08:57pm 07 November 2026
NEWS
പിണറായി വിജയന്റെ കണ്ണൂർ പ്രസം​ഗത്തെ ന്യായീകരിച്ച് എംഎ ബേബിയും; പാർട്ടിക്കെതിരായി സഖാക്കൾ വോട്ട് ചെയ്യുന്നത് ഭരണഘടനയു‌ടെ ലംഘനമെന്നും ജനറൽ സെക്രട്ടറി
06/09/2026  06:57 PM IST
nila
പിണറായി വിജയന്റെ കണ്ണൂർ പ്രസം​ഗത്തെ ന്യായീകരിച്ച് എംഎ ബേബിയും; പാർട്ടിക്കെതിരായി സഖാക്കൾ വോട്ട് ചെയ്യുന്നത് ഭരണഘടനയു‌ടെ ലംഘനമെന്നും ജനറൽ സെക്രട്ടറി

ന്യൂഡൽഹി: പാർട്ടി തീരുമാനങ്ങളിൽ പരാതികളും പരിഭവങ്ങളും ഉണ്ടായാലും സിപിഎം നിശ്ചയിക്കുന്ന സ്ഥാനാർഥിക്കു തന്നെ പാർട്ടി അംഗങ്ങൾ വോട്ട് ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പാർട്ടി തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നടത്തിയ പ്രതികരണങ്ങളെ പിന്തുണച്ചാണ് എം.എ. ബേബിയുടെ നിലപാട്. പാർട്ടിക്കൊപ്പം നിൽക്കുകയെന്ന ഉത്തരവാദിത്വത്തിൽ ഒരു സാഹചര്യത്തിലും നിന്ന് വ്യതിചലിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കെതിരായി സഖാക്കൾ വോട്ട് ചെയ്യുന്നത് സിപിഎം ഭരണഘടനയുടെ ലംഘനമാണെന്നും ബേബി ചൂണ്ടിക്കാട്ടി. സിപിഎമ്മിന് തുടർച്ചയായി വോട്ട് ചെയ്തിരുന്ന ചിലർ ഇത്തവണ പാർട്ടി സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടി അംഗങ്ങൾ എടുക്കുന്ന പ്രതിജ്ഞയിൽ സർവത്തിനും ഉപരിയായി പാർട്ടി താൽപര്യമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട്. സ്ഥാനാർഥികളെ സംബന്ധിച്ചോ പാർട്ടി തീരുമാനങ്ങളെ സംബന്ധിച്ചോ പരാതികൾ ഉണ്ടായേക്കാം. എന്നാൽ അതിന്റെ പേരിൽ പാർട്ടിക്കെതിരെ വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ബേബി പറഞ്ഞു.

അതേസമയം, കോഴിക്കോട് നടക്കുന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒമ്പത് പോളിറ്റ്ബ്യൂറോ അംഗങ്ങൾ പങ്കെടുക്കുമെന്ന് എം.എ. ബേബി അറിയിച്ചു. ചർച്ചകൾ കേൾക്കാനും സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് പിബി അംഗങ്ങൾ പങ്കെടുക്കുന്നത്.

വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത് കേന്ദ്ര കമ്മിറ്റി നിർദേശിച്ചതുകൊണ്ടല്ലെന്നും സംസ്ഥാന കമ്മിറ്റികൾ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട പ്രവർത്തന പദ്ധതികളും യോഗം ചർച്ച ചെയ്യും.

നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ടയാണെന്നും ബേബി പറഞ്ഞു. പാർട്ടിയുടെ ബലഹീനതകൾ പരിഹരിച്ച് തിരിച്ചുവരുന്നതിനുള്ള നടപടികൾക്കാണ് നിലവിലെ ചർച്ചകൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img