തോമസ് കാർലൈൽ ഒരിക്കൽ പറഞ്ഞു: 'നന്നായി ചെലവഴിച്ച ജീവിതം വിരളമായിരിക്കുന്നത് പോലെ നന്നായി എഴുതിയ ജീവചരിത്രവും വിരളമാണ്.'
അതുകൊണ്ടുതന്നെയായിരിക്കണം നമ്മുടെ ജീവചരിത്രഭൂമിക ഊഷരമായി കിടക്കുന്നത്. കഥയുടേയും നോവലിന്റേയുമൊക്കെ ശാഖകൾ സുഗന്ധപുഷ്ങ്ങൾ ചൂടി നിൽക്കുമ്പോൾ ജീവചരിത്രത്തിന്റെ ശാഖ ഇല പോയി, തൊലി പോയി മുരടിച്ചുനിൽക്കുന്നു. സാഹിത്യസിദ്ധിയുള്ളവർ ഈ രംഗത്തേക്ക് തിരിഞ്ഞുനോക്കാത്തത് ഇതൊരു ശ്രമകരമായ ജോലിയായതുകൊണ്ടുമാത്രമാണ്. പാറക്കഷ്ണങ്ങൾ പോലെ ചിതറിക്കിടക്കുന്ന നമ്മുടെ ജീവചരിത്രങ്ങളുടെ രംഗത്തേയ്ക്ക് മുത്തുകൾ വാരിയിട്ടത് എം.കെ. സാനുവാണ്.
ആരേയും തൃപ്തിപ്പെടുത്താനല്ല സാനുമാഷ് ജീവചരിത്രങ്ങളെഴുതി തുടങ്ങിയത്. ബാല്യകാലം ആ മനസ്സിൽ ജീവചരിത്രങ്ങളോട് അഭിരുചി മൊട്ടിട്ടു നിന്നിരുന്നു. സാനു പറയുന്നു: പുണ്യാത്മാക്കളുടെ ജീവിതകഥകൾ വായിച്ചുരസിക്കുന്ന ശീലം കുട്ടിക്കാലം മുതൽ എനിക്കുണ്ടായിരുന്നു. ആ ശീലം വളർത്തുന്നതിൽ അച്ഛൻ വലിയൊരു പങ്ക് വഹിച്ചു. ശ്രീബുദ്ധൻ, യേശുക്രിസ്തു, സോക്രട്ടീസ്, ഗലീലിയോ, ലെനിൻ, ഗാന്ധിജി എന്നിവരുടെ ജീവിതകഥകൾ അച്ഛൻ പറഞ്ഞുതന്നിരുന്നു.'
ജീവചരിത്രലോകത്ത് ദീപസ്തംഭങ്ങൾപോലെ ഉയർന്നുനിൽക്കുന്ന സാനുമാഷ് നാരായണഗുരു സ്വാമിയെക്കുറിച്ചും സഹോദരനയ്യപ്പനെക്കുറിച്ചും ബഷീറിനെക്കുറിച്ചും ചങ്ങമ്പുഴയെക്കുറിച്ചും ജീവചരിത്രങ്ങൾ എഴുതി.
