10:33am 23 October 2026
NEWS
കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശം; മന്ത്രി വിജയ് ഷായെ സംരക്ഷിച്ച് മധ്യപ്രദേശ് സർക്കാർ; സുപ്രീം കോടതിയിൽ നിലപാട് വിശദീകരിക്കും
04/09/2026  04:52 PM IST
nila
കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശം; മന്ത്രി വിജയ് ഷായെ സംരക്ഷിച്ച് മധ്യപ്രദേശ് സർക്കാർ; സുപ്രീം കോടതിയിൽ നിലപാട് വിശദീകരിക്കും

ഭോപാൽ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച സർക്കാർ തീരുമാനം സുപ്രീം കോടതിയിൽ ന്യായീകരിക്കാൻ മധ്യപ്രദേശ് സർക്കാർ. കേസെടുക്കാൻ മതിയായ കാരണങ്ങളില്ലെന്ന വാദമുയർത്തിയാകും സർക്കാർ കോടതിയെ സമീപിക്കുക. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച കേണൽ സോഫിയ ഖുറേഷിയെ വിജയ് ഷാ ‘ഭീകരവാദികളുടെ സഹോദരി’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. “നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ സഹോദരിയെക്കൊണ്ട് തന്നെ മോദിജി പാഠം പഠിപ്പിച്ചു” എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയെങ്കിലും വിജയ് ഷായെ പ്രോസിക്യൂട്ട് ചെയ്യാൻ മതിയായ സാഹചര്യമില്ലെന്നാണ് സർക്കാരിന്റെ നിലപാട്. നിയമ വിദഗ്ധർ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫിസ് എന്നിവരുടെ പരിശോധനയ്ക്ക് ശേഷമുള്ള സർക്കാരിന്റെ വിശദമായ മറുപടി അടുത്ത ദിവസം സുപ്രീം കോടതിയിൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

മന്ത്രിക്കെതിരായ നടപടിക്ക് അനുമതി നൽകേണ്ടതില്ലെന്ന തീരുമാനത്തെ പിന്തുണയ്ക്കാൻ പ്രധാനമായും അഞ്ച് വാദങ്ങളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. വിവാദ പരാമർശവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ-പൊതു പ്രതിഷേധങ്ങൾ ഉയർന്നെങ്കിലും വിജയ് ഷായ്ക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നതാണ് സർക്കാരിന്റെ പ്രധാന വാദങ്ങളിലൊന്ന്.

പ്രസ്താവനയിൽ കേണൽ സോഫിയ ഖുറേഷിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെന്നും ഖുറേഷിയെയോ മറ്റേതെങ്കിലും വ്യക്തിയെയോ അപമാനിക്കുകയെന്ന ഉദ്ദേശം മന്ത്രിക്കുണ്ടായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടും. കൂടാതെ, വിവാദ പരാമർശത്തിൽ വിജയ് ഷാ മൂന്ന് തവണ മാപ്പുപറയുകയും ഖേദം രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും സർക്കാർ വാദിക്കും.

വിജയ് ഷായെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകേണ്ടതില്ലെന്ന് ഓഗസ്റ്റ് 25-ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച ശുപാർശ ഗവർണർ മംഗുഭായ് പട്ടേലിന് കൈമാറുകയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, ബിജെപിക്കുള്ളിലും മധ്യപ്രദേശിലെ ഗോത്രവർഗ രാഷ്ട്രീയത്തിലും ശക്തമായ സ്വാധീനമുള്ള നേതാവാണ് വിജയ് ഷാ. മൂന്ന് പതിറ്റാണ്ടിലേറെയായി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം 1990 മുതൽ തുടർച്ചയായി എട്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമാ ഭാരതിയുടെയും നിലവിലെ മുഖ്യമന്ത്രി മോഹൻ യാദവിന്റെയും മന്ത്രിസഭകളിലും വിജയ് ഷാ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img