
സർക്കാർ ഉദ്യോഗസ്ഥർ അഴിമതിക്കാരാകുകയെന്നത് പുതുമയുള്ള കാര്യമല്ല. ആത്മാർഥതയോടെ സേവനം ചെയ്യുന്ന ധാരാളം പേർ ഉണ്ടെങ്കിലും ഓഫീസുവിഴുങ്ങികൾ ഒട്ടും കുറവല്ലതന്നെ. എന്നാൽ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ, അഴിമതിക്കെതിരെ പോരാടുന്ന സാമൂഹ്യപ്രവർത്തകനെ കൊലയ്ക്കു കൂട്ടിക്കൊടുക്കുകയെന്ന നീചകൃത്യം കേട്ടുകേൾവിയില്ല. മുംബയ് മഹാനഗരത്തിന്റെ സമീപമേഖലയായ വിരാർ ഈസ്റ്റിൽ അടുത്തിടെയുണ്ടായ ക്രൂരമായ കൊലപാതകം അത്തരമൊരു സംഭവത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. മേഖലയിലെ ക്വാറിക്കെതിരെ ശബ്ദമുയർത്തിവന്ന സാമൂഹ്യപ്രവർത്തകൻ ആത്മാറാം പാട്ടീലിനെ (53) ക്വാറി മാഫിയയുടെ പത്തോളം ഗുണ്ടകൾ ഇരുമ്പുവടികളും മുളവടികളും കല്ലുകളും ഉപയോഗിച്ച് അടിച്ചും ഇടിച്ചുമാണ് കൊന്നത്.
വിരാർ ഈസ്റ്റ് ശിർഗാവ് മേഖലയിലെ അനധികൃത ക്വാറിയുടെ പ്രവർത്തനങ്ങളെപ്പറ്റി വിവരാവകാശ പ്രവർത്തകൻ ആത്മാറാം പാട്ടീലും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ അമിത് ചൗധരിയും നിരന്തരം പരാതിപ്പെട്ടുവരികയായിരുന്നു.
വെളുപ്പിന് മൂന്നു മണി മുതൽ രാവിലെ ഏഴര വരെ നടത്തുന്ന ഗിലാറ്റിൻ സ്‌ഫോടനങ്ങളും കനത്ത പൊടിപടലങ്ങളും പ്രാദേശീകരുടെ ഉറക്കംകെടുത്തിവരികയായിരുന്നു. ഇതിന്റെ വീഡിയോ അടക്കമുള്ള രേഖകൾ പാട്ടീലിന്റെയും ചൗധരിയുടെയും പക്കൽ ഉണ്ടായിരുന്നു.
ഇതിനെത്തുടർന്ന് ക്വാറി മാഫിയക്കാരുടെ ഭീഷണിയും സാമൂഹ്യസേവകർക്ക് മുറയ്ക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഭീഷണിയെപ്പറ്റിയും ക്വാറി നടപടികളെപ്പറ്റിയും നിരന്തരം പരാതിപ്പെട്ടെങ്കിലും വിരാർ പൊലീസോ വസയ് തഹസീൽദാരോ നടപടിയെടുത്തില്ലെന്നാണ് കൊല്ലപ്പെട്ട പാട്ടീലിന്റെ മകൻ ഹേമന്ത് പാട്ടീലിന്റെയും ചൗധരിയുടെയും നാട്ടുകാരുടെയും ആരോപണം.
പരിസ്ഥിതി നിയമങ്ങൾ മറികടന്ന് കല്ല്, മണ്ണ്, പൊടിക്കല്ല്, ലവണങ്ങൾ തുടങ്ങിയ പതിവായി മേഖലയിൽ നിന്നു കടത്തി ക്കൊണ്ടിരിക്കുകയാണെന്ന് ഗ്രാമീണർ പറയുന്നു. ഗ്രാമത്തിലെ ശക്തിമാനായ ഭാൽചന്ദ്ര പാട്ടീലും മക്കളും കൊച്ചുമക്കളും ചേർന്നാണീ അനധികൃത നടപടികൾ ചെയ്യുന്നതെന്നും ഗ്രാമീണർ ആരോപിക്കുന്നുണ്ട്.
