09:35pm 13 June 2026
NEWS
രാഹുൽ ​ഗാന്ധി പിണറായിയെ കെട്ടിപ്പിടിക്കേണ്ടതില്ല, പക്ഷേ രാഷ്ട്രീയ മര്യാദ വേണം: എം.എ ബേബി
13/06/2026  04:17 PM IST
NILA
രാഹുൽ ​ഗാന്ധി പിണറായിയെ കെട്ടിപ്പിടിക്കേണ്ടതില്ല, പക്ഷേ രാഷ്ട്രീയ മര്യാദ വേണം: എം.എ ബേബി

തിരുവനന്തപുരം: രാഷ്ട്രീയ വിയോജിപ്പുകൾ കാരണം പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്ന രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം ജനറൽ സെക്രട്ടറി എം എ ബേബി. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ ആരും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്നാൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡി അന്വേഷണം ആവശ്യപ്പെടുന്ന നിലപാട് അദ്ദേഹം അവസാനിപ്പിക്കണമെന്നും എം.എ. ബേബി പറഞ്ഞു. രാഹുൽ ഗാന്ധി അന്വേഷണ ഏജൻസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജന്റായി മാറരുതെന്നും, സഹപ്രവർത്തകരായ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കാൻ ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമല്ലെന്നും ബേബി ചൂണ്ടിക്കാട്ടി. ആലിംഗനം എന്നത് നിർബന്ധിതമായ ഒരു പ്രവൃത്തിയല്ലെന്നും പരസ്പര ബഹുമാനത്തിന്റെയും സൗഹൃദത്തിന്റെയും പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്ന് പറയുന്ന രാഹുൽ ഗാന്ധി, പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത കാര്യം മറക്കരുതെന്നും എം.എ. ബേബി പറഞ്ഞു.

ഇന്ത്യ മുന്നണിയുടെ ഭാഗമായിരിക്കെ അരവിന്ദ് കെജ്രിവാളിനെതിരെയും സമാന ആരോപണങ്ങൾ ആദ്യം ഉന്നയിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പിന്നീട് കെജ്‌രിവാളിനെയും മനീഷ് സിസോദിയയേയും കോടതി കുറ്റവിമുക്തരാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ധാരണയുണ്ടെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖാർ​ഗെയുടെയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബേബി വ്യക്തമാക്കി. ആർ.എസ്.എസിനെയും ബി.ജെ.പിയെയും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടുന്നതിൽ സി.പി.എമ്മിനോളം പോരാട്ടവും ത്യാഗവും നടത്തിയ മറ്റൊരു പാർട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ കക്ഷികൾ ചില സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കുന്നത് സ്വാഭാവികമാണെങ്കിലും, അത്തരം സാഹചര്യങ്ങളിൽ പാലിക്കേണ്ട രാഷ്ട്രീയ മര്യാദയും പക്വതയും ദേശീയ നേതാക്കൾ മറക്കരുതെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് താൻ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img