്പെട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡൽഹിയിൽ താമസിക്കുന്ന യുവാവുമായാണ് നിധി സംസാരിച്ചതെന്ന് മാതാവ് ലതാ തിവാരി പറഞ്ഞു. ഫോൺ സംഭാഷണത്തിന് പിന്നാലെ നിധി അസ്വസ്ഥയായിരുന്നുവെന്നും തുടർന്ന് മുറിയിൽ കയറി വാതിൽ അടച്ചെന്നും കുടുംബം പറയുന്നു.

സംഭവത്തിന് പിന്നാലെ നിധി സോഷ്യൽ മീഡിയയിൽ വികാരനിർഭരമായ കുറിപ്പും പങ്കുവെച്ചിരുന്നു. “എന്റെ സ്നേഹം ആരും പൂർണതയിലെത്തിച്ചില്ല, ഞാൻതന്നെ അത് ചെയ്തു. അവനവനെ തന്നെ സ്നേഹിക്കുക. നിങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ നിങ്ങളിൽതന്നെ നടത്തുക. എത്രകാലം നിങ്ങൾ നിങ്ങളെ മറ്റൊരാളിൽ തിരഞ്ഞുകൊണ്ടിരിക്കും” എന്നായിരുന്നു വാട്സാപ്പ് സ്റ്റാറ്റസ്.

രാത്രി ഭക്ഷണം കഴിക്കാനായി കുടുംബാംഗങ്ങൾ മുറിയുടെ വാതിലിൽ തട്ടിവിളിച്ചെങ്കിലും നിധി വാതിൽ തുറന്നില്ല. തുടർന്ന് കുടുംബാംഗങ്ങൾ ഉറങ്ങാൻ പോയി. ഞായറാഴ്ച രാവിലെയും വാതിൽ തുറക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചപ്പോഴാണ് നിധിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു നിധിയുടെ താമസം. മൂത്ത സഹോദരി നേരത്തെ മരിച്ചിരുന്നു. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പിന്നീട് കുടുംബത്തിന് കൈമാറി.

മരണവുമായി ബന്ധപ്പെട്ട് വിവിധ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മോർവ പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img