ആദ്യം എഴുതിയത് ആൽബർട്ട് ഷൈ്വറ്റ്‌സറെക്കുറിച്ചാണെങ്കിലും, സാനുമാഷ് ശ്രദ്ധേയനാവുന്നത് 'നാരായണഗുരുസ്വാമി'എന്ന ഗ്രന്ഥത്തിലൂടെയാണ്. അത്ഭുതങ്ങളേയും കെട്ടുകഥകളേയും ആശ്രയിക്കാതെ, അമാനുഷികതയുടെ പരിവേഷം ചാർത്താതെ ഗുരുദേവന്റെ ജീവിതത്തിലൂടെ അദ്ദേഹം തീർത്ഥയാത്ര നടത്തി. ചെമ്പഴന്തിയും അരുവിപ്പുറവും മുതൽ ഗുരുവിന്റെ പാദങ്ങൾ ദീർഘകാലം പതിഞ്ഞിട്ടുള്ള സ്ഥലങ്ങളൊക്കെ അദ്ദേഹം സന്ദർശിച്ചു. ഗുരുവിനെക്കുറിച്ചുള്ള സ്മരണകൾ മനസ്സിൽ മുത്തുപോലെ സൂക്ഷിച്ചിരുന്ന നൂറുകണക്കിനാളുകളെ ഇന്റർവ്യൂ ചെയ്തു. ആ വടവൃക്ഷത്തിന്റെ തണലിൽ വളർന്നുവലുതായ നിരവധി വ്യക്തികളെ കണ്ടെത്തി സംസാരിച്ചു. ആറേഴ് കൊല്ലമെടുത്ത് അസംസ്‌കൃത വിഭവങ്ങൾ ശേഖരിച്ചതിനുശേഷമാണ് അലകടലിന്റെ ഗാംഭീര്യവും നീലാകാശത്തിന്റെ ഭംഗിയുമുള്ള ഗുരുവിന്റെ ജീവിതത്തിലേക്ക് സാനു വായനക്കാരെ കൂട്ടിക്കൊണ്ടുപോയത്. ഒരു ഭാവഗാനം പോലെ ഹൃദ്യമാണ് ഈ കൃതി. ജീവചരിത്രം ആരംഭിക്കുന്നത് തന്നെ കവിത പോലുള്ള വരികളോടെയാണ്. ഗുരുദേവനെ ഒന്ന് തൊട്ടുവന്ദിച്ച ദിവ്യമായ അനുഭൂതി ഈ ഗ്രന്ഥം പകർന്നുതരുന്നു. അതുകൊണ്ടുതന്നെ ധാരാളമാളുകൾ ഈ ഗ്രന്ഥം വാങ്ങി അത് മനസ്സിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു.
പിന്നീട് സാനു രചിച്ചത് ഗുരുദേവനിൽ നിന്നും വെള്ളിവെളിച്ചം ഉൾക്കൊണ്ട് കേരളത്തിൽ ഒരു സാമൂഹ്യവിപ്ലവത്തിന്റെ കൊടുങ്കാറ്റുയർത്തിവിട്ട സഹോദരനയ്യപ്പന്റെ ജീവചരിത്രമാണ്.
'ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന സാനുവിന്റെ കൃതിക്ക് വയലാർ അവാർഡ് ലഭിച്ചു. ചങ്ങമ്പുഴയെക്കുറിച്ച് സാനുമാഷ് എഴുതി; 'ഒരു തലമുറയുടെ മുഴുവൻ സ്വപ്നങ്ങൾക്കും വേദനകൾക്കും അദ്ദേഹം രൂപം നൽകി. ഒരു തലമുറയുടെ മുഴുവൻ മോഹങ്ങൾക്കും മോഹഭംഗങ്ങൾക്കും അദ്ദേഹം രൂപം നൽകി.' ചങ്ങമ്പുഴയുടെ ഓടക്കുഴലിന്റെ മധുരമായ ശബ്ദം സാനുവിന്റെ കൃതിയിലൂടെ മലയാളികളുടെ മനസ്സിലേക്ക് ഒഴുകിയെത്തി.
'ബഷീർ ഏകാന്തവീഥിയിലെ അവധൂതൻ'എന്ന സാനുവിന്റെ ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. ആമുഖത്തിൽ ഗ്രന്ഥകർത്താവ് പറയുന്നു: 'ഒരു കൽപ്പിത കഥാപാത്രത്തെപ്പോലെ ജീവിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ വ്യക്തിത്വവും, അദ്ദേഹത്തിന് കേരളത്തിലുള്ള സ്ഥാനവും ഒരളവോളമെങ്കിലും മനസ്സിലാക്കാൻ ഈ ഗ്രന്ഥം ഉപകരിക്കുമെങ്കിൽ ഞാൻ കൃതാർത്ഥനായി.'
നാടകീയതയും നോവൽ പ്രതീതിയും നിറഞ്ഞുതുളുമ്പുന്ന പ്രതിപാദനം ഗ്രന്ഥത്തെ അതുല്യമാക്കുന്നു.
