09:54pm 03 September 2026
NEWS
പിഡിപിയെ ന്യായീകരിച്ചും ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചും എം സ്വരാജ്
11/06/2025  01:00 PM IST
nila
പിഡിപിയെ ന്യായീകരിച്ചും ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചും എം സ്വരാജ്

തെറ്റായ നിലപാടുകൾ സ്വീകരിച്ചു എന്നതുകൊണ്ട് ജീവിതാവസാനം വരെ ശരിയായ നിലപാടുകൾ സ്വീകരിക്കരുത് എന്ന് നമുക്ക് പറയാൻ കഴിയില്ലെന്ന് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്. പിഡിപിയെ ഒരുകാലത്ത് എല്ലാവരും എതിർക്കുകയും വിമർശിക്കുയും ചെയ്തിട്ടുണ്ടെന്നും പിന്നീട് പിഡിപി അവരുടെ നിലപാട് തിരുത്തിയെന്നും സ്വരാജ് പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപി തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വരാജിന്റെ പ്രതികരണം. മതനിരപേക്ഷ നിലപാടാണ് തങ്ങൾ സ്വീകരിക്കുന്നതെന്ന് പിഡിപി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

അതേസമയം, വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച നടപടിയെ സ്വരാജ് വിമർശിച്ചു. മതരാഷ്ട്രവാദവുമായി പൊരുത്തപ്പെട്ട് പോകുന്നതിൽ പ്രശ്‌നമില്ല എന്ന് കേരളത്തിലെ കോൺഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നായിരുന്നു സ്വരാജിന്റെ പ്രതികരണം. ജമാഅത്തെ ഇസ്‌ലാമിയാണ് മുസ്‌ലിം ലീഗിന്റെയും യുഡിഎഫിന്റെയും നയരൂപീകരണം നടത്തുന്നത് ആക്ഷേപമുണ്ടെന്നും അത് തള്ളിക്കളയേണ്ടതില്ലെന്നുമായിരുന്നു സ്വരാജിന്റെ പ്രതികരണം. 

 നാളെ ജമാഅത്തെ ഇസ്‌ലാമി അവരുടെ ആചാര്യനെ തള്ളിപ്പറയുകയും മതരാഷ്ട്രവാദം ഉപേക്ഷിക്കുകയും ചെയ്താൽ സാവധാനത്തിൽ അവരേയും സ്വീകരിക്കുമെന്നും സ്വരാജ് വ്യക്തമാക്കി. അവരെ സ്വാഗതം ചെയ്യുന്നതിന് മുൻപന്തിയിൽ തങ്ങളുണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു. ആരുടെ വോട്ട് വേണമെന്ന കാര്യത്തിൽ വ്യക്തമായി മറുപടി പറഞ്ഞ ആളാണ് താനെന്നും എം സ്വരാജ് പറഞ്ഞു. എല്ലാ നല്ല മനുഷ്യരുടേയും പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. യുഡിഎഫിനെ ആരൊക്കെ പിന്തുണയ്ക്കുന്നു എന്നത് യുഡിഎഫിന്റെ വിഷമാണ്. അതിൽ പ്രതീക്ഷയർപ്പിക്കുകയോ നിരാശപ്പെടുകയോ ചെയ്യുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img