
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്വാനഭാരം കുറക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ ഉത്പാദന ഉപാധികൾ സ്വകാര്യ ഉടമസ്ഥതയിൽ ആകുമ്പോൾ മുതലാളിമാർ പിന്നെയും മുതലാളിമാർ ആകുമെന്നും ഊരാളുങ്കൽ സൊസൈറ്റിയുടെ നൂറാം വാർഷികാഘോഷ കുടുംബസംഗമ പരിപാടിയിൽ സംസാരിക്കവെ എം വി ഗോവിന്ദൻ പറഞ്ഞു. തൊഴിലാളികൾ തന്നെ മുതലാളിമാരായ ഊരാളുങ്കൽ പോലെയുള്ള സംരഭങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിലാളികൾക്ക് സഹായകരമാകുമെന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം.
ഊരാളുങ്കൽ ലേബർ സൊസൈറ്റി എ.ഐ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എഐ തൊഴിൽ കൂടി ഉൾച്ചേർത്താണ് ഈ മഹത്തായ സഹകരണ പ്രസ്ഥാനം മുന്നേറുന്നത്. എന്നാൽ എ ഐ പോലുള്ള ഉത്പാദന ഉപാദികൾ സ്വകാര്യ ഉടമസ്ഥതയിൽ വരുമ്പോൾ വളർച്ച സമ്പന്നരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരാകും. എന്നാൽ ഊരാളുങ്കൽ പോലുള്ള സഹകരണ പ്രസ്ഥാനങ്ങൾ ഉപയോഗിക്കുമ്പോൾ ഉടമ തൊഴിലാളിയും സഹകരണ മേഖലയുമാണ്. അത്തരത്തിൽ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.











