02:01am 11 November 2026
NEWS
കടകംപള്ളി സുരേന്ദ്രനെതിരെ ലൈം​ഗികാതിക്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി
31/08/2025  12:41 PM IST
nila
  കടകംപള്ളി സുരേന്ദ്രനെതിരെ ലൈം​ഗികാതിക്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി

സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ലൈം​ഗികാതിക്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രനിൽ നിന്നും ലൈംഗിക അതിക്രമത്തിനുള്ള ശ്രമമുണ്ടായെന്നും മോശപ്പെട്ട രീതിയിലുള്ള സന്ദേശങ്ങൾ അയച്ചിരുന്നു എന്നുമുള്ള സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. മുനീർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതികൾ ലൈം​ഗികാരോപണ ഉന്നയിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. യുവതികൾ പൊലീസിൽ പരാതി നൽകാതിരുന്നിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. ഇതേ സാഹചര്യമാണ് കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്‌ന സുരേഷ്, 2022-ൽ ചാനലുകളിലൂടെ കടകംപള്ളി സുരേന്ദ്രനെതിരെ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അദ്ദേഹത്തിൽനിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമമുണ്ടായെന്നും മോശപ്പെട്ട രീതിയിലുള്ള സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമാണ് അന്ന് സ്വപ്‌ന വെളിപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ മുൻ മന്ത്രിക്കെതിരെ കേസെടുക്കണം എന്നാണ് മുനീർ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സമയത്തും കടകംപള്ളിയുടേത് എന്ന തരത്തിൽ അശ്ലീലച്ചുവയോടെ സ്ത്രീകളോട് സംസാരിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിയായിരുന്ന സമയത്ത് ഓഫീസിലെത്തുന്ന സ്ത്രീകളുടെ ഫോൺനമ്പറുകൾ കൈക്കലാക്കി, പിന്നീട് മോശംരീതിയിൽ അവരെ സമീപിച്ചിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് മുനീർ കത്തിൽ ഉന്നയിക്കുന്നത്.

രണ്ട് ആരോപണങ്ങളും കന്റോൺമെന്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ കന്റോൺമെന്റ് പോലീസ് ആരോപണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കണം എന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പ്രതിരോധം തീർക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ ഇത്തരമൊരു നീക്കം നടത്തുന്നത് എന്നാണ് ഇടത് വൃത്തങ്ങൾ ആരോപിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img