11:03pm 12 November 2026
NEWS
പിഡിപി വർ​ഗീയ നിലപാടുകളിൽ നിന്നും പിന്മാറിയെന്ന് എംഎ ബേബി
28/03/2026  04:41 PM IST
nila
പിഡിപി വർ​ഗീയ നിലപാടുകളിൽ നിന്നും പിന്മാറിയെന്ന് എംഎ ബേബി

കണ്ണൂർ: ഒരിക്കൽ വർഗീയ നിലപാടുകൾ സ്വീകരിച്ചിരുന്ന പിഡിപി ഇപ്പോൾ അതിൽ നിന്ന് മാറിയതായി സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി.  അബ്ദുൽ നാസർ മഅദനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ബേബി ചൂണ്ടിക്കാട്ടി. ‘മീറ്റ് ദ പ്രസ്സ്’ പരിപാടിയിൽ സംസാരിക്കവേയാണ് അ​ദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിഡിപി എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞത് അവരുടെ സ്വന്തം നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ പോലുള്ള മതരാഷ്ട്രവാദ സംഘടനകളുമായി സിപിഎമ്മിന് യാതൊരു രാഷ്ട്രീയ സഹകരണവും ഇല്ലെന്നും എം.എ ബേബി വ്യക്തമാക്കി. 

സംസ്ഥാനത്ത് ലോക്സഭയിലും നിയമസഭയിലും ബിജെപിക്ക് ലഭിച്ച വോട്ടുകൾ കോൺഗ്രസിന്റെ വോട്ടുകളിൽ നിന്നുള്ള ഇടിവിന്റെ ഫലമാണെന്ന് അദ്ദേഹം വിലയിരുത്തി. തിരുവനന്തപുരം കോർപറേഷനിലും സമാന പ്രവണതയാണുണ്ടായതെന്ന് പറഞ്ഞ ബേബി, ബിജെപി–കോൺഗ്രസ്–ലീഗ് ബന്ധത്തെ വിമർശിച്ചു. അതേ സമയം, സിപിഎം–ബിജെപി രഹസ്യ ധാരണയെന്ന കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് സമയത്ത് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ടുപോകുന്നവർ സ്ഥാനമോഹം കൊണ്ടാണെന്ന് ബേബി വിമർശിച്ചു. രക്തസാക്ഷികളുടെ പാരമ്പര്യമുള്ള പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ ഇത്തരം കാരണങ്ങളാൽ പുറത്തുപോകുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ധനകാര്യ കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും, ഏതെങ്കിലും വീഴ്ച കണ്ടെത്തിയാൽ പാർട്ടി തന്നെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് ബേബി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിപിഎം–ബിജെപി കൂട്ടുകെട്ട് എന്ന ആരോപണം ഉയർത്തുന്നത് കേരളത്തിന്റെ വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യ മേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങളെ വലുതാക്കി കാട്ടി, എൽഡിഎഫ് ഭരണകാലത്തെ ആരോഗ്യ രംഗത്തിലെ പുരോഗതി മറച്ചുവയ്ക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണെന്ന് ബേബി കുറ്റപ്പെടുത്തി. താലൂക്ക് ആശുപത്രികളിൽ പോലും ഹൃദ്രോഗങ്ങൾക്ക് സൗജന്യവും ഫലപ്രദവുമായ ചികിത്സ ലഭ്യമാകുന്ന സാഹചര്യം നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുആരോഗ്യ സംവിധാനത്തെ ദുർബലമാക്കാൻ സ്വകാര്യ ആശുപത്രി ലോബികളും പ്രതിപക്ഷത്തോടൊപ്പം പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ നിലപാട് ഏകോപിതമല്ലെന്നും, ആർഎസ്എസ് നയിക്കുന്ന ബിജെപിയെ പ്രതിരോധിക്കാൻ ആവശ്യമായിടത്ത് മറ്റു പാർട്ടികളുമായി സഹകരിക്കുക എന്നതാണ് സിപിഎമ്മിന്റെ നയമെന്നും ബേബി വിശദീകരിച്ചു. അതുകൊണ്ടുതന്നെ കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സിപിഎം സഹകരിക്കുന്നതായും, ഈ നയം പാർട്ടി അംഗീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img