കുമാരനാശാന്റെ ജീവിതത്തിലേക്കും കവിതയിലേക്കുമുള്ള ഒരു രാജപാതയാണ് സാനുവിന്റെ 'മൃത്യുഞ്ജയം കാവ്യജീവിതം' എന്ന ജീവചരിത്രം. കുട്ടിക്കാലത്ത് തന്നെ നാവിൻ തുമ്പിൽ തേനും വയമ്പുമായത് ഗുരുദേവന്റെ 'ദൈവശതക'വും ആശാന്റെ 'സങ്കീർത്തന'വുമാണ്. പുസ്തകത്തെക്കുറിച്ച് അദ്ദേഹം പറയുന്നു:
'കുമാരനാശാന്റെ ജീവചരിത്രം എഴുതുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് അറിയാമായിരുന്നു. എഴുതിത്തുടങ്ങിയപ്പോൾ ആ ബുദ്ധിമുട്ട് ഏറി വന്നതേയുള്ളൂ. കവിയെന്ന നിലയ്ക്കാണ് ആശാനെ ലോകം ആരാധിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ പൊതുപ്രവർത്തകൻ, ചിന്തകൻ, പത്രപ്രവർത്തകൻ മുതലായ അംശങ്ങളും സജീവമായി കലർന്നിട്ടുണ്ട്.'
ഈ കൃതിയെക്കുറിച്ച് ഇ.എം.എസ് എഴുതി; 'അങ്ങേയറ്റം ക്ലേശം അനുഭവിച്ചുകൊണ്ടാണെങ്കിലും ആശാന്റെ ബഹുമുഖ വ്യക്തിത്വം അനാവരണം ചെയ്യുന്നതിൽ സാനുമാസ്റ്റർ വിജയിച്ചിട്ടുണ്ട്.'
എതിർപ്പിന്റെ ഇതിഹാസമായ കേശവദേവിനെക്കുറിച്ച് സാനു എഴുതിയ 'കേശവദേവ്: ഓടയിൽ മനുഷ്യനെ കണ്ടെത്തിയ എഴുത്തുകാരൻ' എന്ന രചന ദേവിന്റെ വികാരതീവ്രമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു.
മലയാളത്തിന്റെ ശ്രീയായ വൈലോപ്പിള്ളിയുടെ ജീവചരിത്രമാണ് 'വൈലോപ്പിള്ളി: വാക്കുകളിലെ മന്ത്രശക്തി.' ഗ്രന്ഥകർത്താവിന് പറയാനുള്ളത് ഇതാണ്:
'നൈസർഗ്ഗികമായ കവിത്വത്തിന്റെ ബലത്തിൽ തന്റെ സങ്കീർണ്ണമായ ആന്തരിക ജീവിതം ആവിഷ്‌ക്കരിക്കുന്നതിലൂടെ സ്വന്തമായ ഒരു ലോകം സൃഷ്ടിച്ചവശേഷിപ്പിച്ചുകൊണ്ടാണ് വൈലോപ്പിള്ളി ലോകത്തോട് വിട പറഞ്ഞത്.' വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടങ്ങളെ അനാവരണം ചെയ്യുന്നതിൽ സാനു അസൂയാവഹമായ വിജയം നേടിയിരിക്കുന്നു.
പി.കെ. ബാലകൃഷ്ണൻ ഉറങ്ങാത്ത മനീഷി, അയ്യപ്പപ്പണിക്കർ; നിഷേധത്തിന്റെ ചാരുരൂപം, സി.ജെ. തോമസ്: ഇരുട്ടുകീറുന്ന വജ്രസൂചി, കേസരി: ഒരു കാലഘട്ടത്തിന്റെ സ്രഷ്ടാവ് തുടങ്ങിയ ഗ്രന്ഥങ്ങൾ നമ്മുടെ ജീവചരിത്രാകാശത്തിലെ നക്ഷത്രങ്ങളാണ്. ഡോ. പൽപു, എം. ഗോവിന്ദൻ, പി.കെ. വേലായുധൻ, യുക്തിവാദി പത്രാധിപർ എം.സി. ജോസഫ്, കെ.സി.മാമ്മൻ മാപ്പിള തുടങ്ങിയ ഗ്രന്ഥങ്ങളും പഠനാർഹങ്ങളാണ്. മലയാള നിരൂപണ സാഹിത്യത്തിലെ പ്രജാപതിയായ കുട്ടികൃഷ്ണമാരാരെക്കുറിച്ചുള്ള കൃതിയാണ് 'വിമർശനത്തിന്റെ സർഗ്ഗചൈതന്യം.' രാജിയില്ലാത്ത മൂല്യബോധവും, മുനയൊടിഞ്ഞ യുക്തിവിചാരവും സമന്വയിപ്പിച്ച് നിരൂപണത്തെ സൗന്ദര്യാനുഭവമാക്കിയ മാരാരെക്കുറിച്ചുള്ള ഗ്രന്ഥം വേറിട്ടുനിൽക്കുന്നു.
