09:20am 11 November 2026
NEWS
മെഷീനറി എക്സ്പോ 2025; സെപ്തംബർ 20ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
17/09/2025  03:05 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മെഷീനറി എക്സ്പോ 2025; സെപ്തംബർ 20ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
HIGHLIGHTS

വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് , ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ അനീഷ്‌ മാനുവൽ, വിനോദ് ജി. എന്നിവർ.

* സെപ്തംബർ 20 മുതൽ 23 വരെ നാല് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന പ്രദർശനം.
* 230 സ്റ്റാളുകൾ; സംസ്ഥാനത്തിന് പുറത്തും നിന്നും മെഷിനറി നിർമാതാക്കൾ പങ്കെടുക്കും.
* തത്സമയ യന്ത്ര ഡെമോകളിലൂടെ നൂതന സാങ്കേതിക വിദ്യകൾ മനസിലാക്കാൻ അവസരം.

കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7ാമത് മെഷിനറി എക്സ്പോ ശനിയാഴ്ച്ച ആരംഭിക്കും. കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലാണ് ഈ മാസം 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന എക്സ്പോ നടക്കുന്നത്. ശനിയാഴ്ച്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ നിയമ- വ്യവസായ- കയർ വകുപ്പ് മന്ത്രി പി. രാജീവ് എക്സ്പോ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച്ച മുതൽ പൊതുജനങ്ങൾക്ക് എക്സപോയിലേക്ക് പ്രവേശനമുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയാണ് എക്പോയിലേക്ക് പ്രവേശനം. പ്രവേശനം സൗജന്യമാണ്.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ- വാണിജ്യ വകുപ്പ് ഡയരക്ടർ വിഷ്ണുരാജ്. പി ഐഎഎസ്, എറണാകുളം ജില്ലാ കലക്ടർ പ്രിയങ്ക. ജി ഐഎഎസ്, എംഎസ്എംഇ മന്ത്രാലയം ഡെവലപ്പ്മെന്റ് കമ്മീഷണർ ഡോ. രജനീഷ് ഐഎഎസ്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ  പി.എ. നജീബ്  എന്നിവർ പങ്കെടുക്കും.
 
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന മെഷീനറികൾ പ്രദർശിപ്പിക്കുകയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുതെന്ന് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 230 സ്റ്റാളുകളാണ് പ്രദർശനത്തിലുണ്ടാവുക. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മെഷിനറി നിർമ്മാതാക്കളും എക്സപോയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ മേഖലകളിലായി മെഷീൻ ടൂളുകൾ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ, സിഎൻസി മെഷീനുകൾ, എസ് പി എമ്മുകൾ, നൂതന പ്രോസസ്സിംഗ്- പാക്കേജിംഗ് മെഷീനുകൾ എന്നിവയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ പ്രദർശനം, തത്സമയ യന്ത്ര ഡെമോകളിലൂടെ സാങ്കേതിക വികസനങ്ങളുടെ നേരിട്ടുള്ള അനുഭവം ഒരുക്കും.

സംരംഭകർക്കും സംരംഭം തുടങ്ങാനിരിക്കുന്നവർക്കും സാങ്കേതിക-വാണിജ്യ ഉൾക്കാഴ്ചകളും വിശദാംശങ്ങളും നൽകുന്നതിന് പുറമെ, ബ്രാൻഡ് നിർമ്മാണത്തിനും ഉപഭോക്തൃ അടിത്തറ വളർത്തുന്നതിനും എക്സ്പോ അവസരം ഒരുക്കും.
 
ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ 'സംഭരണ, വിപണന പിന്തുണ' (പിഎംഎസ്) പദ്ധതിയുടെ പിന്തുണയോടു കൂടിയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img