
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയാണ് വിവാഹിതയായ പത്തൊൻപതുകാരിക്ക് കാമുകനൊപ്പം പോകാൻ അനുമതി നൽകിയത്. ഒരു വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം.
തന്റെ ഭാര്യയെ അനൂജ് കുമാർ എന്നയാൾ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവ് അവ്ധേഷ് ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിനുശേഷമാണ് യുവതി കാമുകനൊപ്പം പോയത്.
കോടതിയുടെ നിർദേശപ്രകാരം പൊലീസ് യുവതിയെയും അനൂജ് കുമാറിനെയും കണ്ടെത്തി ഹാജരാക്കി. തുടർന്ന് നടന്ന വിചാരണയിൽ, ആരോടൊപ്പം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ജഡ്ജി ചോദിച്ചതിന്, കാമുകനൊപ്പം പോകാനാണ് താൽപര്യമെന്ന് യുവതി വ്യക്തമാക്കി. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും, സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം കോടതി സംരക്ഷിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
ഭർത്താവുമായി 21 വർഷത്തെ പ്രായവ്യത്യാസമുണ്ടെന്ന് യുവതി കോടതിയിൽ ചൂണ്ടിക്കാട്ടി. വിവാഹജീവിതത്തിൽ സന്തോഷമില്ലെന്നും, ഭർത്താവ് മോശമായി പെരുമാറുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു. ‘ഭർത്താവിന് 40 വയസ്സും എനിക്ക് 19 വയസ്സുമാണുള്ളത്. 21 വയസ്സിന്റെ വ്യത്യാസമുണ്ട്. വിവാഹജീവിതത്തിൽ സന്തോഷവതിയല്ല. ഭർത്താവ് മോശമായി പെരുമാറുന്നുണ്ട്’–യുവതി കോടതിയെ അറിയിച്ചു. തുടർന്ന് കൗൺസിലിങ്ങിന് അയച്ചെങ്കിലും പെൺകുട്ടി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇതോടെ യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
Photo Courtesy - ai











