02:21am 13 November 2026
NEWS
എം.ആർ. അജിത് കുമാറിനെ സംസ്ഥാന എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കി
13/03/2026  08:21 PM IST
NILA
എം.ആർ. അജിത് കുമാറിനെ സംസ്ഥാന എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് എം.ആർ. അജിത് കുമാറിനെ നീക്കി. ഐഎഎസ് കേഡറിലില്ലാത്ത ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണറായി നിയമിക്കരുതെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശിച്ചതിനെ തുടർന്നാണ് നടപടി. പുതിയ നിയമനം ഉണ്ടാകുന്നതുവരെ അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് താത്കാലികമായി ചുമതല കൈമാറി.

കഴിഞ്ഞ വർഷം ജൂലൈയിലാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്. ശബരിമല ട്രാക്ടർ വിവാദത്തെ തുടർന്ന് അദ്ദേഹത്തെ പൊലീസ് വകുപ്പിൽ നിന്ന് മാറ്റിയതിനു പിന്നാലെയായിരുന്നു ഈ നിയമനം. മേയ് മാസത്തിൽ തന്നെ എക്സൈസ് വകുപ്പിലേക്ക് മാറ്റിയിരുന്നെങ്കിലും സർക്കാർ ആ ഉത്തരവ് പിന്നീട് മരവിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും നിയമനം നൽകുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനക്കേസ്, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിവാദങ്ങളിൽ അജിത് കുമാർ നേരത്തെ തന്നെ വിമർശനങ്ങൾക്ക് വിധേയനായിരുന്നു. എക്സൈസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടയിലും വിവാദങ്ങൾ തുടർന്നു. എക്സൈസ് മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ എസ്‌കോർട്ട് നൽകണമെന്ന നിർദേശം വലിയ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.

അതേസമയം, സ്ഥലംമാറ്റത്തിനെതിരെ നിയമപോരാട്ടം നടത്തി സർക്കാരിനെതിരെ വിധി നേടിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി. അശോകിനെയും പ്രധാന ചുമതലകളിൽ നിന്ന് മാറ്റി. കാർഷികോത്പാദന കമ്മീഷണറും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന അശോകിനെ സൈനിക ക്ഷേമ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി നിയമിച്ചു. യുവജന ക്ഷേമ വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി.

സ്ഥലംമാറ്റത്തിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് അശോക് അനുകൂല ഉത്തരവ് നേടിയിരുന്നു. അതിനിടെ ട്രിബ്യൂണലിന്റെ നിർദേശത്തെ തുടർന്ന് എം.ആർ. അജിത് കുമാറിനെയും എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു. അജിത് കുമാറിന് ഇതുവരെ പുതിയ നിയമനം നൽകിയിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img