08:36pm 02 May 2026
NEWS
എം എ ബേബിക്ക് മുന്നിലുള്ളത് പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന വലിയ ദൗത്യം
06/04/2025  05:57 PM IST
nila
 എം എ ബേബിക്ക് മുന്നിലുള്ളത് പാർട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്ന വലിയ ദൗത്യം
HIGHLIGHTS

രണ്ടു തെറ്റുകൾ ചേർത്തുവെച്ചാൽ ഒരു ശരിയാകില്ലെന്ന സന്ദേശമാണ് സിപിഎം പ്രചരിപ്പിക്കേണ്ടത്.

സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംഎ ബേബിക്ക് മുന്നിലുള്ളത് പാർട്ടിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യം. ഒരുകാലത്ത് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ ഭരണവും നാൽപതിലേറെ ലോക്സഭാം​ഗങ്ങളുമുണ്ടായിരുന്ന പാർട്ടിക്ക് ഇന്ന് കേരളത്തിൽ മാത്രമാണ് ഭരണമുള്ളത്. ലോക്സഭയിൽ വെറും നാല് അം​ഗങ്ങളും. കേരളത്തിൽ ഭരണമുണ്ടെങ്കിലും പാർട്ടി നേരിടുന്നത് വലിയ പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ്. പാർട്ടിയിലേക്ക് വലിയ തോതിൽ ആളുകൾ എത്തുന്നുണ്ട് എങ്കിലും പാർട്ടി വിദ്യാഭ്യാസത്തിന്റെ കുറവ് പാർട്ടി സംഘടനയെ ദുർബലപ്പെടുത്തുന്നുണ്ട്. ഇതുൾപ്പെടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് സിപിഎമ്മിനെ രാജ്യത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിലെത്തിക്കുക എന്നത് ശ്രമകരമായ ​ദൗത്യം തന്നെയാണ്.

രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട വർഷങ്ങളിലും പിന്നീട് 1964ൽ സിപിഎം രൂപം കൊണ്ടപ്പോഴും എല്ലാം പാർട്ടിക്ക് സമാന പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് പറഞ്ഞ് തർക്കിക്കുന്നവരുണ്ട്. എന്നാൽ, അത് പാർട്ടി രൂപംകൊണ്ടതിന് ശേഷമുള്ള വളർച്ചയുടെ കാലഘട്ടമായിരുന്നു. ഇപ്പോഴുള്ളത് സകല പ്രതാപങ്ങളിൽ നിന്നും പടിയിറങ്ങിയുള്ള തകർച്ചയുടെ ഘട്ടവും. തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന, അധികാര തർക്കങ്ങൾ താഴെ തട്ടിൽ പോലും സംഘടനാ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു പാർട്ടിയാണ് ഇന്ന് സിപിഎം. മതരാഷ്ട്രീയം ശക്തി പ്രാപിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയും. സംഘപരിവാറിനെ പ്രകോപിപ്പിക്കാൻ വേണ്ടിയാണെങ്കിൽ പോലും ന്യൂനപക്ഷ പ്രീണനനയം ബോധപൂർവം സ്വീകരിക്കുന്ന ഒരു പാർട്ടി അവരറിയാതെ തന്നെ തങ്ങളോടൊപ്പമുള്ള ഭൂരിപക്ഷ സമുദായത്തെ മാനസികമായി അകറ്റുകയാണ്. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ മാത്രമേ എം എ ബേബിക്ക് പാർട്ടിക്ക് പുനർജീവൻ നൽകാൻ സാധിക്കു. 

കേരളത്തിന് പുറത്ത് ചിലയിടങ്ങളിലെങ്കിലും സിപിഎമ്മിന് ഇന്നും ശക്തമായ സംഘടനാ സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ, അവയൊക്കെ പാർലമെന്ററി രം​​ഗത്ത് ശക്തി തെളിയിക്കാൻ തക്ക പ്രഹരശക്തിയുള്ള പാർട്ടി ഘടകങ്ങളല്ല. മാറിയ കാലഘട്ടത്തിൽ പുതിയ ശക്തികളുമായി കൈകോർക്കുകയും സഖ്യം ചേരുകയും വേണം. പാർട്ടിയുടെ കാഴ്ച്ചപ്പാടിലും പ്രവർത്തന രീതിയിലും മാറ്റങ്ങൾ കൊണ്ടുവരണം. സാങ്കേതിക വിദ്യ അതിന്റെ പരകോടിയിൽ പുരോ​ഗമിച്ച് പൂത്തുലയുമ്പോൾ തൊഴിലാളി വർ​ഗത്തെ പോലും പുനർനിർവചിക്കേണ്ടി വരും. വർ​ഗസമര സിദ്ധാന്തവും തൊഴിലാളി വർ​ഗ സർവാധിപത്യവും പോലുള്ള മാർക്സിയൻ ദർശനങ്ങളെ കാലഘട്ടത്തിനനുസൃതമായി വ്യാഖ്യാനിക്കേണ്ടി വരും. 

