
മിസ്സ് വേൾഡ് മത്സരത്തിൽ നിന്നും മിസ്സ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറിയതിനെ വ്യക്തിപരമായ ആവശ്യങ്ങൾ കൊണ്ട് തിരികെ പോകുന്നു എന്നായിരുന്നു സംഘാടകരുടെ വിശദീകരണം. എന്നാൽ, തെലങ്കാനയിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന്റെ സംഘാടകർക്ക് എതിരെ യുവതി ഉയർത്തുന്നത് ഗുരുതര ആരോപണങ്ങളാണ്. 'ദ സൺ' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മില്ല മാഗി മിസ്സ് വേൾഡ് സംഘാടകർക്കെതിരെ ആഞ്ഞടിച്ചത്.
'ലൈംഗികതൊഴിലാളി ആണോ എന്ന് പോലും തോന്നിപ്പോയി' എന്നായിരുന്നു മില്ല മാഗി മിസ്സ് വേൾഡ് മത്സരത്തിലെ തന്റെ അനുഭവത്തെ കുറിച്ച് പറഞ്ഞത്. ഷോപീസുകളെ പോലെയാണ് മത്സരാർത്ഥികളെ കൈകാര്യം ചെയ്യുന്നത്. സംഘാടകർ മത്സരാർത്ഥികളെ വിൽപന വസ്തുക്കളാണെന്നാണ് കരുതുന്നത്. മധ്യവയസ്കരായ സ്പോൺസർമാർക്ക് ഒപ്പം നന്ദി പ്രകാശിപ്പിക്കാൻ ഇരുത്തി എന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മില്ല ഉന്നയിക്കുന്നത്.
സ്പോൺസർമാരെ സന്തോഷിപ്പിക്കാനായി രണ്ട് മത്സരാർഥികളെ വീതം ഓരോരുത്തരുടെയും കൂടെ ഒരു ഹാളിൽ ഇരുത്തി. ഇവരോട് നന്ദി പറയണം എന്നും സംഘാടകർ ആവശ്യപ്പെട്ടു. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരം ആകുമെന്ന് കരുതി, കളിക്കുന്ന കുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നു എന്നും മാഗി കുറ്റപ്പെടുത്തുന്നു.











