
ചെന്നൈ: എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ(86) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നു പുലർച്ചെ ചെന്നൈയിൽവെച്ചാണ് അന്ത്യം സംഭവിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഫിലിം സ്റ്റുഡിയോയാണ് എവിഎം പ്രൊഡക്ഷൻസ്.
ചലച്ചിത്ര നിർമാതാവ് എ വി മെയ്യപ്പൻ ചെട്ടിയാരുടെ മൂന്നാമത്തെ മകനാണ് എം ശരവണൻ. 1958 ലാണ് ശരവണൻ എവിഎം പ്രൊഡക്ഷൻസിന്റെ ചുമതല ഏറ്റെടുത്തത്. വർഷങ്ങൾക്കുള്ളിൽ തന്നെ തമിഴ് സിനിമാമേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി അദ്ദേഹം മാറുകയും ചെയ്തു.
എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമലഹസൻ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ സിനിമകൾ ശരവണൻ നിർമ്മിച്ചിട്ടുണ്ട്. നാനും ഒരു പെണ്ണ്, 'സംസാരം അടുത്ത് മിൻസാരം, ശിവാജി, വേട്ടയാട് വിളയാട്, മിൻസാര കനവ്, അയൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ എവിഎമ്മാണ് നിർമിച്ചത്. 1986ൽ മദ്രാസ് നഗരത്തിന്റെ 'ഷരീഫ്' എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. മകൻ എം എസ് ഗുഹനും ചലച്ചിത്ര നിർമാതാവാണ്.
86-ാം ജന്മദിനം കഴിഞ്ഞ് ഒരു ദിവസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ വിയോഗം. മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണി വരെ എവിഎം സ്റ്റുഡിയോയിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ എവിഎം ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.