'താഴ്‌വരയിലെ സന്ധ്യ'(രണ്ട് ഭാഗങ്ങൾ) സാനുവുമായി ഹൃദയബന്ധം പുലർത്തിയിരുന്ന പതിനാല് പ്രശസ്ത വ്യക്തികളുടെ തൂലികാചിത്രങ്ങളാണ്. 'അനുഭവങ്ങൾ; പ്രത്യാശകൾ' യാത്രാവിവരണമാണ്. 'കർമ്മഗതി' എന്നൊരു ആത്മകഥയും സാനുമാഷിന്റേതായിട്ടുണ്ട്. തിരക്കേറിയ ഈ ജീവിതത്തിനിടയിൽ 69 ഗ്രന്ഥങ്ങൾ സാനുവിന്റെ പൊൻതൂലികയിൽ നിന്നും കൈരളിക്ക് ലഭിച്ചിട്ടുണ്ട്. ജോൺപോൾ എഡിറ്റ് ചെയ്ത 'എം.കെ. സാനു: മനുഷ്യനെ സ്‌നേഹിക്കുന്ന ഒരാൾ', ഡോ. എ.അരവിന്ദാക്ഷൻ എഴുതിയ 'മഹത്വത്തിന്റെ സങ്കീർത്തനം', എസ്. രമേശൻ എഴുതിയ 'മഷിയുണങ്ങാത്ത പൊൻപേന' തുടങ്ങി നാല് പുസ്തകങ്ങൾ സാനുവിനെക്കുറിച്ചുണ്ട്.
98 വയസ്സിന്റെ നിറവിലാണ് സാനുമാസ്റ്റർ ഇപ്പോൾ. മറ്റുപലർക്കും ഈ പ്രായം വിശ്രമത്തിന്റേതാണ്. കഷായവും എണ്ണയും തൈലവുമൊക്കെയായി ഒരു പൊരുന്നൻ കോഴിയെപ്പോലെ മറ്റുള്ളവർക്ക് ഒരു ശല്യമായി പലരും കഴിയുന്ന സമയം. എന്നാൽ സാനുമാസ്റ്റർ ഇപ്പോഴും ഒരു യുവാവിനെപ്പോലെ പ്രവർത്തനനിരതനാണ്. എഴുത്തുമേശയ്ക്ക് പിന്നിൽ അദ്ദേഹം ഇപ്പോഴും തപസ്സിരിക്കുന്നു. ഈ അടുത്തകാലത്താണ് മഹാഭാരതത്തിലെ കുന്തീദേവിയെക്കുറിച്ച് അദ്ദേഹമൊരു നോവൽ എഴുതി പൂർത്തിയാക്കിയത്.
എറണാകുളത്ത് കാരിക്കാമുറി റോഡിലെ 'സന്ധ്യ'എന്ന വീട് പൊതുപ്രവർത്തകർക്ക് ഇന്നും ഒരു തീർത്ഥാടന കേന്ദ്രമാണ്. പ്രസംഗത്തിനും മറ്റ് പരിപാടികൾക്കുമായി മാസ്റ്ററെ ക്ഷണിക്കാൻ ആളുകൾ എത്തുന്നതിന് ഇന്നും ഒരു കുറവുമില്ല. ആരേയും അദ്ദേഹം നിരാശപ്പെടുത്താറില്ല. എഴുത്തുകാരൻ ഒരു ഗോപുരനിവാസിയായിരിക്കണമെന്ന ചിന്താഗതിക്കാരനല്ല അദ്ദേഹം. പുരോഗമന കലാസംഘത്തിന്റെ സാരഥിയായിരുന്നു. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എറണാകുളത്തുനിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
ഉജ്ജ്വല പ്രാസംഗികൻ കൂടിയാണ് സാനുമാസ്റ്റർ. ഈ 98-ാം വയസ്സിലും പ്രസംഗത്തോട് വിടചൊല്ലിയിട്ടില്ല അദ്ദേഹം. വാക്കുകളുടെ ദിവ്യാസ്ത്രങ്ങൾ തുരുതുരാ എയ്തുവിടാനുള്ള സാനുമാസ്റ്ററുടെ കഴിവ് സാർവ്വത്രിക പ്രശംസ നേടിയതാണ്. ഒരലകടലിന്റെ ഗാംഭീര്യമില്ലെങ്കിലും ആ കുളിരരുവിയിൽ നമ്മുടെ മനസ്സ് ലയിച്ചുപോകും.
