04:08pm 28 May 2026
NEWS
ഇഡിക്കെതിരെ നടന്നത് ആക്രമണമല്ല, പൂർണമായി നിയന്ത്രിക്കാനാകാത്ത സ്വാഭാവിക പ്രതികരണമെന്ന് എം സ്വരാജ്
28/05/2026  02:23 PM IST
nila
ഇഡിക്കെതിരെ നടന്നത് ആക്രമണമല്ല, പൂർണമായി നിയന്ത്രിക്കാനാകാത്ത സ്വാഭാവിക പ്രതികരണമെന്ന് എം സ്വരാജ്

 

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി. പരിശോധനയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ഇ.ഡി. ഉദ്യോഗസ്ഥരെ ആരും ആക്രമിച്ചിട്ടില്ലെന്നും സംഭവത്തെ ‘ആക്രമണം’ എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഇ.ഡി. നടപടിക്കെതിരേ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രതികരണം.

ഇടതുപക്ഷ പാർട്ടികളുടെ നേതൃത്വം സമാധാനപരമായ പ്രതിഷേധം മാത്രമേ അനുവദിക്കാവൂ എന്ന നിലപാടിലാണ് ഉറച്ചുനിന്നതെന്ന് സ്വരാജ് വ്യക്തമാക്കി. തെറ്റായ നടപടികളെയോ നിയന്ത്രണം വിട്ട പ്രതിഷേധങ്ങളെയോ ഇടതുപക്ഷം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ജനങ്ങൾ വലിയ തോതിൽ വൈകാരികമായി പ്രതികരിച്ച സാഹചര്യത്തിലാണ് അവിടെ ചെറിയ രീതിയിലുള്ള അനിഷ്ടസംഭവം ഉണ്ടായതെന്നും അത് ആർക്കും പൂർണമായി നിയന്ത്രിക്കാനാകാത്ത സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ലക്ഷ്യമിടുന്ന സമീപനം ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നും സ്വരാജ് വിമർശിച്ചു. കോൺഗ്രസ് ഭരണകാലത്തും ഇത്തരം പ്രവണത ഉണ്ടായിരുന്നുവെന്നും, പിന്നീട് ബിജെപി അതിനെ കൂടുതൽ ആക്രമണാത്മകമായി തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തതിനെച്ചൊല്ലിയും സ്വരാജ് വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നുവെങ്കിൽ കന്റോൺമെന്റ് ഹൗസ് ഒഴിവാകുമായിരുന്നുവെന്നും അതോടെ പ്രതിപക്ഷ നേതാവിന് അവിടെ താമസിക്കാനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയ നാടകത്തിന് വഴിയൊരുക്കിയെന്നാണ് സമൂഹത്തിൽ വിമർശനം ഉയരുന്നതെന്നും സ്വരാജ് ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img