തഹസീൽ ഓഫീസർ ഫോൺ ചെയ്തു വിളിപ്പിച്ചു
തഹസീൽ സർക്കിൾ ഓഫീസർ പ്രഭാകർ പാട്ടീൽ നേരിട്ട് ഫോൺ ചെയ്തതിനെ തുടർന്നാണ് അച്ഛൻ ക്വാറിയിലേയ്ക്ക് പോയതെന്നു മകൻ ഹേമന്ത് ചൂണ്ടിക്കാട്ടി. വഴിയിൽ എവിടെയോ വച്ച് അച്ഛൻ പ്രഭാകറിന്റെ കാറിൽ കയറി സ്ഥലത്തെത്തുമ്പോൾ പത്തോളം പേർ ഇരുമ്പുവടിയും മുളവടിയും കല്ലുകളുമായി കാത്തുനിൽപ്പുണ്ടായിരുന്നു. കാറിൽ നിന്ന് അച്ഛനെ പുറത്തേയ്ക്ക് വലിച്ചിട്ട് അവർ ആക്രമിക്കുകയായിരുന്നു. തലയും നെഞ്ചും വലിയ കല്ലുകൾകൊണ്ട് മർദിച്ച് നാശമാക്കിയെന്നും മകൻ വിവരിച്ചു.
അച്ഛനെ അടിച്ചും ഇടിച്ചും കൊന്നപ്പോൾ സർക്കിൾ ഓഫീസർ പ്രഭാകർ പാട്ടീൽ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇതെങ്ങനെ സാധിച്ചുവെന്ന് മകൻ ചോദിച്ചു. തർക്കസ്ഥലത്തേയ്ക്ക് പോകുമ്പോൾ എന്തുകൊണ്ട് സുരക്ഷയ്ക്കായി പൊലീസിനെ കൂടെ കൊണ്ടുപോയില്ലെന്നും മകൻ ആരാഞ്ഞു. കൊല്ലാൻ തയ്യാറെടുത്ത് ഗുണ്ടകൾ സംഭവസ്ഥലത്ത് കാത്തുനിൽക്കുകയായിരുന്നുവെന്നും മകൻ പറയുന്നു.
പാട്ടീലിനെ അയയ്ക്കാൻ ആവശ്യപ്പെട്ടു
പരാതിപ്പെട്ടിട്ടും അനങ്ങാതിരുന്ന തഹസീൽദാർ ഓഫീസ്, കലക്ടറുടെ ഓഫീസ് നിർദേശിച്ചതിനെ തുടർന്നാണ് ഓഫീസർ പ്രഭാകറെ സ്ഥലത്തേയ്ക്ക് വിട്ടതെന്നാണ് സഹപ്രവർത്തകൻ അമിത് ചൗധരി പറയുന്നത്.
സംഭവദിവസം ഉച്ചയ്ക്ക് സർക്കിൾ ഓഫീസർ എന്നെ വിളിച്ചിട്ട് 'പഞ്ചനാമാ' തയ്യാറാക്കാനായി ആത്മാറാം പാട്ടീലിനെ വിടാൻ ആവശ്യപ്പെട്ടു. ഓഫീസർ തിരക്കിച്ചെന്നിട്ട് ക്വാറിയിൽ പ്രവർത്തനം ഒന്നും നടക്കുന്നതായി കണ്ടില്ലെന്നും പറഞ്ഞു. ഞാൻ സ്ഥലത്തില്ലായിരുന്നു. ഓഫീസർ ആവശ്യപ്പെട്ടതു കൊണ്ടുമാത്രമാണ് ആത്മാറാമിനെ വിട്ടത്. ഇതൊരു ചതിയായിട്ടാണ് എനിക്ക് തോന്നുന്നത്. അവിടെ ചെന്നയുടൻ ആത്മാറാമിനെ ആക്രമിക്കുകയായിരുന്നു. ചൗധരി പറയുന്നു.
അനധികൃത പ്രവർത്തനങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിൽകുകയാണ്. പൊതുസ്ഥലം പിടിച്ചടക്കി ക്വാറി മാഫിയ മേഖലയിൽ 21 ബംഗ്ലാവുകൾ നിർമിച്ചു. എന്നിട്ടും അധികാരികൾ അനങ്ങുന്നില്ലെന്നും ചൗധരി ആരോപിച്ചു.