കൊല്ലങ്ങൾക്ക് മുമ്പ് മുണ്ടശ്ശേരി മാസ്റ്ററുമൊന്നിച്ച് ഹരിപ്പാടിനടുത്ത് ഒരു സ്ഥലത്ത് സാനുമാഷ് പ്രസംഗിക്കാൻ പോയി. ആദ്യമൊന്നും ആ ചെറുപ്പക്കാരനെ മുണ്ടശ്ശേരി ശ്രദ്ധിച്ചില്ല. പക്ഷേ കുറച്ചുകഴിഞ്ഞപ്പോൾ ശ്രദ്ധിക്കാതിരിക്കുവാൻ നിവൃത്തിയില്ലാതായി. ഒടുവിൽ അഭിനന്ദിച്ചുകൊണ്ടുപറഞ്ഞു: 'തനിക്ക് ആശയങ്ങൾ നല്ലപോലെ പ്രചരിപ്പിക്കുവാൻ കഴിയുമല്ലോ.' വേദിയിലുണ്ടായിരുന്ന എം. കൃഷ്ണൻനായരും അതേ അഭിപ്രായം പറഞ്ഞു.'ഇത്ര വ്യക്തതയോടെ ആശയങ്ങൾ പറയുന്ന ആളെ ഞാൻ കണ്ടിട്ടില്ല' എന്നാണ് കുട്ടികൃഷ്ണമാരാർ പറഞ്ഞത്.
കുറച്ചുകാലം സ്‌ക്കൂളിൽ പഠിപ്പിച്ചതുകൊണ്ടാണ് എം.കെ. സാനുമാസ്റ്റർ എന്ന് അറിയപ്പെടുവാൻ തുടങ്ങിയത്. എറണാകുളം മഹാരാജാസ് കോളേജായിരുന്നു വളരെക്കാലത്തെ അദ്ദേഹത്തിന്റെ കർമ്മഭൂമി. സ്‌നേഹിതന്മാർ സാനുമാസ്റ്റർക്ക് വലിയ ദൗർബല്യമാണ്. അവർക്കുവേണ്ടി അദ്ദേഹം എന്തും ചെയ്യും.
മന്ത്രിയായിരുന്ന വൈക്കം പി. മാധവന്റെ മകൾ രത്‌നമ്മയാണ് പ്രിയതമ. അവർ ഇന്നില്ല. മന്ത്രിയായിരുന്ന കാലത്തെ ചെലവിനായി കുടുംബസ്വത്ത് വിറ്റ ആളായിരുന്നു പി. മാധവൻ.
തന്നിലേക്ക് തന്നെ ഒതുങ്ങുന്ന അന്തർമുഖമുള്ള ഒരു സ്വഭാവമാണ് സാനുമാഷിന്റേത്. ശ്രദ്ധിക്കാൻ വേണ്ടി എന്തും പറയുന്ന സ്വഭാവം അദ്ദേഹത്തിനില്ല.
എറണാകുളത്തെ കാരിക്കാമുറിയിലെ 'സന്ധ്യ'യിലെ മദ്ധ്യാഹ്ന സൂര്യൻ വളരെ വേഗം അസ്തമിക്കാതെ നമുക്ക് ചൂടും വെളിച്ചവും പകർന്നുതരുമെന്ന് ആശിക്കാം.