03:43am 24 June 2026
NEWS
നൂതന പദ്ധതികളുമായി "മാക്ട'
23/06/2026  11:21 AM IST
ജി. കൃഷ്ണൻ
നൂതന പദ്ധതികളുമായി മാക്ട


മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ പ്രഥമ സംഘടനയായ മാക്ടയുടെ'പുതിയ ഭരണസമിതി പുത്തൻ പദ്ധതികളുമായി ചുവടുവയ്ക്കുന്നു.
 മാക്ടയുടെ ഏറ്റവും പുതിയ പദ്ധതി സിനിമ അവാർഡാണ്. മികച്ച സിനിമ, മികച്ച സംവിധായകൻ, അഭിനേതാക്കൾ, ഗായകർ മറ്റ് സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള വർക്ക് ഡിസംബറിൽ പുരസ്‌കാരം നൽകും. 
2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസറിംഗ് കഴിഞ്ഞ സിനിമകളാണ് അവാർഡിന് പരിഗണിക്കുന്നതെന്ന് മാക്ടയുടെ ചെയർമാൻ ജോഷി മാത്യു അറിയിച്ചു. പ്രമുഖ ഡിജിറ്റൽ കമ്പനിയായ ഓക്‌സിജനുമായി ചേർന്നാണ് ഈ അവാർഡ് നൽകുന്നതെന്ന് മാക്ട സെക്രട്ടറി ശ്രീകുമാർ അരുക്കുറ്റി പറഞ്ഞു.
 ഓക്‌സിജൻ ഗ്രൂപ്പ് സി.ഇ.ഒ. ഷിജൊ കെ.തോമസ് സിനിമ അവാർഡുകൾ സ്‌പോൺസർ ചെയ്യും. മാക്ട ഓഫീസ് വെബ്‌സൈറ്റ് വഴി സിനിമ അവാർഡിന് അപേക്ഷിക്കാവുന്നതാണ്. 
പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ മാക്ട തിരക്കഥ മത്സരം സംഘടിപ്പിച്ചിരിക്കുന്നു. കൂടാതെ അംഗങ്ങൾക്ക് വേണ്ടി മൊബൈൽ ഫോൺ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നുണ്ട്. തിരക്കഥ മത്സരത്തിലെ വിജയികൾക്കുളള സമ്മാനങ്ങൾ ജൂൺ 27 എറണാകുളം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ വച്ച് വിതരണം ചെയ്യുമെന്ന് ട്രഷറർ സജിൻ ലാലും ജോയിന്റ് സെക്രട്ടറി ഉത്പൽ വി.നായരും അറിയിക്കുകയുണ്ടായി.
എസ.്എസ.്എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന മാക്ട അംഗങ്ങളുടെ കുട്ടികൾക്കുള്ള പുരസ്‌കാരങ്ങളും ജൂൺ 27ന് സമ്മാനിക്കും.
 പുതിയ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ സിനിമയെ വ്യാവസായികമായി അംഗീകരിച്ചതിൽ മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും മാക്ടയുടെ ഭാരവാഹികൾ നന്ദി പറയുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.
 ജെ.സി.ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി - ചിത്ര നഗരം- എറണാകുളത്ത് സ്ഥാപിതമാക്കുമെന്ന പ്രഖ്യാപനം ഏറ്റവും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.
പുതിയ ഭരണസമിതി മാക്ട ഓഫീസിൽ ലൈബ്രറി ആരംഭിച്ചു. സിനിമ സംബന്ധമായ ധാരാളം പുസ്തകങ്ങളുടെ ശേഖരം ഇപ്പോൾ ലൈബ്രറിയിൽ ലഭ്യമാണ്. 
മാക്ട അംഗങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കാൻ തയ്യാറാക്കിയ മാക്ടയുടെ സ്റ്റിക്കറിന്റെ പ്രകാശന കർമ്മം ജോയിന്റ് സെക്രട്ടറി സോണി സായി പ്രശസ്ത നടനും സംവിധായകനുമായ മധുപാലിന് നൽകി നിർവഹിച്ചു. 27ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ വച്ച് അംഗങ്ങൾക്കെല്ലാവർക്കും മാക്ട സ്റ്റിക്കർ സൗജന്യമായി വിതരണം ചെയ്യും.
 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img