ക്വാറി കൈയേറ്റത്തെ തുടർന്ന് മേഖലയിലെ 450 വർഷം പഴക്കമുള്ള പോർച്ചുഗീസ് കാലത്തെ ചരിത്രസ്മാരകം 'ശിർഗാവ് കോട്ട്' (വാച്ച് ടവർ) ഏതു നിമിഷവും നിലം പതിക്കാമെന്നും ചരിത്രകാരൻ ശ്രീദത്താ റാവുത്ത് ആരോപിക്കുന്നു.
ക്വാറി അംഗീകൃതമെന്ന് തഹസീൽദാർ
'അനധികൃത' ക്വാറിയെപ്പറ്റി പരാതികൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ ഭാൽചന്ദ്ര പാട്ടീലിന്റെ ക്വാറി അനധികൃതമല്ലെന്നും വസയ് താലൂക്ക് തഹസീൽദാർ ദീപക് ഗായ്ക്‌വാഡ് ന്യായീകരിച്ചു. നേരിട്ടുള്ള പരാതിക്കു പുറമേ, പിജി പോർട്ടലിൽ പരാതി ലഭിച്ചതിനെ തുടർന്ന് മേയ് 7 ന് എല്ലാ ക്വാറികളും സീൽ ചെയ്തിരുന്നു. തുടർന്നും പരാതികളെ തുടർന്നാണ് സർക്കിൾ ഓഫീസർ പ്രഭാകർ പാട്ടീലിനെ സ്ഥലത്തുപോയി നേരിട്ട് പരിശോധിക്കാൻ ഞാൻ ആവശ്യപ്പെട്ടത്. എന്നാൽ, ക്വാറി പ്രവർത്തിക്കുന്നതായി കണ്ടെത്താൻ സർക്കിൾ ഓഫീസർക്കു കഴിഞ്ഞില്ല. അതാണ് ആത്മാറാം പാട്ടീലിനെ സ്‌പോട്ടിലേയ്ക്കു ക്ഷണിക്കാൻ കാരണം- തഹസീൽദാർ വിശദീകരിച്ചു.
അറസ്റ്റ്
കേസിൽ ക്വാറി ഉടമ ഭാൽചന്ദ്ര പാട്ടീൽ, കൂട്ടാളി പ്രതാപ് പാട്ടീൽ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് പുറമേ, ഭാൽചന്ദ്രയുടെ മകൻ മഹേഷ് പാട്ടീൽ, കിരൺ പാട്ടീൽ, നികേതൻ പാട്ടീൽ, ക്വാറിയിലെ ഒരു ജീവനക്കാരൻ എന്നിവർക്കെതിരെ വിരാൽ പൊലീസ് ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്‌ഐആർ) റജിസ്റ്റർ ചെയ്തു.
കൂട്ടിക്കൊടുപ്പുകൊലയിൽ കർശന നടപടി സ്വീകരിക്കണമെന്ന് 150ൽപ്പരം വിവരാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. മേയ് 12ന് ഉച്ചയ്ക്കാണ് ആത്മാറാം കൊല്ലപ്പെട്ടത്. ആത്മാറാമിനെ കൂട്ടിക്കൊടുത്ത സർക്കിൾ ഓഫീസർ പ്രഭാകർ പാട്ടീലിനെയും കേസിൽ പ്രതിയാക്കണമെന്നും ദ് റൈറ്റ് ഓഫ് ഇൻഫർമേഷൻ ഫെഡറേഷൻ പ്രസിഡന്റ് മഹേഷ് കദം ആവശ്യപ്പെട്ടു.
മനുഷ്യാവകാശ കമ്മിഷനും കേസിന്റെ വിവരം തേടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ പുരോഗതിയുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന ഡിജിപി, പാൽഘർ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരോട് നാഷണൽ ഹ്യൂമൻ റൈറ്റ് കമ്മീഷൻ ആവശ്യപ്പെട്ടത്. കമ്മിഷൻ സ്വമേധയ കേസെടുക്കുകയായിരുന്നു.










