
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കാസർകോട് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്ത് രാഷ്ട്രീയ കേരളത്തിന് അത്ഭുതമാകുകയാണ്. 1979ൽ രൂപീകരിച്ച ശേഷം ഇതുവരെ ഒരു ഇടവേളയും കൂടാതെ ബിജെപിയാണ് മധൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണം കയ്യാളുന്നത്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. 24 വാർഡുകളിൽ 15 ഇടങ്ങളിൽ വിജയിച്ചാണ് മധൂർ പഞ്ചായത്ത് ഭരണം ബിജെപി നിലനിർത്തിയിരിക്കുന്നത്.
യുഡിഎഫിന് ഒമ്പത് സീറ്റുകൾ ലഭിച്ചപ്പോൾ, കഴിഞ്ഞ തവണ നാല് സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ ഒറ്റ വാർഡിലും വിജയിക്കാനാകാതെ പഞ്ചായത്തിൽ നിന്ന് പുറത്തായി. 46 വർഷമായി തുടർച്ചയായി ബിജെപി അധികാരം നിലനിർത്തുന്ന മറ്റൊരു പഞ്ചായത്തും കേരളത്തിലില്ല.
കാസർകോട് ബ്ലോക്കിൽ ഉൾപ്പെടുന്ന മധൂർ, പട്ള, ഷിരിബാഗിലു, കുഡലു (ഭാഗികം) വില്ലേജുകളാണ് മധൂർ പഞ്ചായത്തിന്റെ പരിധി. 2020ലെ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളിൽ 13 ബിജെപി നേടിയിരുന്നു. അന്ന് നാല് സീറ്റുകൾ എൽഡിഎഫിനും മൂന്ന് കോൺഗ്രസിനുമായിരുന്നു. യുഡിഎഫ് സീറ്റ് നില മെച്ചപ്പെടുത്തി ഒമ്പതിലെത്തിച്ചെങ്കിലും, എൽഡിഎഫിന്റെ വോട്ട് അടിസ്ഥാനമുഴുവനായും തകർന്നുവീണു.
ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നായിരുന്നു എതിർമുന്നണികളുടെ കണക്കുകൂട്ടൽ. എന്നാൽ ആ വിലയിരുത്തൽ തെറ്റിച്ചു കൊണ്ടാണ് ബിജെപി കൂടുതൽ കരുത്തോടെ വീണ്ടും അധികാരം ഉറപ്പിച്ചത്. കാസർകോട് ജില്ലയിലുടനീളം എൻഡിഎയ്ക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തിന്റെ അതിർത്തി ജില്ലയായ കാസർകോട് ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മേഖലയാണെന്ന വിലയിരുത്തലിന് മധൂരിലെ ഈ തുടർച്ചയായ വിജയം വീണ്ടും തെളിവാകുകയാണ്.











