
ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷായ്ക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് മധ്യപ്രദേശ് ഹൈക്കോടതി. കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകി. സോഫിയ ഖുറേഷിയെ കുറിച്ച് സംസാരിക്കവെ മന്ത്രി ഉപയോഗിച്ച ‘ഭീകരരുടെ സഹോദരി’ എന്ന പരാമർശമാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.
നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെത്തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രിയുടെ പ്രസംഗം. വിവാദമായതോടെ മന്ത്രി വാക്കുകൾ മയപ്പെടുത്തുകയും ചെയ്തിരുന്നു. ‘‘സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല. എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ്’’– മന്ത്രി പിന്നീട് പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിജയ് ഷായെ സംസ്ഥാന മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പം ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ മാധ്യമങ്ങളോടു വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു.