പരന്ന വായനയും ഉറച്ച സംഘടനാ ബോധവും മികച്ച സംഘാടക ശേഷിയുമുള്ള എംഎ ബേബിക്ക് അതിനെല്ലാം കഴിയും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ബേബിക്ക് മുന്നിൽ വിലങ്ങുതടിയാകുക സ്വന്തം തട്ടകമായ കേരളത്തിലെ പാർട്ടി ഘടകമാകും. പണ്ട് മുതൽക്കേ വി എസിനൊപ്പം അടിയുറച്ച് നിന്ന ബേബിയെ കേരളത്തിൽ നിന്നും ഡൽഹിക്ക് വിട്ടത് ഇവിടുത്തെ വിഭാ​ഗീയതയുടെ അവസാന കണ്ണിയേയും നിശബ്ദമാക്കാനെന്ന ആക്ഷേപം പണ്ടേ ഉയർന്നിരുന്നു. കേരള രാഷ്ട്രീയത്തിൽ നിന്നും വനവാസത്തിന് വിധിക്കപ്പെട്ട നേതാവ് പാർട്ടിയുടെ പരമാധികാരിയായി തിരിച്ചത്തുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും മുകളിൽ എന്ത് ചെയ്യാനാകും എന്ന് കണ്ടറിയണം. 

 ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തിൽ നിന്ന് പാർട്ടി ജനറൽ സെക്രട്ടറിയാകുന്ന നേതാവാണ് എം എ ബേബി. ഇ എം എസിനെ പോലെ തന്നെ രാഷ്ട്രീയത്തിലെ അടവുകളും ചുവടുകളും ശരിക്കും ബോധ്യമുള്ള നേതാവ്. എന്നാൽ, കാലം ഇ എം എസിന്റേതല്ല എന്നത് എം എ ബേബിയുടെ മുന്നിലെ വലിയ വെല്ലുവിളിയാകും. മാറ്റത്തിന് ആ​ഹ്വാനം ചെയ്യുന്ന പാർട്ടി ഒരിക്കലും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ സ്വയം സ്വീകരിക്കുവാൻ തയ്യാറായിട്ടില്ല. പാർട്ടിയെ നവീകരിക്കാനും ജനങ്ങൾക്ക് മുന്നിൽ ആവേശകരമായ കാഴ്ച്ചപ്പാടുകൾ അവതരിപ്പിക്കാനും കഴിഞ്ഞാൽ എം എ ബേബിക്ക് സിപിഎമ്മിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനാകും.

സംഘപരിവാർ പ്രചരിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കാൻ ന്യൂനപക്ഷ മതങ്ങളെ പ്രീണിപ്പിക്കുന്നതല്ല ശരിയായ രീതി എന്ന് സിപിഎം നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഏറ്റവുമൊടുവിൽ മധുര കോൺ​ഗ്രസിൽ പലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ പിണറായി വിജയൻ അടക്കമുള്ള പ്രതിനിധികൾ കഫിയ ധരിച്ച് നിന്നത് ഈ രാജ്യത്തെ ന്യൂനപക്ഷത്തിനോ പലസ്തീൻ ജനതക്കോ പ്രത്യേകിച്ച് നേട്ടമൊന്നും നൽകിയില്ല. എന്നാൽ, രാജ്യത്തെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വീണ്ടും വിലങ്ങുതടിയിടാൻ മാത്രമാണ് ആ പ്രതിഷേധവും സഹായകരമായത്. കമ്മ്യൂണിസ്റ്റുകൾ ഹമാസ് ഭീകരരെ പിന്തുണക്കുന്നവരാണ് എന്ന പ്രചാരണത്തിന് സംഘപരിവാറിന് അവസരം ഒരുക്കി. അതേസമയം, താലിബാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനോ ബം​ഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷക്കോ വേണ്ടി ഒരു പ്രകടനവും പാർട്ടി കോൺ​ഗ്രസിൽ ഉണ്ടായതുമില്ല. ഇന്നും സിപിഎമ്മിന്റെ പതാകയുടെ കീഴിൽ അണിനിരക്കുന്ന ബ​ഹുഭൂരിപക്ഷവും ഹിന്ദുക്കളാണെന്നും അവരെ ക്യാൻവാസ് ചെയ്യാൻ ഇത്തരം കാര്യങ്ങൾ സംഘപരിവാർ ഉപയോ​ഗിക്കും എന്നതും ഇന്നും സിപിഎം തിരിച്ചറിയുന്നില്ല. 

ഭൂരിപക്ഷ വർ​ഗീയതയെ എതിർക്കേണ്ടത് ന്യൂനപക്ഷ പ്രീണനം കൊണ്ടല്ലെന്നും സിപിഎമ്മിന്റെ പുതുനേതൃത്വം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഭൂരിപക്ഷ വർ​ഗീയതയും ന്യൂനപക്ഷ വർ​ഗീയതയും ഒരുപോലെ തെറ്റാണെന്ന് ബോധ്യപ്പെടുത്തുകയാണ് പാർട്ടി ചെയ്യേണ്ടത്. രണ്ടു തെറ്റുകൾ ചേർത്തുവെച്ചാൽ ഒരു ശരിയാകില്ലെന്ന സന്ദേശമാണ് സിപിഎം പ്രചരിപ്പിക്കേണ്ടത്. കൃത്യമായ ഇടതുപക്ഷ ലൈൻ വീണ്ടെടുത്ത് കാലഘട്ടം ആവശ്യപ്പെടുന്ന കടമ നിർവ​​ഹിക്കാനാണ് എം എ ബേബി ചെയ്യേണ്ടത്. അല്ലാതെ അധികാരം നിലനിർത്താനുള്ള കുറുക്ക് വഴികൾ തേടലല്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img