
ഭാരത് മാതാ വിഷയത്തിൽ സിപിഎമ്മും സിപിഐയും രണ്ടുചേരിയിൽ. കഴിഞ്ഞ ദിവസം സിപിഐ പ്രവർത്തകർ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനു പിന്നാലെ, വിശാലമായ അർത്ഥത്തിൽ ഭാരത് മാതാ സങ്കൽപത്തെ സിപിഐ അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ നിലപാടിനെ അപ്പാടെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയതോടെയാണ് ഭാരത് മാതാ ഒരു പ്രത്യയശാസ്ത്ര തർക്ക വിഷയമായി പരിണമിച്ചത്. ഭാരത് മാതാ സങ്കൽപം ആർഎസ്എസിൻ്റേതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർ പ്രസ് കോൺഫറൻസ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് എം വി ഗോവിന്ദൻ സിപിഐയുടെ ഭാരത് മാതാ നിലപാടിനെ പൂർണമായും തള്ളിയത്.
ഭാരത് മാതാ സങ്കൽപം ആർഎസ്എസിൻ്റേതാണെന്നും അത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്ന സങ്കൽപമല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അത് ഭരണഘടനാ സങ്കൽപവുമല്ല. അതിനാൽ ഭാരത് മാതാ സങ്കൽപം അംഗീകരിക്കാനാവില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് മാതാ സങ്കൽപം മറ്റുള്ളവർ അംഗീകരിക്കണമെന്ന് വാശിപിടിക്കുന്നത് ഫാസിസമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.











